ശബരിമല തീർഥാടനം : പോലീസ് ഹെൽപ്ലൈൻ നമ്പർ സ്റ്റിക്കർ പതിച്ചുതുടങ്ങി
1375289
Saturday, December 2, 2023 11:20 PM IST
പത്തനംതിട്ട: ശബരിമല തീർഥാടകർക്ക് വിവിധ ആവശ്യങ്ങൾക്കും, സംശയനിവാരണത്തിനും ഏത് ഭാഷയിലും ലഭ്യമാകുന്ന പോലീസ് ഹെൽപ്ലൈൻ നമ്പരായ 14432 ആലേഖനം ചെയ്ത സ്റ്റിക്കർ പതിച്ചുതുടങ്ങി.
കെഎസ്ആർടിസി സ്റ്റാൻഡുകൾ, റെയിൽവെ സ്റ്റേഷനുകൾ എന്നിവിടങ്ങളിൽ ഹെൽപ്ലൈൻ സംബന്ധിച്ച് നടത്തുന്ന പ്രചാരണത്തിന്റെ ഭാഗമായാണ് സ്റ്റിക്കർ പതിച്ചത്. ഇന്നലെ രാവിലെ പത്തനംതിട്ട കെഎസ്ആർടിസി സ്റ്റാൻഡിൽ ബസിൽ സ്റ്റിക്കർ പതിച്ചുകൊണ്ട് ജില്ലാ പോലീസ് മേധാവി വി. അജിത് ഉദ്ഘാടനം നിർവഹിച്ചു.
മണ്ഡല മകരവിളക്ക് കാലത്ത് തീർഥാടനത്തിനെത്തുന്ന ഭക്തർക്കും മറ്റും ശബരിമലയുമായി ബന്ധപ്പെട്ട ഏത് ആവശ്യങ്ങൾക്കും വിവിധ ഭാഷകളിൽ മറുപടി ലഭ്യമാക്കാനുതകുംവിധം പമ്പ പോലീസ് കൺട്രോൾ റൂമിലാണ് ഹെൽപ്ലൈൻ നമ്പർ സജ്ജമാക്കിയിരിക്കുന്നത്.
ജില്ലയിൽനിന്നും സമീപ ജില്ലകളിൽനിന്നും ശബരിമലയ്ക്ക് എത്തുന്ന വിവിധ പാതകളിൽ ഭക്തർക്ക് കാണാവുന്ന തരത്തിൽ നമ്പർ സ്റ്റിക്കർ രൂപത്തിൽ നേരത്തെ സ്ഥാപിച്ചിരുന്നു. മറ്റു സംസ്ഥാനങ്ങളിൽനിന്ന് വരുന്നവർക്കും മറ്റു ഭാഷകൾ അറിയാത്തവർക്കും വിവിധ വിവരങ്ങൾ അറിയുന്നതിനും, പരിഹാരങ്ങൾക്കും ഏറെ പ്രയോജനകരമാണ് ഹെൽപ്ലൈൻ നമ്പർ.
വെർച്വൽ ക്യൂ സംബന്ധിച്ച അന്വേഷണം, പാർക്കിംഗ്, ദർശനം തിരക്ക് എന്നിവ സംബന്ധിച്ച അന്വേഷണം, പൂജാ സമയങ്ങൾ, വാഹനങ്ങളുടെ വർക്ക്ഷോപ്പുകൾ, കൂടെ വന്നവരെ കാണാതാകുക, അപകടങ്ങൾ ഉണ്ടാകുന്ന സാഹചര്യങ്ങൾ തുടങ്ങി നിരവധി ആവശ്യങ്ങൾക്കായി ഈ നമ്പരിൽ ബന്ധപ്പെടാവുന്നതാണെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു.
പമ്പക്ക് പുറപ്പെട്ട കെഎസ്ആർടിസി ബസുകളുടെ പുറത്തും ഉള്ളിലും സ്റ്റിക്കർ ജില്ലാ പോലീസ് മേധാവി പതിച്ചു. സ്റ്റാൻഡിനുള്ളിൽ തീർഥാടകർ കാണത്തക്കവിധം നമ്പർ രേഖപ്പെടുത്തിയ വലിയ ബോർഡ് ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ സ്ഥാപിക്കുകയും ചെയ്തു. ജില്ലാ പോലീസ് സായുധ ക്യാമ്പ് അസിസ്റ്റന്റ് കമാൻഡന്റ് എം.സി. ചന്ദ്രശേഖരൻ, കെഎസ്ആർടിസി അധികൃതർ തുടങ്ങിയവർ പങ്കെടുത്തു.