കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഗൃഹനാഥനു പരിക്ക്
1376063
Tuesday, December 5, 2023 11:23 PM IST
കോഴഞ്ചേരി: വീട്ടുമുറ്റത്ത് കാട്ടുപന്നിയുടെ ആക്രമണം. ഗൃഹനാഥന് ഗുരുതര പരിക്ക്.
പുറമറ്റം പഞ്ചായത്തിലെ രണ്ടാംവാര്ഡില്പെട്ട കവുംങ്ങുംപ്രയാര്‍ - ചെറുതോടത്ത് വര്‍ഗീസ് ഉമ്മനാണ് (മോനായി - 48) പന്നിയുടെ ആക്രമണത്തില്‍ കാലിന് ഗുരുതരമായി പരിക്കേറ്റത്. തിങ്കളാഴ്ച രാത്രി 10.30ന് വളര്‍ത്തു നായയുടെ കുരകേട്ട് മുറ്റത്തേക്ക് ഇറങ്ങിയപ്പോഴാണ് പന്നി ഇടിച്ചുവീഴ്ത്തി ആക്രമിച്ചത്. വീഴ്ചയില്‍ വലതുകാലിന് പൊട്ടലും മുറിവുമുണ്ട്. കുഞ്ഞുങ്ങളടക്കം പതിനഞ്ചിലേറെ പന്നികള്‍ കൂട്ടമായാണ് എത്തിയതെന്ന് മോനായി പറഞ്ഞു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ വിദഗ്ധ പരിചരണത്തിലാണ് വര്‍ഗീസ് ഉമ്മന്‍.
കാര്‍ഷിക ഗ്രാമമായ പുറമറ്റം പഞ്ചായത്തിലെ വിളകള്‍ പന്നിക്കൂട്ടം നശിപ്പിച്ചിരിക്കുകയാണ്. പഞ്ചായത്തിന്റെ എല്ലാ പ്രദേശങ്ങളിലും പന്നികളുടെ ശല്യം ഏറെയാണെങ്കിലും അധികൃതരുടെ ഭാഗത്തുനിന്ന് ഒരു നടപടിയും ഉണ്ടാകുന്നില്ലെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തി.