സിപിഐ വിഭാഗീയത: ആരോപണങ്ങൾ കടുപ്പിച്ച് ശ്രീനാദേവി; സൈബർ ആക്രമണത്തിനെതിരേ കേസ്
1376068
Tuesday, December 5, 2023 11:23 PM IST
പത്തനംതിട്ട: സിപിഐ ജില്ലാ ഘടകത്തിലെ വിഭാഗീയത രൂക്ഷമായിരിക്കേ മുന്‍ ജില്ലാ സെക്രട്ടറി എ.പി. ജയനെതിരേ സംസ്ഥാന കമ്മിറ്റിക്കു പരാതി നല്കിയ ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മയ്ക്ക് അപകീര്‍ത്തികരമായ തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചാരണം നടത്തിയ രണ്ട് പേർക്കെതിരേ കേസ്.
എഐവൈഎഫ് സംസ്ഥാന കമ്മിറ്റിയംഗം കൂടിയായ ശ്രീനാദേവി കുഞ്ഞമ്മ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രസാദ് അടൂര്‍, മനോജ് വട്ടക്കാവ്, നാരങ്ങാനം എന്നിവര്‍ക്കെതിരേയാണ് സൈബര്‍ പോലീസ് കേസെടുത്തത്.
ഇവര്‍ സമൂഹമാധ്യമങ്ങളിലൂടെ കഴിഞ്ഞ രണ്ടുദിവസമായി നടത്തുന്ന പരാമര്‍ശങ്ങള്‍ അപകീര്‍ത്തികരമാണെന്നു കാട്ടിയാണ് ശ്രീനാദേവി പരാതി നല്‍കിയത്. ഫേസ്ബുക്ക് പോസ്റ്റുകളും ലൈവ് വീഡിയോയും പരാതിയോടൊപ്പം നല്‍കിയിട്ടുണ്ട്. ജില്ലാ പോലീസ് മേധാവിക്കു നല്കിയ പരാതി സൈബര്‍ സെല്ലിനു കൈമാറുകയായിരുന്നു.
ശ്രീനാദേവി കുഞ്ഞമ്മ സംസ്ഥാന കമ്മിറ്റിക്കു നല്കിയ പരാതിയാണ് എ.പി. ജയനെതിരേയുള്ള അന്വേഷണത്തിനു കാരണമായത്. അനധികൃതസ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ടായിരുന്നു പരാതി. ആറുകോടി രൂപയുടെ ഫാം ജയന് സ്വന്തമാക്കിയെന്നതായിരുന്നു പ്രധാന പരാതി.
ഇതില്‍ സംസ്ഥാന കൗണ്‍സില്‍ അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു. അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ജയന് ജില്ലാ സെക്രട്ടറി പദവിയും പാര്‍ട്ടിയിലെ ഇതര സ്ഥാനങ്ങളും നഷ്ടമായത്.
അപവാദ പ്രചാരണത്തിൽ ജയനും
തനിക്കെതിരേ മുൻ ജില്ലാ സെക്രട്ടറി എ.പി. ജയനും അപവാദ പ്രചാരണം നടത്തിയതായി ശ്രീനാദേവി കുഞ്ഞമ്മ സിപിഐ സംസ്ഥാന സെക്രട്ടറിക്കു നൽകിയ പരാതിയിൽ പറയുന്നു. ജില്ലാ പഞ്ചായത്തിലേക്കു തന്നെ മത്സരിപ്പിച്ചത് ജയനാണ്. എന്നാൽ അതിനുശേഷം തന്നിൽനിന്ന് 12 ലക്ഷം രൂപ ആവശ്യപ്പെട്ടതായി ശ്രീനാദേവിയുടെ പരാതിയിൽ പറയുന്നു.
