അടവിയിലെ മുളവീടുകൾ തകർച്ചയിൽ
1375611
Monday, December 4, 2023 12:23 AM IST
തണ്ണിത്തോട്: പേരുവാലിയിലെ മുളവീടുകളും തകർച്ചയിൽ. അടവി ഇക്കോ ടൂറിസം പദ്ധതിയിലെ പ്രധാന ആകർഷണങ്ങളായ മുള വീടുകൾ യഥാസമയം നന്നാക്കാതെ കൈയൊഴിഞ്ഞിരിക്കുകയാണ് വനം വകുപ്പ്.
അറ്റകുറ്റപ്പണി നടത്താത്ത വന്നതോടെ ഇവയിൽ പലതും നിലംപൊത്തുന്ന അവസ്ഥയിലാണ്. വിനോദ സഞ്ചാരികൾ എറെ എത്തുന്ന കാലമായിട്ടും അധികൃതർക്ക് അനക്കമില്ല. അടവിയിലെ മുള വീടുകൾക്ക് (ട്രീ ടോപ് ബാംബു ഹട്ട്) അറ്റകുറ്റപ്പണി നടത്തി ഉപയോഗിച്ചാൽ നിരവധി പേ
രാണ് ഇവിടെ താമസിക്കാനായി എത്തുക.
വനം വകുപ്പിന്റെ കോന്നി വനവികാസ ഏജൻസിയുടെ കീഴിലാണ് തണ്ണിത്തോട് അടവി ഇക്കോ ടൂറിസം. പദ്ധതിയുടെ ഭാഗമായുള്ള മുള വീടുകളാണ് രണ്ടു വർഷം കഴിഞ്ഞും അറ്റകുറ്റപ്പണി നടത്താത്തത്.
അടവി പദ്ധതിയുടെ പ്രധാന കേന്ദ്രമായ പേരുവാലി വനത്തിൽ കല്ലാറിന്റെ തീരത്തായി നിർമിച്ച അഞ്ച് മുള വീടുകളും ഡൈനിംഗ് ഹാളും ഏഴ് വർഷം മുന്പാണ് സഞ്ചാരികൾക്ക് തുറന്നു നൽകിയത്.
തുടക്കത്തിൽ മിക്ക ദിവസങ്ങളിലും മുള വീടുകൾക്ക് ബുക്കിംഗ് ഉണ്ടായിരുന്നു. ഇതുവഴി മികച്ച വരുമാനവും നേടിയിരുന്നു. പിന്നീട് യഥാസമയം അറ്റകുറ്റപ്പണി നടത്തിയില്ല. രണ്ടു വർഷം മുന്പ് ചുഴലിക്കാറ്റിൽ മരം വീണ് മുള വീടുകൾക്ക് നാശം നേരിട്ടെങ്കിലും ഇതിൽ മൂന്നെണ്ണം മാത്രമാണ് പിന്നീട് നവീകരിച്ചത്. ബാക്കിയുള്ള രണ്ട് മുള വീടുകളും ഡൈനിംഗ് ഹാളും ഇനിയും നവീകരിക്കാനായിട്ടില്ല. ഒരു മുള വീട്ടിൽ പരമാവധി നാലു പേർക്ക് താമസിക്കുന്നതിന് ഭക്ഷണം ഉൾപ്പെടുത്താതെ ഒരു ദിവസത്തേക്ക് 3000 രൂപയാണ് ഈടാക്കുന്നത്.
ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചിരുന്നെങ്കിലും മാസങ്ങൾക്കുള്ളിൽ അതും നിലച്ചു. ഇതോടെ ഫോണിൽ വിളിച്ച് ബുക്ക് ചെയ്യുന്നവർ ഏതെങ്കിലും കാരണവശാൽ എത്താതെ വന്നാൽ മറ്റു ആവശ്യക്കാരുണ്ടെങ്കിലും കൊടുക്കാനാകാതെ വരികയും അതുവഴി വരുമാനം നഷ്ടമാകുകയും ചെയ്യുന്നു.
മുളവീടുകൾ ഉൾപ്പെടുന്ന പ്രദേശത്തിന് ചുറ്റും സൗരോർജവേലി സ്ഥാപിച്ചിട്ടുണ്ടെങ്കിലും പ്രവർത്തനമില്ലാതായിട്ട് ഏറെക്കാലമായി. ഇവിടെ വളരെ വലിയ തരത്തിലുള്ള പ്രകൃതി സംരക്ഷിച്ചുള്ള വിനോദ സഞ്ചാര പദ്ധതികളാണ് മുമ്പ് വിഭാവനം ചെയ്തിരുന്നത്. ഉദ്യോഗസ്ഥരുടെ താത്പര്യക്കുറവ് പദ്ധതിയെ ഇല്ലാതാക്കുകയാണെന്നാണ് ആക്ഷേപം.