പിഎസ്സി നിയമന ഉത്തരവ് വാട്സ് ആപ്പിലൂടെ; കുറ്റക്കാര്‍ക്കെതിരായ നടപടി മരവിപ്പിച്ചു
1375615
Monday, December 4, 2023 12:23 AM IST
പത്തനംതിട്ട: പിഎസ്സി എല്‍ഡി ക്ലാര്‍ക്ക് നിയമന ഉത്തരവ് കളക്ടറേറ്റിലെ രഹസ്യ വിഭാഗത്തില്‍നിന്ന് ചോര്‍ത്തി ഉദ്യോഗാര്‍ഥികള്‍ക്ക് വാട്സ്ആപ്പിലൂടെ നല്കി ജോലിയില്‍ പ്രവേശിപ്പിച്ച സംഭവത്തില്‍ കുറ്റക്കാരായ നാല് ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടി അട്ടിമറിച്ചു.
കഴിഞ്ഞ വര്‍ഷമാണ് വിവാദമായ ചോര്‍ത്തല്‍ നടന്നത്. തിരുവല്ല സബ് കളക്ടര്‍ ശ്വേത നാഗര്‍കോട്ടി സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുന്‍ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്ക്കെതിരേ നടപടിക്ക് ശിപാര്‍ശ ചെയ്ത് റവന്യൂ സെക്രട്ടറിക്ക് സമര്‍പ്പിച്ചിരുന്നു.
ഉദ്യോഗസ്ഥരെ നടപടിയില്‍നിന്നു രക്ഷപ്പെടുത്താന്‍ റിപ്പോര്‍ട്ട് റവന്യൂ മന്ത്രിയുടെ ഓഫീസില്‍ പൂഴ്ത്തിയതായാണ് ആരോപണം. കളക്ടറേറ്റിലെ പ്രധാന ഉദ്യോഗസ്ഥ, സീക്രട്ട് സെക്ഷനിലെ രണ്ടു ക്ലാര്‍ക്കുമാര്‍, ഭരണാനുകൂല സംഘടനയുടെ ജില്ലാ നേതാവ് എന്നിവര്‍ക്കെതിരെയാണ് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുള്ളത്.
അടൂര്‍ താലൂക്ക് ഓഫീസിലേക്കുള്ള നിയമന ഉത്തരവ് കളക്ടര്‍ ഒപ്പിട്ടയുടന്‍ രണ്ട് ഉദ്യോഗാര്‍ഥികള്‍ക്ക് വാട്സ്ആപ്പിലേക്ക് അയച്ചുകൊടുക്കുകയും അവര്‍ പ്രിന്റൗട്ടുമായി താലൂക്ക് ഓഫീസില്‍ ജോലിയില്‍ പ്രവേശിക്കുകയുമായിരുന്നു. രജിസ്റ്റേര്‍ഡ് തപാലില്‍ അയയ്ക്കേണ്ടതും അതീവ രഹസ്യസ്വഭാവത്തോടെ നടത്തേണ്ടതുമായ നടപടിയാണ് വാട്സ്ആപ്പിലൂടെ നല്‍കിയത് ഏറെ വിവാദങ്ങള്‍ക്കിട നല്കി.
ഉത്തരവ് ലഭിക്കുംമുമ്പേ
ജോലിയില്‍ പ്രവേശിപ്പിച്ചു
25 പേര്‍ക്ക് നിയമനം നല്കാന് തീരുമാനിച്ചതിനു പിന്നാലെ രണ്ടു പേര്‍ക്കു മാത്രം നിയമന ഉത്തരവ് രഹസ്യമായി കൈമാറുകയായിരുന്നു. എല്ലാവര്ക്കും ഒന്നിച്ച് നിയമന ഉത്തരവ് തപാലില്‍ അയയ്ക്കുകയാണ് പതിവ്. അത് കിട്ടുന്ന മുറയ്ക്ക് ഉദ്യോഗാര്‍ഥികള്‍ ജോലിയില്‍ പ്രവേശിക്കണം. എന്നാല്‍ കളക്ടറേറ്റില്‍ നിന്നു മറ്റുള്ളവര്‍ക്ക് നിയമന ഉത്തരവ് അയയ്ക്കാതെയാണ് രണ്ടു പേര്‍ക്കു മാത്രം രഹസ്യമായി കൈമാറിയത്.
