മുഖ്യമന്ത്രി നീറോ ചക്രവർത്തിയെ മറികടക്കാനുള്ള ഓട്ടത്തിൽ: ഷിബു ബേബി ജോൺ
1375281
Saturday, December 2, 2023 11:08 PM IST
പത്തനംതിട്ട: സർവ മേഖലകളും തകർന്നു കിടക്കുന്ന കേരളത്തിൽ ഒരു രാജാവിനെപ്പോലെ പരിവാരങ്ങളൊടൊപ്പം ഉല്ലാസയാത്ര നടത്തുന്ന മുഖ്യമന്ത്രി പിണറായി വിജയൻ മലയാളികൾക്ക് അപമാനമാണെന്ന് ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ.
യുഡിഎഫ് സംസ്ഥാന തലത്തിൽ ആഹ്വാനം ചെയ്ത വിചാരണ സദസ് പത്തനംതിട്ടയിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യരംഗം നാഥനില്ല കളരിയായി മാറി. ആരോഗ്യവകുപ്പിൽ ഒരു നിയന്ത്രണവും മന്ത്രിക്കില്ല.
മയക്കുമരുന്ന് മാഫിയ കേരളം കീഴടക്കുമ്പോൾ പോലീസും എക്സൈസും നോക്കുകുത്തി യാകുന്നത് ഗുരുതര പ്രത്യാഘാതങ്ങൾ സമൂഹത്തിൽ ഉണ്ടാക്കുമെന്നും ഷിബു ബേബി ജോൺ മുന്നറിയിപ്പ് നൽകി.
യുഡിഎഫ് ആറന്മുള നിയോജക മണ്ഡലം ചെയർമാൻ ടി.എം. ഹമീദ് അധ്യക്ഷത വഹിച്ചു. ആന്റോ ആന്റണി എംപി, ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ, കെപിസിസി ജനറൽ സെക്രട്ടറി പഴകുളം മധു, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ, യുഡിഎഫ് ചെയർമാൻ വർഗീസ് മാമ്മൻ, എ. ഷംസുദീൻ, ഏബ്രഹാം കലമണ്ണിൽ, പി. മോഹൻരാജ്, ജോർജ് മാമ്മൻ കൊണ്ടൂർ, കെ. ജയവർമ, ജോൺസൺ വിളവിനാൽ, എ. സുരേഷ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.