പ്രഭാത സഞ്ചാരികളുടെ പറുദീസ തുറന്നു
1376061
Tuesday, December 5, 2023 11:23 PM IST
മല്ലപ്പള്ളി: പഞ്ചായത്തിലെ എസ്എൻഡിപി പടി - പുഞ്ച റോഡ് മാലിന്യവിമുക്തമാക്കി തുറന്നു നൽകിയപ്പോൾ പേരിലുമൊരു വ്യത്യസ്തത. പ്രഭാത സഞ്ചാരികളുടെ പറുദീസ എന്ന പേരിലാണ് തുറന്നത്. നാട്ടുകാരനായ ഡോ. ഭക്തി പി. ജോസഫിന്റെ നേതൃത്വത്തിലാണ് റോഡ് നവീകരിച്ച് പുതിയ പേരു നൽകിയത്.
ജനകീയ കൂട്ടായ്മയിലൂടെ റോഡ് മാലിന്യ വിമുക്തമാക്കിയശേഷമാണ് ഡോ. ഭക്തി ആ പേര് റോഡിന് ഇട്ടത്. മല്ലപ്പള്ളിയിലെ പ്രഭാത സഞ്ചാരികൾക്ക് സുരക്ഷിതമായ ഒരു യാത്രയാണ് ലക്ഷ്യം.
നവീകരിച്ച റോഡ് കീഴ് വായ്പൂര് എസ്ഐ വിപിൻ ഗോപിനാഥ് തുറന്നു നൽകി. റോഡരികിൽ വൃക്ഷത്തൈ നടുന്നതിന്റെ ഉദ്ഘാടനം ജിജു വൈക്കത്തുശേരി നിർവഹിച്ചു.
ചടങ്ങിൽ ഡോ. ഭക്തി പി. ജോസഫ് അധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി സമിതി മല്ലപ്പള്ളി ഏരിയാ സെക്രട്ടറി ആന്റിച്ചൻ , തിരുമാലിട മഹാദേവ ക്ഷേത്രം പ്രസിഡന്റ് എസ്. മനോജ് , അഡീഷണൽ എസ്ഐ മനോജ് , സീനിയർ സിവിൽ പോലീസ് ഓഫീസർ പി. എച്ച്. അൻസിം, ലിജു മല്ലപ്പള്ളി , ലാലു ചവണിക്കാ മണ്ണിൽ, കെ. പി. ശെൽവകുമാർ, സാബു രാഘവൻ, പി. വി. ഷാജി , തോമസ് കൊല്ലറകുഴി, ഭാജി ജോസഫ് , ജോസഫ് കൂടത്തു മുറിയിൽ എന്നിവർ പ്രസംഗിച്ചു.
മല്ലപ്പള്ളിക്കാർക്ക് ശുദ്ധവായു ശ്വസിച്ചുകൊണ്ട് തെരുവ് നായകളുടെയും സാമൂഹികവിരുദ്ധരുടെയും ശല്യമില്ലാതെ പ്രകൃതിയുടെ മനോഹരിത ആസ്വദിച്ചുകൊണ്ട് പ്രഭാതസവാരിക്ക് ഈ റോഡിനെ സജമാക്കിയത് പരിസ്ഥിതി, മനുഷ്യാവകാശ പ്രവർത്തകനായ ഡോ. ഭക്തി ജോസഫിന്റെ നേതൃത്വത്തിലുള്ള ജനകീയ കൂട്ടയ്മയാണ്. സഞ്ചാരികൾക്ക് കുടിക്കുവാൻ ശുദ്ധജലവും ഈ വഴിയിൽ ഉടൻ ലഭ്യമാക്കുന്നുണ്ട്.
റോഡ് രാപകൽ കാമറ നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്. കല്ലൂപ്പാറ എൻജിനിയറിംഗ് കോളജിലെ വിദ്യാർഥികളാണ് കാമറ സ്ഥാപിക്കുന്നത്.
പോലീസ് പട്രോളിഗും സ്ഥിരമായി ഉണ്ടാകും. നേരത്തേ തന്നെ പ്രഭാത സവാരികകാരുടെ ഇഷ്ട പാതയായിരുന്നുവെങ്കിലും എസ്എൻഡിപി പടി - പുഞ്ച റോഡ് മല്ലപ്പള്ളി പഞ്ചായത്തിലെ മുഴുവൻ മാലിന്യങ്ങളും തള്ളുന്ന ഒരിടമായിരുന്നു.
ടൺ കണക്കിന് മാലിന്യം ഈ റോഡിന്റെ ഇരുവശത്തും ഉണ്ടായിരുന്നു. ഇതെല്ലാം വാരി മാറ്റി റോഡ് വൃത്തിയാക്കുകയായിരുനവ്നു. റോഡരികിൽ ചെടികൾ , ഔഷധ സസ്യങ്ങൾ, മരങ്ങൾ എന്നിവ നട്ടു പിടിപ്പിക്കുകയും ചെയ്തു. ഏക്കർ കണക്കിനുള്ള മഞ്ഞത്താനം പുഞ്ചയുടെ അരികിൽ കൂടിയുള്ള ഈ റോഡിന്റെ വശങ്ങൾ പ്രഭാത സവാരിക്കാർക്ക് വിശ്രമിക്കുവാനും വൈകുന്നേരങ്ങളിൽ കാഴ്ചകൾ ആസ്വദിക്കാനും കഴിയുന്ന ക്രമീകരണങ്ങൾ ചെയ്തുവരികയാണ്.