ജില്ലാ സ്കൂൾ കലോത്സവത്തിനു നാളെ തിരി തെളിയും
1375864
Tuesday, December 5, 2023 12:26 AM IST
പത്തനംതിട്ട: റവന്യു ജില്ലാ സ്കൂൾ കലോത്സവത്തിന് നാളെ തിരിതെളിയും. മൈലപ്ര മൗണ്ട് ബഥനി ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്കൂളാണ് മുഖ്യവേദി. കലോത്സവത്തിന്റെ രജിസ്ട്രേഷൻ ഇന്നാരംഭിക്കും. നാളെ മുതൽ ഒന്പതുവരെ 11 വേദികളിലായാണ് മത്സരങ്ങൾ.
എസ്എച്ച് എച്ച്എസ്എസ്, എസ്എൻവി യുപി സ്കൂൾ കുമ്പഴ വടക്ക്, എസ്എച്ച് ടിടിഐ മൈലപ്ര, എംഎസ്സി എൽപിഎസ്, എൻഎം എൽപിഎസ് എന്നിവിടങ്ങളിലാണ് മത്സരവേദികൾ ഒരുങ്ങുന്നത്.
11 ഉപജില്ലകളിലെ മത്സരങ്ങളിൽ ഒന്നാം സ്ഥാനം എ ഗ്രേഡ് നേടിയ കുട്ടികളാണ് ജില്ലാതല മത്സരത്തിനെത്തുന്നത്. അയ്യായിരത്തോളം കലാപ്രതിഭകൾ മാറ്റുരയ്ക്കും. യുപി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി 160 ഓളം ഇനങ്ങളിൽ മത്സരം ഉണ്ടാകും. കൂടാതെ സംസ്കൃതോത്സവം, അറബി കലോത്സവങ്ങളും ഇതോടൊപ്പം നടക്കും.
നാളെ രാവിലെ ഒന്പതിന് പത്തനംതിട്ട വിദ്യാഭ്യാസ ഉപഡയറക്ടർ വി. രാജു പതാക ഉയർത്തും. പത്തിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരന്റെ അധ്യക്ഷതയിൽ കെ.യു. ജനീഷ് കുമാർ എംഎൽഎ സമ്മേളനം ഉദ്ഘാടനം ചെയ്യും. പ്രമോദ് നാരായൺ എംഎൽഎ മുഖ്യപ്രഭാഷണം നടത്തും. കേരള സാഹിത്യ അക്കാഡമി അവാർഡ് ജേതാവ് ജേക്കബ് ഏബ്രഹാം കലാമേള ഉദ്ഘാടനവും ജില്ലാ കളക്ടർ എ. ഷിബു സുവനീർ പ്രകാശനവും നിർവഹിക്കും.
പത്തനംതിട്ട മുനിസിപ്പൽ ചെയർമാൻ ടി. സക്കീർ ഹുസൈൻ ലോഗാ തയാറാക്കിയ കലഞ്ഞൂർ ഗവൺമെന്റ് എച്ച്എസ്എസിലെ വിദ്യാർഥി അശ്വിൻ എസ്. കുമാറിന് ഉപഹാരം നൽകും. ഒന്പതിന് വൈകുന്നേരം ആറിന് സമാപന സമ്മേളനം ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്യും. കലോത്സവത്തിന്റെ ഭക്ഷണശാല മൈലപ്ര സെന്റ് ജോർജ് പള്ളിയുടെ ഓഡിറ്റോറിയത്തിലാണ് ക്രമീകരിക്കുന്നത്. വിധി നിർണയം കുറ്റമറ്റതാക്കുന്നതടക്കമുള്ള ക്രമീകരണങ്ങൾ നടത്തിയിട്ടുണ്ടെന്ന് വിദ്യാഭ്യാസ ഉപഡയറക്ടർ വി. രാജു പറഞ്ഞു. സ്റ്റേജ് ഇനങ്ങൾ റെക്കോർഡ് ചെയ്യുന്നതിനുള്ള സൗകര്യം ഉണ്ടാകും. അപ്പീലുകൾ മത്സരഫലം വന്ന് ഒരു മണിക്കൂറിനകം 1500 രൂപ അടച്ച് നൽകണം.
പബ്ലിസിറ്റി കൺവീനർ ടി.എച്ച്. ഹാഷിം, പ്രോഗ്രാം കൺവീനർ ഫ്രെഡി ഉമ്മൻ, റെജി ചാക്കോ, കെ.എം. ഹബീബ്, റോയി വർഗീസ്, സജി അലക്സാണ്ടർ, റെജി ഏബ്രഹാം എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
ബാൻഡുമേളം
മാർത്തോമ്മ എച്ച്എസ്എസിൽ
പത്തനംതിട്ട: റവന്യു ജില്ലാ കലോത്സവത്തോടനുബന്ധിച്ച ബാൻഡുമേളം പത്തനംതിട്ട മാർത്തോമ്മ എച്ച്എസ്എസ് ഗ്രൗണ്ടിൽ നടക്കും. നാളെ രാവിലെ ഒന്പതിന് മത്സരം ആരംഭിക്കുമെന്ന് പ്രോഗ്രാം കൺവീനർ ഫ്രെഡി ഉമ്മൻ അറിയിച്ചു.
ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങൾക്ക് പ്രത്യേകം മത്സരങ്ങളുണ്ടാകും. കലോത്സവത്തിന്റെ ഉദ്ഘാടന സമ്മേളനത്തിനുശേഷമാകും ഇതര വേദികളിലെ മത്സരങ്ങൾ ആരംഭിക്കുന്നത്. രചനാമത്സരങ്ങളും നാളെയാണ് ക്രമീകരിച്ചിരിക്കുന്നത്. കലോത്സവം രജിസ്ട്രേഷൻ നടപടികൾ ഇന്നു രാവിലെ 10.30ന് മൗണ്ട് ബഥനി ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിക്കും. ഉപജില്ലാ കൺവീനർമാർ കൃത്യസമയത്ത് എത്തി രജിസ്ട്രേഷൻ പൂർത്തീകരിക്കണമെന്ന് ഡിഡിഇ അറിയിച്ചു.