ടിക്കറ്റ് നിരക്ക് വർധന: റെയിൽവേ സ്റ്റേഷനിലേക്കു മാർച്ച് നടത്തി
1375612
Monday, December 4, 2023 12:23 AM IST
തിരുവല്ല: ശബരിമല തീർഥാടകരെ കൊള്ളയടിക്കുന്ന വിധത്തിൽ റെയിൽവെയുടെ ടിക്കറ്റ് നിരക്ക് വർധനയ്ക്കെതിരെ പത്തനംതിട്ട ജില്ലയിലെ ഏക റെയിൽവെ സ്റ്റേഷനായ തിരുവല്ല സ്റ്റേഷനിലേക്ക് സിപിഎം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ച് നടത്തി. സിപിഎം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു ഉദ്ഘാടനം ചെയ്തു. തിരുവല്ല വൈഎംസിഎ ജംഗ്ഷനിൽ നിന്നാണ് മാർച്ച് ആരംഭിച്ചത്.
ശബരിമല തീർഥാടകർക്കായി പ്രഖ്യാപിച്ച നാല് പ്രത്യേക ട്രയിനുകളിലും അമിത നിരക്കാണ് വാങ്ങുന്നത്.
സെക്കൻഡ് ക്ലാസിൽ അടിസ്ഥാന നിരക്കിന്റെ 10 ശതമാനവും മറ്റ് ക്ലാസുകളിൽ 30 ശതമാനം വർധനയുമാണ് വരുത്തിയിരിക്കുന്നത്. 800 രൂപ നിരക്കിൽനിന്നും രണ്ടായിരം രൂപയുടെ വർധനവാണ് വരുത്തിയിരിക്കുന്നത്.
യോഗത്തിൽ സിപിഎം മല്ലപ്പള്ളി ഏരിയാ സെക്രട്ടറി ബിനു വർഗീസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗം രാജു ഏബ്രഹാം, ജില്ലാ സെക്രട്ടേറിയറ്റംഗങ്ങളായ എ. പത്മകുമാർ, പി.ബി. ഹർഷകുമാർ, ടി.ഡി. ബൈജു, പി.ആർ. പ്രസാദ്, തിരുവല്ല ഏരിയാ സെക്രട്ടറി ഫ്രാൻസിസ് വി. ആന്റണി, ഏരിയാ കമ്മിറ്റിയംഗം ജെനു മാത്യു എന്നിവർ പ്രസംഗിച്ചു.
കെ ബാലചന്ദ്രൻ, പ്രമോദ് ഇളമൺ, ടി.എ. റെജികുമാർ, ആർ. മനു, പ്രകാശ് ബാബു, സുരേഷ് കുമാർ തുടങ്ങിയവർ നേതൃത്വം നൽകി.