ബിഎസ്എൻഎൽ ടവർ നിർമാണം നിലച്ചു; ഗവി ഇപ്പോഴും പരിധിക്കു പുറത്ത്
1375869
Tuesday, December 5, 2023 12:26 AM IST
പത്തനംതിട്ട: കേന്ദ്ര സർക്കാരിന്റെ പ്രത്യേക പദ്ധതിയിൽ ഗവിയിലേക്ക് അനുവദിച്ച ബിഎസ്എൻഎൽ ടവറിന്റെ നിർമാണം നിലച്ചു.
വനമേഖലയിൽ ഒറ്റപ്പെട്ടു നിൽക്കുന്ന ഗവിയിലേക്കുള്ള സഞ്ചാരികളുടെ ഒഴുക്ക് വർധിച്ചതോടെയാണ് മൊബൈൽ കവറേജിനും ഇന്റർനെറ്റിനുമായി ഗവിയിൽ ടവർ നിർമാണത്തിന് അനുമതി ലഭിച്ചത്. മിനാർ ഇക്കോ ടൂറിസത്തിന് സമീപം ടവറിന്റെ നിർമാണം ഏറെക്കുറെ പൂർത്തിയായപ്പോഴാണ് പണി അവസാനിപ്പിച്ച് തൊഴിലാളികൾ മടങ്ങിയത്.
ജൂലൈയിൽ ആരംഭിച്ച പണികൾ ഒക്ടോബർ അവസാനം നിലച്ചു.ആദ്യഘട്ടം ബിഎസ്എൻഎൽ 2ജി, 3ജി സംവിധാനങ്ങളും ആറ് മാസത്തിനുള്ളിൽ 4ജിയും ലഭ്യമാക്കുമെന്നായിരുന്നു ടവർ നിർമാണവുമായി ബന്ധപ്പെട്ട് നൽകിയിരുന്ന ഉറപ്പ്. അഞ്ച് കിലോമീറ്റർ ചുറ്റളവിൽ പൊന്നമ്പലമേട്ടിൽ ഉൾപ്പെടെ മൊബൈൽ കവറേജും ഇന്റർനെറ്റും ലഭിക്കുന്ന തരത്തിലാണ് ടവർ നിർമാണം നടത്തിവന്നത്.
സാങ്കേതിക
ജോലികൾ ബാക്കി
ഇലക്ട്രിക്, സോളാർ പാനൽ, ബൂസ്റ്റർ എന്നിവ സ്ഥാപിക്കുന്ന ജോലികളാണ് ബാക്കിയുള്ളത്. തൊഴിലാളികൾ മൂഴിയാറിലെയും പത്തനംതിട്ടയിലെയും ടവറുകളുടെ നിർമാണത്തിലാണ് ഇപ്പോൾ.
ഏറെ വർഷങ്ങളായുള്ള ഗവി നിവാസികളുടെ സ്വപ്നമാണ് മൊബൈൽ പരിധിക്കുള്ളിലാകുകയെന്നുള്ളത്. വിദേശികളും സ്വദേശികളുമായ നിരവധി സഞ്ചാരികൾ പ്രതിദിനം എത്തുന്ന ഗവി മേഖലയിൽ അടിയന്തരഘട്ടങ്ങളിൽപോലും പുറംലോകവുമായി ബന്ധപ്പെടാൻ നിർവാഹമില്ലാത്ത സ്ഥിതിയാണ്.
കൊച്ചുപന്പ, പച്ചക്കാനം മേഖലയിലും നാമമാത്രമായ റേഞ്ച് ചില മൊബൈൽ കന്പനികൾക്കു മാത്രമുണ്ട്. കൊച്ചുപന്പ കെഎസ്ഇബി സബ് സ്റ്റേഷനിൽ സ്ഥാപിച്ചിട്ടുള്ള ദുരപരിധി കുറഞ്ഞ ടവറിൽനിന്നാണ് ഈ മേഖലയിൽ റേഞ്ച് ലഭിച്ചുവരുന്നത്. ഗവിയിൽ അതുമില്ലാത്ത സ്ഥിതിയാണ്.
പെരിയാർ ടൈഗർ റിസർവ് വനഭൂമിയായതിനാൽ സ്വകാര്യ മൊബൈൽ കമ്പനികളുടെ ടവർ സ്ഥാപിക്കാൻ അനുമതിയില്ല. ഗവിയിൽ മൊബൈൽ കവറേജ് ലഭ്യമാക്കുന്നതിന് ടെലിഫോൺ അഡ്വൈസറി കമ്മിറ്റിയിൽ ആന്റോ ആന്റണി എംപി ആവശ്യം ഉന്നയിച്ചതിനേതുടർന്നാണ് ടവർ നിർമാണം തുടങ്ങിയത്.
ഒറ്റപ്പെട്ടുപോകുന്ന
ജീവിതം
മൊബൈൽ കവറേജും ഇന്റർനെറ്റും ഇല്ലാത്തതിന്റെ ദുരിതം കോവിഡ് കാലത്താണ് ഗവി നിവാസികൾ ഏറെ അനുഭവിച്ചത്. വാഹന ഗതാഗതം നിർത്തിയതിനാൽ ഗവിയിൽ താമസിക്കുന്നവർ ഒറ്റപ്പെട്ടു. വിദ്യാർഥികളുടെ പഠനവും മുടങ്ങി. റേഞ്ച് തേടി വന്യമൃഗങ്ങൾ അധിവസിക്കുന്ന മലകളുടെ മുകളിൽ വിദ്യാർഥികൾക്ക് കയറേണ്ടി വന്നു.
ഗവി യാത്രയിൽ വാഹനങ്ങൾക്കു തകരാർ സംഭവിച്ചാൽ വിളിച്ച് അറിയിക്കാൻ പോലും മാർഗമില്ല. ഗവി ട്രൈബൽ സ്കൂളിൽ ഇതേവരെ ഇന്റർനെറ്റ് സൗകര്യം ലഭ്യമായിട്ടില്ല. സ്കൂളുമായി ബന്ധപ്പെട്ട ദൈനംദിന വിവരങ്ങളും അധ്യാപകരുടെ ശന്പളം മാറലുമൊക്കെ ഇപ്പോഴും ഇന്റർനെറ്റ് സഹായത്തോടെ നൽകാനാകുന്നില്ല.
അടിയന്തര ആവശ്യങ്ങൾക്ക് ആംബുലൻസ് ലഭിക്കണമെങ്കിൽ ഗവിയിൽനിന്ന് കിലോമീറ്ററുകൾ അകലെ പച്ചക്കാനത്ത് എത്തണം. ഇവിടെയും നേരിയതോതിലാണ് റേഞ്ചുണ്ടാകുക.