നാലു ദിനരാത്രങ്ങൾ മൈലപ്രയ്ക്ക് കലാമാമാങ്കം
1376062
Tuesday, December 5, 2023 11:23 PM IST
പത്തനംതിട്ട: റവന്യൂ ജില്ലാ സ്കൂൾ കലോത്സവം ഇന്നു മുതൽ. ഇനിയുള്ള നാല് ദിനരാത്രങ്ങൾ മൈലപ്രയിൽ കലയുടെ കേളികൊട്ട്.
സ്കൂൾ കലോത്സവം, സംസ്കൃതോത്സവം, അറബിക് കലോത്സവം എന്നിവയിലായി ജില്ലയിലെ 11 ഉപജില്ലകളിൽനിന്നും ഒന്നാംസ്ഥാനം നേടിയ അയായിരത്തോളം പ്രതിഭകളാണ് വേദികളിലെത്തുന്നത്. 11 വേദികളിലായാണ് മത്സരം.
ഉദ്ഘാടന സമ്മേളനത്തേ തുടർന്ന് മത്സരങ്ങൾക്കു തുടക്കമാകും. പത്തനംതിട്ട മാർത്തോമ്മ ഹയർ സെക്കൻഡറി സ്കൂൾ മൈതാനിയിൽ 9.30ന് ബാൻഡ്മേളം മത്സരവും അരങ്ങേറും. രചനാ മത്സരങ്ങൾ അതാത് വേദികളിൽ രാവിലെ പത്തിന് ആരംഭിക്കുമെന്നും പ്രോഗ്രാം കമ്മിറ്റി അറിയിച്ചിട്ടുണ്ട്.
ഓരോ ദിവസവും നിശ്ചയിച്ചിട്ടുള്ള മത്സരങ്ങൾ അതേ വേദികളിൽ പൂർത്തീകരിക്കാനാണ് ശ്രമം. സമയക്ലിപ്തത പാലിച്ച് രാത്രി അധികം വൈകുന്നതിനു മുന്പായി അതാത് ദിവസത്തെ ഇനങ്ങൾ പൂർത്തീകരിക്കാനാണ് ശ്രമം.
വ്യത്യസ്തമാം വേദികൾ
കൂട്ടു മുതൽ സൗമ്യം വരെ
ജില്ലാ സ്കൂൾ കലോത്സവത്തിന്റെ വേദികൾ പേരുകൊണ്ട് ശ്രദ്ധേയമാണ്. സാധാരണ നിലയിൽ കലാ സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരുടെ പേരുകളിലാകും വേദികൾ അറിയപ്പെടുകയെങ്കിൽ മൈലപ്രയിലെ വേദികൾ പേരുകൊണ്ട് വ്യത്യസ്തത പുലർത്താൻ ശ്രമിച്ചിരിക്കുകയാണ്. പ്രോഗ്രാം കമ്മിറ്റിയുടെ നിർദേശപ്രകാരമാണ് ഇത്തരത്തിൽ പേരുകൾ നിശ്ചയിച്ചതെന്ന് കൺവീനർ ഫ്രെഡി ഉമ്മൻ പറഞ്ഞു.
പ്രധാന വേദിയായ മൈലപ്ര മൗണ്ട് ബഥനി സ്കൂൾ ഗ്രൗണ്ടിലെ പന്തൽ 'കൂട്ട്" എന്ന പേരിൽ അറിയപ്പെടും. രണ്ടാം വേദി മൈലപ്ര മൗണ്ട് ബഥനി ഓപ്പൺ ഓഡിറ്റോറിയം "കരുതൽ" എന്ന പേരിലായിരിക്കും.
മൂന്നാം വേദി കുന്പഴ വടക്ക് ശാലേം മാർത്തോമ്മ ഓഡിറ്റോറിയത്തിന് "പുഞ്ചിരി" എന്ന പേരാണ് നൽകിയിരിക്കുന്നത്. നാലാം വേദി കുന്പഴ വടക്ക് എസ്എൻവി യുപിഎസിന് "കുട്ടിത്തം" എന്ന പേരു നൽകിയിരിക്കുന്നു.
അഞ്ചാം വേദി മൈലപ്ര സെന്റ് ജോർജ് ഓർത്തഡോക്സ് ചർച്ച് മിനി ഓഡിറ്റോറിയം "നന്മ" എന്നും ആറാം വേദി മൈലപ്ര എസ്എച്ച് ഹയർ സെക്കൻഡറി ഓഡിറ്റോറിയം 'സൗഹൃദം' എന്ന പേരിലും ഏഴാം വേദി മൈലപ്ര എംഎസ് സി എൽപിഎസ് "ലാളിത്യം" എന്നും എട്ടാം വേദി എസ്എച്ച് ഹൈസ്കൂൾ രണ്ടാംനിലയിലെ ഹാൾ 'ഒരുമ" എന്ന പേരിലും എസ്എച്ച് ടിടിഐ ഹാൾ 'സ്നേഹം" എന്നുമാണ് അറിയപ്പെടുക. പത്താം വേദി മൈലപ്ര എൻഎം എൽപിഎസിന് 'കനിവ്' എന്ന പേര് നൽകിയിട്ടുണ്ട്.
പതിനൊന്നാം വേദിയായ മൈലപ്ര എസ്എച്ച് എച്ച്എസ്എസ് താഴത്തെ നിലയിലെ ഹാളിന് 'സൗമ്യം' എന്ന പേരാണ് നൽകിയിരിക്കുന്നത്.
