ഇടയാറന്മുള പി.ഒ: വനിതകള്‍ മാത്രം ഇവിടെ ജോലിക്കാര്‍
1376067
Tuesday, December 5, 2023 11:23 PM IST
കോഴഞ്ചേരി: ഇടയാറന്മുളയിലേത് സമ്പൂര്‍ണ വനിതാ തപാല്‍ ഓഫീസ്. ഇവിടെ ജോലി ചെയ്യുന്നവരെല്ലാം സ്ത്രീകളാണ്. മാവേലിക്കര-കോഴഞ്ചേരി (എംകെ റോഡില്‍) ഇടയാറന്മുള ജംഗ്ഷനിലാണ് വനിത തപാല്‍ ഓഫീസ്.
സ്ത്രീശാക്തീകരണം ലക്ഷ്യമിട്ട് അവരുടെ സാമൂഹിക പ്രതിബദ്ധത വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ കേന്ദ്രസര്‍ക്കാര്‍ ആവിഷ്കരിച്ചു ഇന്ത്യന്‍ പോസ്റ്റല്‍ സര്‍വീസ് മുഖേന നടപ്പിലാക്കുന്ന പദ്ധതിയാണ് സമ്പൂര്‍ണ വനിതാ തപാല്‍ ഓഫീസ്. പത്തനംതിട്ട ജില്ലയിലെ ഏക വനിതാ തപാല്‍ ഓഫീസാണ് ഇടയാറന്മുളയിലേത്. നാരങ്ങാനം സ്വദേശിയായ ടി.കെ. ഗീതയാണ് പോസ്റ്റ്മിസ്ട്രസ്. രണ്ട് പോസ്റ്റ് വുമണ്‍മാര്‍, ഒരു പോസ്റ്റല്‍ അസിസ്റ്റന്റ്, ഒരു പായ്ക്കര്‍ ഉള്‍പ്പെടെ അഞ്ച് സ്ത്രീകള്‍ ഇവിടെ ജോലി നോക്കുന്നുണ്ട്. തപാല്‍ വകുപ്പുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളും ഇവിടെ നടക്കുന്നുണ്ട്.
പോസ്റ്റല്‍ പേമെന്റ്, എറ്റിഎം, പോസ്റ്റല്‍ ഇന്‍ഷ്വറന്‍സ്, പാഴ്സല്‍ സര്‍വീസ് തുടങ്ങി എല്ലാ പ്രവര്‍ത്തനങ്ങളും ഇപോസ്റ്റ് ഓഫീസ് കേന്ദ്രീകരിച്ചുണ്ട്. തിരുവല്ല ഡിവിഷന്റെ ഏറ്റവും മികച്ച പോസ്റ്റ് ഓഫീസിനുള്ള ബഹുമതിയും ഈ സബ് പോസ്റ്റ് ഓഫീസിനു ലഭിച്ചിട്ടുണ്ട്. സംസ്ഥാനത്തെ വിവിധ പോസ്റ്റ് ഓഫീസുകളിലും പോസ്റ്റല്‍ ഹെഡ് ഓഫീസുകളിലും ജോലി ചെയ്തിട്ടുള്ള സമര്‍ഥരായ വനിതകളാണ് ഇടയാറന്മുള പോസ്റ്റ് ഓഫീസ് ജീവനക്കാര്‍. സാധാരണ പോസ്റ്റ് ഓഫീസ് സേവനങ്ങള്‍ക്കപ്പുറം ഒരു ഷെഡ്യൂള്‍ഡ്, നാഷണലൈസ്ഡ് ബാങ്കില്‍ നല്കുന്ന എല്ലാ സേവനങ്ങളും ഇടയാറന്മുള തപാല്‍ ഓഫീസില്‍നിന്നു ലഭ്യമാകുന്നുണ്ടെന്ന് ഉപഭോക്താക്കള്‍ പറയുന്നു.
സര്‍വീസ് പെന്ഷന് ഉള്‍പ്പെടെയുള്ളവ ട്രഷറിയില്‍നിന്നും ഇടയാറന്മുള പോസ്റ്റ് ഓഫീസിന്റെ ഏരിയായില്‍ താമസിക്കുന്നവര്‍ക്ക് കൃത്യസമയത്ത് മണിയോര്‍ഡറായി എത്തിക്കുന്നതിന് പ്രത്യേക ജാഗ്രതയാണ് വനിതാ ജീവനക്കാര്‍ കാട്ടുന്നത്. ജീവനക്കാര്‍ക്ക് മതിയായ ബഹുമാനവും കരുതലും ജീവനക്കാര്‍ക്ക് സമൂഹത്തില്‍നിന്നും ലഭിക്കുന്നുണ്ടെന്ന് ജീവനക്കാര്‍ പറഞ്ഞു.
രണ്ടാംനിലയിലുള്ള പോസ്റ്റ് ഓഫീസിലേക്ക് കയറുന്ന പ്രവേശനകവാടത്തില്‍ സ്വാഗതം എന്ന ബോര്‍ഡ് ഹിന്ദിയിലും ഇംഗ്ലീഷിലും മലയാളത്തിലുമായി സ്ഥാപിച്ചിട്ടുണ്ട്.