പിച്ചനാട്ട്-വട്ടമറ്റംപടി റോഡ് : നവകേരള സദസിൽ പ്രതീക്ഷ അർപ്പിച്ച് നാട്ടുകാർ
1376070
Tuesday, December 5, 2023 11:23 PM IST
റാന്നി: പിച്ചനാട്ട് - വട്ടമറ്റംപടി റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന ആവലാതിക്ക് നവകേരള സദസ് പരിഹാരമേകുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികൾ.
പഴവങ്ങാടി ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡായ വാകത്താനത്തെ പതിനഞ്ചോളം കുടുംബങ്ങളുടെ ഏക ആശ്രയമായ റോഡാണ് പിച്ചനാട്ട്-വട്ടമറ്റം പടി. 50 വർഷത്തിലേറെയായി പുനർനിർമാണം കാത്തു കിടക്കുകയാണ്. കോട്ടയം ജില്ലയിലെ എരുമേലി വനം റേഞ്ചിനു കീഴിലുള്ള പ്ലാച്ചേരി ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലുള്ളതാണ്. വനം വകുപ്പിന്റെ അനുമതി ലഭിക്കാത്തതായിരുന്നു നിർമാണം വൈകുന്നതിനു കാരണം.
വാർഡംഗം ജോയ്സി ചാക്കോ അന്തരിച്ച ഓയിൽ പാം ഇന്‍ഡ്യ ചെയർമാൻ എം. വി. വിദ്യാധരൻ മുഖേന വനംമന്ത്രിക്ക് നല്കിയ നിവേദനത്തിന്റെ ഫലമായി കോട്ടയം ഡിഎഫ്ഒയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ റോഡ് സന്ദർശിക്കുകയും കോൺക്രീറ്റ് ചെയ്യാൻ അനുമതി നൽകുകയും ചെയ്തിരുന്നു.
എന്നാൽ ഏകദേശം ഒരു കിലോമീറ്ററിനടുത്ത് ദൂരം വരുന്ന ഈ റോഡിനുള്ള ഫണ്ട് ലഭ്യമായിട്ടില്ല. റോഡരികിലെ കുടുംബങ്ങളിൽ ഏറെയും ക്ഷീര കർഷകരാണ്. കാൽനട പോലും ബുദ്ധി മുട്ടാണ്. സ്കൂളിൽ പോകുന്ന കുട്ടികൾ ഏറെ ദുരിതത്തിലാണ്. 17ന് റാന്നിയിൽ നടക്കുന്ന നവകേരള സദസിൽ വിഷയം അവതരിപ്പിച്ച് പരിഹാരം കണ്ടെത്താമെന്ന പ്രതീക്ഷയിലാണ് വാർഡംഗം ജോയ്സി ചാക്കോയും പ്രദേശവാസികളും.