ഗതാഗത നിയന്ത്രണത്തിന്
കുട്ടിപ്പോലീസ്
തിരക്കേറിയ പിഎം റോഡരികിലാണ് കലോത്സവ വേദികളെന്നതിനാൽ വാഹനയാത്ര സുഗമമാക്കാനും കാൽനടക്കാർക്ക് സുരക്ഷിതമായി സഞ്ചരിക്കാനുമായി കുട്ടിപ്പോലീസ് ഇന്നു മുതൽ സജ്ജരാകും. എസ്പിസി, എൻസിസി, സ്കൗട്ട്സ് കുട്ടികൾക്കാണ് പ്രധാനമായും ഗതാഗത നിയന്ത്രണത്തിന്റെ ചുമതല. ഇവരെ സഹായിക്കാൻ പോലീസ് ഉണ്ടാകും. മൈലപ്ര ജംഗ്ഷൻ, പള്ളിപ്പടി, മൗണ്ട് ബഥനി സ്കൂൾ ജംഗ്ഷൻ എന്നിവിടങ്ങളിലേക്ക് കൂടുതൽ പോലീസിനെ നിയോഗിച്ചിട്ടുണ്ട്.
വാഹനങ്ങളുടെ പാർക്കിംഗ് മൈലപ്ര തിരുഹൃദയ പള്ളി ഗ്രൗണ്ടിലായിരിക്കും. പ്രധാന വേദിയുടെ റോഡിലേക്ക് വാഹനഗതാഗതം അനുവദിക്കില്ല.
മണ്ഡലകാലമായതിനാൽ റോഡിലെ തിരക്ക് കണക്കിലെടുത്ത് കാൽനട യാത്രയും മറ്റും കൂടുതൽ ജാഗ്രതയോടെ വേണമെന്ന് പോലീസ് നിർദേശിച്ചു.
പിഎം റോഡിൽ അപകടങ്ങൾ പെരുകുന്ന സാഹചര്യത്തിൽ പോലീസ് സുരക്ഷ ശക്തമാക്കണമെന്ന് മൈലപ്ര ഗ്രാമപഞ്ചായത്തംഗം റെജി ഏബ്രഹാം ആവശ്യപ്പെട്ടു.
പ്രധാന വേദികളോടു ചേർന്ന് മെഡിക്കൽ, അഗ്്നിരക്ഷാ സേന സംഘങ്ങളുടെ സേവനം ഉണ്ടാകും.
ഭക്ഷണശാല സെന്റ് ജോർജ്
ഓഡിറ്റോറിയത്തിൽ
കലോത്സവത്തിന്റെ ഭക്ഷണശാല മൈലപ്ര സെന്റ് ജോർജ് ഓഡിറ്റോറിയത്തിൽ. മത്സരാർഥികൾക്കും വിധികർത്താക്കൾക്കും സംഘാടകർക്കും ഭക്ഷണം ക്രമീകരിക്കും. ഭക്ഷണശാലയിൽ ഇന്നലെ പാചകം ആരംഭിച്ചു. വൈകുന്നേരം അടുപ്പിൽ തീ പകർന്ന് പാൽ കാച്ചൽ ചടങ്ങ് നടന്നു.
വേദികളിൽ ഇന്ന്
വേദി ഒന്ന് - രാവിലെ 9.30ന് ഉദ്ഘാടന സമ്മേളനം.
മത്സരങ്ങൾ - മാർഗം കളി, പരിചമുട്ടുകളി, ചവിട്ടു നാടകം.
വേദി രണ്ട് - നാടകം (എച്ച്എസ്, എച്ച്എസ്എസ്).
വേദി മൂന്ന് - ഭരതനാട്യം (യുപി, എച്ച്എസ്, എച്ച്എസ്എസ്).
വേദി നാല് - ഉപകരണ സംഗീതം - വയലിൻ (പാശ്ചാത്യം),
ഗിത്താർ, ബ്ലൂഗിൾ / ക്ലാർനെറ്റ്, ട്രിപ്പിൾ/ ജാസ്. വേദി അഞ്ച് - ശാസ്ത്രീയസംഗീതം (യുപി, എച്ച്എസ്, എച്ച്എസ്എസ്).
വേദി ആറ് - ചിത്രരചന (പെൻസിൽ, വാട്ടർ കളർ). വേദി ഏഴ് - ഉപന്യാസം (മലയാളം, ഇംഗ്ലീഷ്, ഹിന്ദി). കഥാരചന, കവിതാ
രചന. വേദി എട്ട് - സംസ്കൃതോത്സവം രചനാ മത്സരങ്ങൾ,
പ്രശ്നോത്തരി (സംസ്കൃതം). വേദി ഒന്പത് - അറബി, ഉറുദു,
കന്നഡ, തമിഴ് രചനകൾ. അറബി ക്വിസ്, ഉറുദു ക്വിസ്.
വേദി പത്ത് - കന്നഡ പദ്യം ചൊല്ലൽ, കന്നഡ പ്രസംഗം.
മാർത്തോമ്മ എച്ച്എസ്എസ് ഗ്രൗണ്ട് രാവിലെ 9.30ന്.
ബാൻഡുമേളം (എച്ച്എസ്, എച്ച്എസ്എസ്).