പത്തനംതിട്ട കെഎസ്ആർടിസി ടെർമിനൽ അറ്റകുറ്റപ്പണികൾ വേഗത്തിലാക്കും
1375291
Saturday, December 2, 2023 11:20 PM IST
പത്തനംതിട്ട: കെഎസ്ആർടിസി ടെർമിനലിന്റെ നവീകരണ ജോലികൾ വേഗത്തിലാക്കാൻ തീരുമാനം. നിർമാണ ജോലികൾ ജനുവരിക്കുള്ളിൽ പൂർത്തിയാകുകയാണ് ലക്ഷ്യം. പുതുതായി നിർമിച്ച കെട്ടിട്ടത്തിന്റെ പല ഭാഗങ്ങളിലും കോൺക്രീറ്റ് പാളികൾ ഇളകിവീഴുകയാണ്.
അഡ്മിനിസ്ട്രേഷൻ വിഭാഗം ഉൾപ്പെടെയുള്ള ഭാഗങ്ങളിലാണ് കോൺക്രീറ്റ് പാളികൾ ഇളകിവീണത്. കെട്ടിടത്തിന്റെ പലയിടങ്ങളിലും വിള്ളലും രൂപപ്പെട്ടിരുന്നു. പ്ലാസ്റ്ററിംഗ് നടത്തിയ ഭാഗം കോൺക്രീറ്റ് കട്ടർ ഉപയോഗിച്ച് പൂർണമായും ഇളക്കി ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് അടയ്ക്കുകയാണ്.
ശുചിമുറി മാലിന്യം കെട്ടിക്കിടക്കുന്നത് ഒഴിവാക്കാനുള്ള നടപടികളും പുരോഗമിക്കുന്നു. മലിനജലം റീസൈക്കിൾ ചെയ്യുന്ന സംവിധാനം തയാറാക്കുന്നതും പദ്ധതിയുടെ ഭാഗമാണ്. ലിഫ്റ്റ് സ്ഥാപിക്കുന്ന പണികൾ മാസങ്ങളായി നടക്കുന്നുവെങ്കിലും പൂർത്തീകരിക്കാനായിട്ടില്ല. ലിഫ്റ്റിന്റെ ഇലക്ട്രിക് ജോലികളാണ് തീരാനുള്ളത്.
ജീവനക്കാരുൾപ്പെടെ ഓഫീസിലെത്താൻ പ്രയാസപ്പെടുകയാണ്. ശബരിമല മകരവിളക്കിനോടനുബന്ധിച്ച് ലിഫ്റ്റ് പ്രവർത്തനം ആരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. നിലവിൽ ലിഫ്റ്റിനു മുന്നിൽ സംഘടനകളുടെ ബോർഡ് വച്ചിരിക്കുന്നതിനാൽ ലിഫ്റ്റ് ഉണ്ടെന്നുപോലും തിരിച്ചറിയാൻ കഴിയാത്ത സ്ഥിതിയുണ്ട്.
മഴ പെയ്താൽ ബസ് കാത്തുനിൽക്കാൻ കഴിയാത്ത സ്ഥിതിയും സ്റ്റാൻഡിലുണ്ട്. റൂഫ് സ്ഥാപിക്കുന്ന പണികൾ ഇനിയും തുടങ്ങിയിട്ടില്ല. മഴ നനയാതെ ബസിൽ കയറാനും കഴിയില്ല. മഴവെള്ളം വീണ് ടെർമിനൽ പ്ലാറ്റ്ഫോം നനയുന്നതിനാൽ യാത്രക്കാർ തെന്നിവീണ് അപകടത്തിൽപെടാനുള്ള സാധ്യതയുമേറെയാണ്.