ഇതിൽ അഞ്ചുലക്ഷം രൂപ പലപ്പോഴായി നൽകിയിട്ടുണ്ടെന്നും ബാക്കി പണത്തിനു വേണ്ടി സമ്മർദം ചെലുത്തിയിരുന്നതായും പറയുന്നു. സിപിഐയ്ക്കു ലഭിച്ച ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റു സ്ഥാനത്തേക്ക് തന്നെ പരിഗണിക്കാതിരുന്നതു പണം നൽകാത്തതിലുള്ള വിദ്വേഷം കൊണ്ടാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ജില്ലാ പഞ്ചായത്തംഗമെന്ന നിലയിൽ താൻ സജീവമല്ലെന്നും മറ്റും പ്രചാരണം നടത്തി. തനിക്കെതിരേ അപവാദ പ്രചാരണങ്ങൾ പല തലങ്ങളിൽ നടന്നതായും അവർ പരാതിയിൽ പറയുന്നു.
അനധികൃത സ്വത്ത് സന്പാദനത്തിന്റെ പേരിൽ ജയനെതിരേ താൻ പാർട്ടിയിൽ നൽകിയ പരാതിയെത്തുടർന്നു സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലാണ് പ്രചാരണമുണ്ടായതെന്നു ശ്രീനാദേവി കുറ്റപ്പെടുത്തി. താനൊരു കമ്യൂണിസ്റ്റാണെന്നും തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ വേണ്ടി കമ്യൂണിസ്റ്റായ ആളല്ല താനെന്നും ശ്രീനാദേവി പറഞ്ഞു. കമ്യൂണിസ്റ്റ് കുടുംബത്തിൽ ജനിച്ച തനിക്ക് പാർട്ടി ഭരണഘടനയെക്കുറിച്ചും പ്രവർത്തനങ്ങളെക്കുറിച്ചു ഉത്തമ ബോധ്യമുണ്ട്. പാർട്ടിക്കതീതമായി താനൊന്നും ചെയ്തിട്ടില്ലെന്നും പാർട്ടിയിൽ പരാതി നൽകാനുള്ള അവകാശം തനിക്കുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം
പള്ളിക്കല്‍ ഡിവിഷന് മെംബര്‍ കൂടിയായ ശ്രീനാദേവിക്ക് എല്‍ഡിഎഫ് ധാരണ പ്രകാരം ജനുവരി മുതല്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ലഭിക്കണമെന്നിരിക്കേ അതിനെ തടയിടാനുള്ള നീക്കവും പാര്‍ട്ടിയിലുണ്ട്. നിലവിലെ പ്രസിഡന്റ്് ഓമല്ലൂര്‍ ശങ്കരന് സ്ഥാനം ഒഴിയുന്നതോടെ സിപിഐയ്ക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റു സ്ഥാനം ലഭിക്കേണ്ടതാണ്.
ഇതു ശ്രീനാദേവിക്കു നല്‍കണമെന്ന നിര്‍ദേശം നേരത്തെയുണ്ട്. എന്നാല്‍ സിപിഐയുടെമറ്റൊരു അംഗമായ രാജി പി. രാജപ്പനു പ്രസിഡന്റ് സ്ഥാനം നല്‍കണമെന്നാവശ്യം ജയന് അനുകൂലികള്‍ ഉയര്‍ത്തുന്നുണ്ട്. ഇത്തവണ കേരള കോൺഗ്രസ് -എമ്മിനു പ്രസിഡന്റു സ്ഥാനം നൽകി, അടുത്തവർഷം സിപിഐ എടുത്താൽ മതിയെന്ന നിർദേശവും ഉണ്ടായിട്ടുണ്ട്.
ജയനെ മാറ്റിയതിനെത്തുടര്‍ന്നു ജില്ലാ സെക്രട്ടറിയുടെ ചുമതല നല്‍കിയിരിക്കുന്ന സംസ്ഥാന കൗണ്‍സില്‍ അംഗം മുല്ലക്കര രത്നാകരനാണ്. വിഭാഗീയത ശക്തമായിരിക്കേ സംസ്ഥാന തലത്തിൽ നിന്നുള്ള ഇടപെടൽ ഇനി ജില്ലാ ഘടകത്തിൽ ഉണ്ടായിട്ടില്ല.