പ്രാർഥനാപൂർവം വിശ്വാസീസമൂഹം:അജപാലന ശുശ്രൂഷയിൽ മൂന്നുപേർകൂടി
1375272
Saturday, December 2, 2023 11:08 PM IST
തിരുവല്ല: 12 വർഷങ്ങൾക്കുശേഷം മലങ്കര മാർത്തോമ്മാ സഭയിൽ നടന്ന എപ്പിസ്കോപ്പ സ്ഥാനാരോഹണ ശുശ്രൂഷ ഭക്തിനിർഭരമായി. സഭാ വിശ്വാസികളും വൈദികരും അടക്കം വൻ ജനാവലി ശുശ്രൂഷയിൽ പങ്കെടുത്തു.
ശുശ്രൂഷയ്ക്കു മുന്നോടിയായി സെന്റ് തോമസ് മാർത്തോമ്മാ പള്ളിയിൽ നിയുക്ത എപ്പിസ്കോപ്പമാരെ പ്രാർഥനാപൂർവം താത്കാലിക മദ്ബഹയിലേക്ക് ആനയിച്ചു. സഭയുടെ സംഗീത വിഭാഗമായ ഡിപ്പാർട്ട്മെന്റ് ഓഫ് സേക്രഡ് മ്യൂസിക് ആൻഡ് കമ്യൂണിക്കേഷൻ ഗായകസംഘം ഗാനം ആലപിച്ച് റമ്പാൻമാരെ സ്വീകരിച്ചു.
ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത മുഖ്യകാർമികത്വം വഹിച്ച ശുശ്രൂഷയിൽ സഫ്രഗൻ മെത്രാപ്പോലീത്താമാരായ ഡോ. യുയാക്കിം മാർ കൂറിലോസ്, ഡോ. ജോസഫ് മാർ ബർണബാസ്, എപ്പിസ്കോപ്പമാരായ തോമസ് മാർ തിമോഥെയോസ്, ഡോ. ഐസക്ക് മാർ പീലക്സിനോസ്, ഡോ. ഏബ്രഹാം മാർ പൗലോസ്, ഡോ. മാത്യൂസ് മാർ മക്കാറിയോസ്, ഡോ. ഗ്രിഗോറിയോസ് മാർ സ്തേഫാനോസ്, ഡോ. തോമസ് മാർ തീത്തോസ് എന്നിവർ സഹകാർമികരായിരുന്നു.
രാവിലെ മുതൽ തന്നെ ശുശ്രൂഷയിൽ പങ്കുചേരാനായി ആയിരക്കണക്കിന് വിശ്വാസി സമൂഹമാണ് എസ്സി കുന്നിലേക്ക് ഒഴുകിയെത്തിയത്. നൂറുകണക്കിന് വൈദികർ, രാഷ്ട്രീയ-സാമൂഹ്യ രംഗത്തെ പ്രമുഖർ, വിവിധ സംഘടനാ ഭാരവാഹികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
മുൻ പ്രതിപക്ഷ നേതാവ് എം. രമേശ് ചെന്നിത്തല, മുൻ രാജ്യസഭ ഉപാധ്യക്ഷൻ പ്രഫ. പി.ജെ. കുര്യൻ, എംപിമാരായ ആന്റോ ആന്റണി, കൊടിക്കുന്നിൽ സുരേഷ്, തോമസ് ചാഴിക്കാടൻ, ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് ബെച്ചു കുര്യൻ തോമസ്, എംഎൽഎമാരായ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്, പ്രമോദ് നാരായൺ, ചാണ്ടി ഉമ്മൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ.യു. ജനീഷ് കുമാർ, രാഷ്ട്രീയപാർട്ടി നേതാക്കളായ പി.സി. ജോർജ്, രാജു ഏബ്രഹാം, ജോസഫ് എം. പുതുശേരി, പ്രഫ. സതീഷ് കൊച്ചുപറമ്പിൽ, വിക്ടർ ടി. തോമസ്, അഡ്വ. വർഗീസ് മാമ്മൻ, പഴകുളം മധു തുടങ്ങിയവർ നവാഭിഷക്തർക്ക് അനുമോദനങ്ങൾ അർപ്പിക്കാനെത്തിയിരുന്നു.
ന്യൂനപക്ഷ സമുദായത്തിനുവേണ്ടി നിലകൊള്ളുന്ന സഭ: കർദിനാൾ
തിരുവല്ല: ന്യൂനപക്ഷ സമുദായത്തിനുവേണ്ടി എന്നും നിലകൊള്ളുന്ന സഭയാണ് മാർത്തോമ്മാ സഭയെന്ന് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ. എപ്പിസ്കോപ്പൽ സ്ഥാനാഭിഷേക ശുശ്രൂഷയ്ക്ക് ശേഷം നടന്ന പൊതുസമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു കർദിനാൾ.
ഭാരതത്തിലെ ക്രൈസ്തവർ ന്യൂനപക്ഷ സമൂഹമാണ്. ജനാധിപത്യവും മതേതരത്വവും നിലകൊള്ളുന്ന രാജ്യത്ത് ന്യൂനപക്ഷത്തിനെതിരായി ചില ഇടപെടലുകൾ ഉണ്ടായ ഘട്ടത്തിൽ മാർത്തോമ്മാ സഭാ നേതൃത്വം എല്ലാ മതസ്ഥരെയും ഒന്നിച്ച് നിർത്താനും സഭാ പൈകൃതം കാത്തുസൂക്ഷിക്കാനും അക്ഷീണം പ്രവർത്തിച്ചതായി കർദിനാൾ ചൂണ്ടിക്കാട്ടി.
ദൈവരാജ്യത്തിന്റെ കെട്ടുപണിയിൽ ഒരു കുടുംബമായി ശുശ്രൂഷ നടത്തുന്നതിന് ദൈവം മാർത്തോമ്മാ സഭയിലെ നവാഭിക്ഷരെ ഭരമേല്പിച്ചിരിക്കുകയാണെന്നും കർദിനാൾ കൂട്ടിച്ചേർത്തു.
മാർത്തോമ്മാ സഭയിൽ ഈ പേരുകൾ ആദ്യം
തിരുവല്ല: സഭാ ചരിത്രത്തിലെ മാർ അപ്രേം, മാർ ഈവാനിയോസ്, മാർ സെറാഫിം എന്നീ പിതാക്കന്മാരുടെ പേരുകൾ മാർത്തോമ്മാ സഭയിൽ എപ്പിസ്കോപ്പമാർക്ക് നൽകുന്നത് ഇതാദ്യം. മലങ്കര സഭാ പാരമ്പര്യമുള്ള ഇതര സഭകളിൽ നേരത്തെ തന്നെ ഈ പേരുകൾ സ്വീകരിച്ചിരുന്നു.
ഇന്നലെ അഭിഷിക്തനായ സജു സി. പാപ്പച്ചൻ റമ്പാൻ, സക്കറിയാസ് മാർ അപ്രേം എന്ന പേരാണ് സ്വീകരിച്ചത്. ഇതേ പേരുകാരനാണ് ഓർത്തഡോക്സ് സഭ അടൂർ-കടമ്പനാട് ഭദ്രാസനാധിപൻ സക്കറിയാസ് മാർ അപ്രേം. ജോസഫ് ദാനിയേൽ റമ്പാൻ മാർ ഈവാനിയോസ് എന്ന നാമമാണ് സ്വീകരിച്ചത്. മാർ സെറാഫിമിന്റെ പേരാണ് മാത്യു കെ. ചാണ്ടി റമ്പാൻ സ്വീകരിച്ചത്.