കാര്‍ഷികരംഗത്ത് കേരളത്തിന് മികച്ച മുന്നേറ്റമെന്ന്
1375608
Monday, December 4, 2023 12:23 AM IST
കൊടുമൺ: കാര്‍ഷികരംഗത്ത് കേരളം മികച്ച മുന്നേറ്റമാണ് കാഴ്ച വയ്ക്കുന്നതെന്ന് ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. അടൂര്‍ മണ്ഡലത്തില്‍ സമഗ്ര കാര്‍ഷിക-കാര്‍ഷികാനുബന്ധ വികസന പദ്ധതിയായ നിറപൊലിവ് വിഷന്‍-2026-ന്റെ ഭാഗമായി കൊടുമണ്‍ കൃഷിഭവന് നടപ്പാക്കുന്ന വിള ആരോഗ്യപരിപാലന കേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദേഹം.
ഇതിന്റെ ഭാഗമായി എല്ലാ ബുധനാഴ്ചകളിലും ഉച്ചവരെ ക്ലീനിക്ക് പ്രവര്‍ത്തിക്കുമെന്നും എല്ലാ പഞ്ചായത്തുകളിലേക്കും ഇത് വ്യാപിപ്പിക്കുമെന്നും അദേഹം പറഞ്ഞു. കൃഷിയുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചും വകുപ്പുകള്‍ തനതായും പദ്ധതികള്‍ തയാറാക്കിയാണ് വിഷന്‍ 2026 സംഘടിപ്പിക്കുന്നത്.
പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശ്രീധരന് അധ്യക്ഷത വഹിച്ച ചടങ്ങില്‍ വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കുഞ്ഞന്നാമ്മകുഞ്ഞ്, അസിസ്റ്റന്റ് ഡയറക്ടര്‍ റോഷന് ജോര്‍ജ്, ഡെപ്യൂട്ടി ഡയറക്ടര്‍ സി.ആര്. രശ്മി, കൃഷി ഓഫീസര്‍ എസ്. ശില്പ, എ.ജി. ശ്രീകുമാര്‍, ജോജു മറിയം, ഡോ. ബിനി സാം തുടങ്ങിയവര്‍ പങ്കെടുത്തു.