വെച്ചൂച്ചിറയില്‍ ജൈവ വൈവിധ്യ രജിസ്റ്റര്‍ രണ്ടാം ഭാഗം തയാറാക്കല്‍ തുടങ്ങി
1375609
Monday, December 4, 2023 12:23 AM IST
വെച്ചൂച്ചിറ: സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെ സാങ്കേതിക സഹായത്തോടെ ജൈവവൈവിധ്യ രജിസ്റ്റര്‍ പുതുക്കുന്നതിനും രണ്ടാം ഭാഗം തയാറാക്കുന്നതിനും വേണ്ടി ജനപ്രതിനിധികള്‍, സാങ്കേതിക വിദഗ്ധര്‍, പഞ്ചായത്ത് തല ജൈവവൈവിധ്യ മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങള്‍, വിവര ശേഖരണ വോളണ്ടിയര്‍മാര്‍ തുടങ്ങിയവര്‍ക്കുള്ള ഏകദിന ശില്പശാല നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. ജയിംസ് ഉദ്ഘാടനം നിര്‍വഹിച്ചു.
2013 ലാണ് നിലവിലെ രജിസ്റ്റര്‍ തയാറാക്കിയതെന്നും കോവിഡും 2018 ലും 2019 ലും കേരളത്തിലുണ്ടായ പ്രളയവും ജൈവവൈവിധ്യത്തിലുണ്ടാക്കിയ മാറ്റവും നഷ്ടവും കണക്കാക്കുന്നതിന് ഉതകുന്നതായിരിക്കും രജിസ്റ്റര്‍ പുതുക്കല്‍ പ്രക്രിയ. പെരുന്തേനരുവി തീരത്ത് ഒരു കാലത്ത് സമ്പുഷ്ഠമായിരുന്ന കല്ലൂര്‍ വഞ്ചിയും ഈ ഭാഗത്ത് മാത്രമുണ്ടായിരുന്ന ചില മത്സ്യസമ്പത്തുകളും പ്രളയ ശേഷം നഷ്ടപ്പെട്ടു പോയെന്നു കരുതുന്നു.
വെച്ചൂച്ചിറയില്‍ കൃഷി ചെയ്തിരുന്ന മരച്ചീനിയുടെ ആദ്യ കാല ഇനങ്ങളായ പാലാ വെള്ള കപ്പ, കാന്താരിപടപ്പന്, ഏത്തയ്ക്ക കപ്പ എന്നീ ഇനങ്ങള്‍ നാമാവശേഷമായിട്ടുണ്ട്. കുരുമുളക് നാടന്‍ ഇനങ്ങള്‍ പൂര്‍ണമായും ഇല്ലാതായി. എന്നാല്‍ ചില ഇടങ്ങളില്‍ 50 കൊല്ലത്തിലേറെ പ്രായമുള്ള കുരുമുളകുചെടി നില നില്‍ക്കുന്നതായും കര്‍ഷകര്‍ പറയുന്നു. നാടന്‍ മാവുകള്‍, നാടന്‍ വരിക്കപ്ലാവുകള്‍ തുടങ്ങിയവ അപൂര്‍വമായി മാത്രമേ കാണാനുള്ളു.
പണ്ട് വ്യാപകമായുണ്ടായിരുന്ന നാറിക്കാട് ഇപ്പോള്‍ ഇല്ലെന്നു തന്നെ പറയാം. പകരം പല അധിനിവേശ സസ്യങ്ങളും വ്യാപകമായിട്ടുണ്ട്. തവള, മണ്ണിര, പെരുന്തേനട്ട തുടങ്ങിയ ജീവികളുടെ എണ്ണം താരതമ്യേന കുറയുകയും ഇല്ലാതാക്കുകയും ചെയ്യുന്നു. നീരുറവകളില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാകുന്നു.
പ്രാദേശിക ജൈവവൈവിധ്യത്തെയും നാട്ടറിവുകളെയും ജനകീയമായി ശേഖരിച്ച് ശാസ്ത്രീയമായി രേഖപ്പെടുത്തി രജിസ്റ്റര്‍ തയാറാക്കുന്നതിലൂടെ സംരക്ഷിക്കപ്പെടേണ്ടവയെ സംരക്ഷിക്കുകയും നീക്കം ചെയ്യേണ്ടത് നീക്കംചെയ്യുകയും വരുംകാലങ്ങളില്‍ പ്രദേശിക തലത്തില്‍ വിഭവസമാഹരണം നടത്തുന്നതിനും പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനും ഈ രജിസ്റ്ററുകള്‍ അടിസ്ഥാന രേഖയായി മാറുമെന്നും പ്രസിന്റ് ടി.കെ.ജെയിംസ് പറഞ്ഞു.
ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ഇ.വി. വര്‍ക്കി അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എസ്. രമാദേവി, പഞ്ചായത്തംഗങ്ങളായ ടി.കെ. രാജന്, പ്രസന്ന, റസി ജോഷി എന്നിവര്‍ പ്രസംഗിച്ചു.
ജൈവവൈവിധ്യ ബോര്‍ഡ് ജില്ല കോ-ഓര്‍ഡിനേറ്റര്‍ അരുണ്‍ സി. രാജന് സെമിനാറിനു നേതൃത്വം നല്കി. കില ആര്‍പിമാരായ ജോണ്‍ ശമുവേല്‍, കെ.വി. നാരായണ്‍, റോയി തറപ്പേല്‍, മോന്‍സി ചെറുകരക്കുഴിയില്, എം.ബി. സുരേഷ് കുമാര്‍, ബോബന് മാളിയേക്കല്‍, ഷീബ ജോണ്സണ് എന്നിവരടങ്ങുന്ന വിദഗ്ധ സമിതിയെ തെരഞ്ഞെടുത്തു.