കൊല്ലം ജില്ലയില്‍ നിന്നുള്ള ഈ ഉദ്യോഗാര്‍ഥികള്‍ അടൂര്‍ താലൂക്ക് ഓഫീസില്‍ ജോലിയില്‍ പ്രവേശിച്ചു. ഈ വിവരം അറിഞ്ഞ് മറ്റ്് ഉദ്യോഗാര്‍ഥികള്‍ കളക്ടറേറ്റില്‍ അന്വേഷിച്ചപ്പോഴാണ് തങ്ങള്‍ക്കുള്ള നിയമന ഉത്തരവ് അയച്ചിട്ടില്ലെന്ന വിവരം അറിയുന്നത്. കളക്ടര്‍ ഒപ്പിട്ട ഉത്തരവ് ഓഫീസിലെത്തുന്നതിനുമുമ്പേ വാട്സ്ആപ്പിലൂടെ പ്രചരിക്കുയും ചെയ്തു.
നടപടി ക്രമങ്ങള്‍ പാലിച്ചില്ല
ജില്ലാ കളക്ടര്‍ ഒപ്പിട്ട് രജിസ്റ്റേഡ് തപാലില്‍ ലഭിക്കുന്ന നിയമന ഉത്തരവുമായാണ് സാധാരണ നിലയില്‍ ഉദ്യോഗാര്‍ഥികള്‍ ജോലിയില്‍ പ്രവേശിക്കേണ്ടതെന്നാണ് ചട്ടം. കളക്ടറേറ്റില്‍നിന്ന് തപാല്‍ മുഖാന്തരം വേണം നിയമന ഉത്തരവ് അയയ്ക്കാന്‍. അത് തപാല്‍ രേഖപ്പെടുത്തുന്ന ബുക്കില്‍ എഴുതുകയും വേണം. ഈ നടപടിക്രമം പാലിക്കാതെ നിയമന ഉത്തരവ് പുറത്തായതിനു പിന്നില്‍ ജോയിന്റ് കൗണ്‍സിലിന്റെ ജില്ലാ നേതാവ് ഇടപെട്ടിരുന്നുവെന്നാണ് ആക്ഷേപം. ഇത് ജോയിന്റ് കൗണ്‍സിലില്‍ തന്നെ എതിര്‍പ്പിന് കാരണമായിട്ടുണ്ട്.
ചട്ടം മറികടന്നു നിയമന ഉത്തരവു നല്കിയ വിവരം കളക്ടര്‍ അറിഞ്ഞിരുന്നില്ല. അടിയന്തര പ്രധാന്യത്തോടെ രണ്ടു പേരെ നിയമിക്കേണ്ടതുകൊണ്ട് അവര്‍ക്ക് ഉത്തരവ് വാട്സ് ആപ്പില്‍ കൈമാറിയെന്നായിരുന്നു ഔദ്യോഗിക വിശദീകരണം. ഇങ്ങനെ ചെയ്യാന്‍ ചട്ടം അനുവദിക്കുന്നില്ല. സര്‍ക്കാര്‍ നടപടിക്രമം മുറ പോലെയാണ് നടക്കേണ്ടത്.
