പോക്സോ കേസിൽ പ്രതിക്ക് 17.5 വർഷം കഠിന തടവ്
1376289
Wednesday, December 6, 2023 11:02 PM IST
അടൂർ: പന്ത്രണ്ടുകാരിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയയാൾക്ക് 17 വർഷവും ആറുമാസവും കഠിന തടവും 1.70 ലക്ഷം രൂപ പിഴയും. കടമ്പനാട് വടക്ക് പറമലക്കുഴി കോളനിയിൽ സുനിൽ ഭവനത്തിൽ സുനിലിനെയാണ് (41) അടൂർ അതിവേഗ സ്പെഷൽ കോടതി ജഡ്ജി എ. സമീർ ശിക്ഷിച്ചത്.
2020 ജൂണിൽ അതിജിവതയുടെ വീട്ടിൽ ആരും ഇല്ലാതിരുന്ന സമയത്ത് അടുക്കള വാതിൽ വഴി വീടിനുള്ളിൽ പ്രവേശിച്ച് പോലീസ് വരുന്നുണ്ടെന്ന് പറഞ്ഞു പേടിപ്പിച്ച് കതകടപ്പിച്ച് മുറിക്കുള്ളിലേക്ക് വലിച്ചു കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് കേസ്.
എനാത്ത് പോലീസ് സബ് ഇൻസ്പെക്ടറായിരുന്ന വിപിൻ കുമാർ രജിസ്റ്റർ ചെയ്ത കേസിൽ അടൂർ ഡിവൈഎസ്പിആയിരുന്ന ആർ. ബിനു എസ്സി എസ്ടി ആക്റ്റും കൂടി ചേർത്ത് അന്വേഷിച്ചു കോടതിയിൽ കുറ്റപത്രം നൽകി.
പിഴത്തുകയിൽനിന്നും ഒരു ലക്ഷം രൂപ അതിജീവതയ്ക്കു നൽകണമെന്നും കോടതി ഉത്തരവിൽ നിർദേശമുണ്ട്. ശിക്ഷ ഒന്നിച്ച് അഞ്ച് വർഷം അനുഭവിച്ചാൽ മതിയാകും. തുക കെട്ടിവയ്ക്കാത്തപക്ഷം മൂന്നുമാസം അധികം ശിക്ഷ അനുഭവിക്കണം. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ സ്മിതാ ജോൺ ഹാജരായി.