നൂറുമേനി സീസണ്-2ന് ചങ്ങനാശേരി അതിരൂപതയില്‍ തുടക്കമായി
1375046
Friday, December 1, 2023 11:43 PM IST
ചങ്ങനാശേരി: അതിരൂപതയിലെ 250 ഇടവകകളിലും നൂറുമേനി സീസണ്-2 ബൈബിള്‍ മനഃപാഠ മത്സരപദ്ധതിക്ക് തുടക്കമായി. ഇടവകതല ഉദ്ഘാടനം കൊട്ടാരക്കര സെന്റ് തോമസ് ഇടവകയില്‍ മാര്‍ തോമസ് തറയില്‍ നിര്‍വഹിച്ചു. വികാരി ഫാ. ജോണ്സണ് പുത്തേറ്റ് അധ്യക്ഷത വഹിച്ചു.
ചങ്ങനാശേരി അതിരൂപതയിലെ 250 ഇടവകകളിലും വിശുദ്ധ കുര്‍ബാനയെ തുടര്‍ന്ന് ഇടവക വികാരിമാരുടെ നേതൃത്വത്തില്‍ കൈക്കാരന്മാര്, സണ്ഡേസ്കൂള് ഹെഡ്മാസ്റ്റര്, മദര്‍ സുപ്പീരിയര്‍, കുടുംബ കൂട്ടായ്മ ജനറല്‍ കണ്‍വീനര്‍, സെക്രട്ടറി, വിവിധ സംഘടനാ പ്രസിഡന്റുമാര്‍ എന്നിവർ ചേര്‍ന്ന് തിരിതെളിച്ചും ബൈബിള്‍ പ്രതിഷ്ഠിച്ചും ഉദ്ഘാടനം ചെയ്തു.
കുടുംബക്കൂട്ടായ്മ- സണ്ഡേസ്കൂള് പ്രാഥമികതല മത്സരങ്ങള്‍ ജനുവരിയിലും ഇടവകതല മത്സരം ഫെബ്രുവരി 25നും ഫൊറോനാതല മത്സരം ഏപ്രില്‍ 14നും നടത്തും. നൂറുമേനി ഗ്രാന്‍ഡ്ഫിനാലെ മത്സരം മേയ് 11നാണ്. ഗ്രാന്‍ഡ്ഫിനാലെ ഒന്നാം സമ്മാനം 25,000 രൂപയും രണ്ടാം സമ്മാനം 15,000 രൂപയും മൂന്നാം സമ്മാനം 10,000 രൂപയും നാലാം സമ്മാനം 5,000 രൂപയും അഞ്ചാം സമ്മാനം 3,000 രൂപയും കൂടാതെ നൂറുമേനി വചനതാര പുരസ്കാരവും നല്‍കും.
ഇടവകതലം മുതല്‍ നൂറുമേനി വിജയികളാകുന്ന എല്ലാവര്ക്കും അതിരൂപത നല്കുന്ന നൂറുമേനി മെഗാ സമ്മാനവും സര്‍ട്ടിഫിക്കറ്റുകളും ലഭിക്കുമെന്ന് ഡയറക്ടര്‍ ഫാ. ജോര്‍ജ് മാന്തുരുത്തിലും നൂറുമേനി ചെയര്മാന് സണ്ണി തോമസ് ഇടിമണ്ണിക്കലും അറിയിച്ചു.
നൂറുമേനി സീസണ്-2 പഠനപുസ്തകം അതിരൂപത ബിഷപ്സ് ഹൗസില്‍ സന്ദേശനിലയത്തിലുളള കുടുംബക്കൂട്ടായ്മ ഓഫീസില്‍ ലഭിക്കും. ഫോൺ: 7306208356, 9961369380.