വിവാദങ്ങള്‍ ഒരുവര്‍ഷം മുമ്പ്
ജില്ലാ പിഎസ്സി ഓഫീസറുടെ നിയമന ശിപാര്‍ശ പ്രകാരം 25 ഉദ്യോഗാര്‍ഥികളെ എല്‍ഡി ക്ലാര്‍ക്ക് തസ്തികയില്‍ ജില്ലാ റവന്യൂ ഭരണ വിഭാഗത്തില്‍ നിയമനം നല്കി ജില്ലാകളക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചത് 2022 നവംബര്‍ 18 നാണ്. ഓരോരുത്തര്‍ക്കും നിയമന ഉത്തരവ് അയച്ച് അവര്‍ ജോലിയില്‍ പ്രവേശിക്കാന്‍ ഒരാഴ്ചയോളം സമയം എടുക്കും. എന്നാല്‍ 18ന് ഇറങ്ങിയ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ 21നു തന്നെ രണ്ടുപേര്‍ അടൂര്‍ താലൂക്ക് ഓഫീസില്‍ ജോലിയില്‍ പ്രവേശിച്ചു. 10, 14 സീരിയല്‍ നമ്പറുകളിലുള്ളവരാണ് ജോലിയില്‍ കയറിയത്.
ജോയിന്റ് കൗണ്‍സില്‍ നേതാവിന്റെ നേതൃത്വത്തിലാണ് ഇവര്‍ക്ക് വ നിയമന ഉത്തരവ് കൈമാറിയെന്നും പറയുന്നു. കൊല്ലത്ത് നിന്ന് ഇവര്‍ക്ക് വരാന്‍ ഏറ്റവും അടുത്തുള്ള അടൂര്‍ താലൂക്ക് ഓഫീസില്‍ തന്നെ നിയമനവും നല്കി. കോന്നിയിലും മല്ലപ്പളളിയിലും ഇതേ രീതിയില്‍ നിയമന ഉത്തരവ് ചോര്‍ന്നു കിട്ടിയവര്‍ ജോലിക്ക് ചേര്‍ന്നിരുന്നു.
ഐഡിയും പാസ്്്വേഡും ചോര്‍ത്തി
രണ്ടു ദിവസം അവധിയായ രഹസ്യ വിഭാഗത്തിലെ സൂപ്രണ്ടിന്റെ ഐഡിയും പാസ്വേഡും ദുരുപയോഗം ചെയ്താണ് ഉത്തരവ് കൈക്കലാക്കിയതെന്ന് പറയുന്നു.
വാട്സ് ആപ്പില്‍ ലഭിച്ച ഉത്തരവിന്റെ പ്രിന്റൗട്ടുമായി എത്തിയ ഉദ്യോഗാര്‍ഥികള്‍ തഹസില്‍ദാരുടെ അനുമതിയോടെയാണ് ജോലിയില്‍ പ്രവേശിച്ചത്. ഇതിനു ശേഷമാണ് തഹസില്‍ദാര്‍ക്ക് കളക്ടറേറ്റില്‍നിന്നു നിയമന ഉത്തരവിന്റെ പകര്‍പ്പ് ലഭിച്ചത്. കളക്ടറുടെ ശിരസ്തദാറുടെ നിര്‍ദേശപ്രകാരമാണ് ഉദ്യോഗാര്‍ഥികളെ ജോലിയില്‍ പ്രവേശിപ്പിച്ചതെന്ന് തഹസില്‍ദാറും വിശദീകരിച്ചിരുന്നു.
വാട്സ് ആപ്പില്‍ ലഭിച്ച ഉത്തരവിന്റെ പ്രിന്റൗട്ടുമായി ഉദ്യോഗാര്‍ഥികള്‍ ജോലിക്ക് എത്തിയപ്പോള്‍ തഹസില്‍ദാര്‍ ശിരസ്തദാറെ ഫോണില്‍ വിളിച്ചു. ഉത്തരവുമായി എത്തിയവര്‍ക്ക് നിയമനം നല്‍കാമെന്ന് ശിരസ്തദാര്‍ പറഞ്ഞു. പിന്നാലെയാണ് നിയമന ഉത്തരവ് തഹസില്ദാസര്ക്ക് കളക്ടറേറ്റില്‍നിന്ന് അയച്ചുകൊടുത്തത്.