ആറുകോടിയുടെ ഫാം സ്വന്തമാക്കിയെന്ന് എ.പി. ജയനോട് വിട്ടുവീഴ്ചയില്ലാതെ സിപിഐ
1375043
Friday, December 1, 2023 11:43 PM IST
പത്തനംതിട്ട: അനധികൃത സ്വത്തുസമ്പാദന പരാതിയിൽ പത്തനംതിട്ട ജില്ലാ സെക്രട്ടറി എ.പി. ജയനെതിരായ സിപിഐ നടപടി പ്രതീക്ഷിച്ചിരുന്നത്. തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളിൽനിന്നും ജയനെ നീക്കിയതിലൂടെ പാർട്ടി അഴിമതിക്കെതിരേ ഒരു വിട്ടുവീഴ്ചയും ഇല്ലെന്നതാണ് വ്യക്തമാക്കിയത്.
അദ്ദേഹം താമസിക്കുന്ന അടൂർ 14-ാം മൈൽ ബ്രാഞ്ചിലേക്കാണ് തരംതാഴ്ത്തിയത്. കമ്യൂണിസ്റ്റ് പാർട്ടിയിൽ തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളിൽനിന്നും ഒഴിവാക്കിയ സംഭവം ജില്ലയിൽ ആദ്യമാണെന്നാണ് അറിയുന്നത്. വ്യാഴാഴ്ച തിരുവനന്തപുരത്ത് നടന്ന സംസ്ഥാന എക്സിക്യൂട്ടീവിലാണ് എ.പി. ജയനെതിരായ നടപടി വന്നിരിക്കുന്നത്.
മുതിർന്ന നേതാവും മുൻമന്ത്രിയും കൊല്ലം ജില്ലക്കാരനുമായ മുല്ലക്കര രത്നാകരന് ജില്ലാ സെക്രട്ടറിയുടെ താത്കാലിക ചുമതല നൽകി. പാര്‍ട്ടി ജില്ലാ സമിതിയംഗവും ജില്ലാ പഞ്ചായത്തംഗവുമായ ശ്രീനാദേവി കുഞ്ഞമ്മയാണ് എ.പി. ജയനെതിരേ 2022 ജൂലൈയിൽ പാര്‍ട്ടിക്ക് പരാതി നല്‍കിയത്. അടൂരില്‍ വീടിന് സമീപത്ത് ആറു കോടിയുടെ ഫാം സ്വന്തമാക്കി എന്നതായിരുന്നു ആരോപണം.
അനധികൃത സ്വത്തുസമ്പാദനം നടത്തിയെന്ന പരാതിയിൽ എ.പി. ജയനെതിരേ വിശദമായ അന്വേഷണത്തിന് പാര്‍ട്ടി കമ്മീഷനെ നിയോഗിച്ചിരുന്നു. കെ.കെ. അഷ്റഫ്, ആർ. രാജേന്ദ്രൻ, സി.കെ. ശശിധരൻ, പി. വസന്തം എന്നിവരായിരുന്നു സമിതിയിലെ അംഗങ്ങൾ.
പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടതിനെത്തുടർന്നാണ് വിശദമായ അന്വേഷണം നടത്താൻ പാര്‍ട്ടി തീരുമാനിച്ചത്. പാര്‍ട്ടി തേടിയ വിശദീകരണത്തിന് ജയൻ നൽകിയ മറുപടി തൃപ്തികരമല്ലെന്ന് കമ്മീഷൻ തീരുമാനത്തിലെത്തി എക്സിക്യൂട്ടിൽ റിപ്പോർട്ട് വയ്ക്കുകയായിരുന്നു.പാർട്ടി കമ്മീഷനെ നിയോഗിച്ചതിൽ എ.പി. ജയന് കടുത്ത അതൃപ്തിയുണ്ടായിരുന്നു.
പാർട്ടി പരിപാടികളിൽനിന്ന് വിട്ടുനിൽക്കുകയും ചെയ്തു. ഇതിനിടെ കമ്മീഷൻ അംഗം കെ.കെ. അഷ്റഫിന്റെ തെളിവെടുപ്പ് ഫോണിൽ റിക്കാർഡ് ചെയ്ത് പുറത്തുവിട്ടതായും ആരോപണം ഉയർന്നു. കാനം രാജേന്ദ്രനൊപ്പം നിൽക്കുന്നവരെത്തന്നെ അന്വേഷണ കമ്മീഷൻ അംഗങ്ങളായി നിയോഗിച്ചതും എ.പി. ജയൻ പക്ഷത്തിന്റെ വിമർശനത്തിന് ഇടയാക്കി. തനിക്കെതിരായി നീങ്ങിയ ജില്ലയിലെ യുവനിരയെ വെട്ടിയൊതുക്കാനും ജയൻ ഇതിനിടെ ശ്രമിച്ചിരുന്നു.
അവധി എടുത്തതിന്റെ പേരിൽ കഴിഞ്ഞ ദിവസം ജില്ലാ കമ്മിറ്റിയിൽനിന്ന് ഒഴിവാക്കിയ പത്തനംതിട്ട മണ്ഡലം സെക്രട്ടറി എസ്. അബ്ദുൾ ഷുക്കൂറിനെ തിരിച്ചെടുക്കാൻ പാർട്ടി സംസ്ഥാന എകിസിക്യൂട്ടീവ് തീരുമാനിച്ചതായാണ് അറിവ്.
കഴിഞ്ഞ പാർട്ടി സമ്മേളനത്തിൽ വിഭാഗീയ പ്രവർത്തനം നടത്തിയെന്ന പരാതിയിൽ ജില്ലാ കമ്മിറ്റി അംഗങ്ങളായ അരുൺ കെ.എസ്. മണ്ണടി, എഐവൈഎഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി ആർ. ജയൻ എന്നിവർക്കെതിരേ അന്വേഷണം നടത്താനും ജയൻ പക്ഷത്തിന് ഭൂരിപക്ഷമുള്ള ജില്ലാ എക്സിക്യൂട്ടീവിൽ തീരുമാനിച്ചിരുന്നു.
എ.പി. ജയനെതിരേ പരാതി നൽകിയ ശ്രീനാദേവി കുഞ്ഞമ്മയോട് ഒപ്പമുള്ളവരെയാണ് തെരഞ്ഞുപിടിച്ച് വെട്ടിയൊതുക്കിയത്. പ്രതികാര രാഷ്ട്രീയത്തിനെതിരേ ജില്ലയിലെ യുവനിര പാർട്ടി സംസ്ഥാന നേതൃത്വത്തിന് പരാതി നൽകിയിട്ടുണ്ട്.
ദേശീയ നേതൃത്വത്തിനു പരാതി നല്‍കും: എ.പി. ജയൻ
പത്തനംതിട്ട: സിപിഐ ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് ഒഴിവാക്കപ്പെട്ട എ.പി. ജയൻ ദേശീയ നേതൃത്വത്തിന് പരാതി നൽകും. തനിക്ക് പറയാനുള്ളത് കേൾക്കാതെയാണ് തന്നെ ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്താൻ സംസ്ഥാന എക്സിക്യൂട്ടീവ് തീരുമാനിച്ച വിവരം മാധ്യമങ്ങളിലൂടെ അറിഞ്ഞതെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടും.
സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന് തനിക്കെതിരേ ഉയർന്ന ആരോപണം അടിസ്ഥാന രഹിതമാണ്. പശു ഫാം തുടങ്ങിയത് മരുമകനും കൂട്ടുകാരും ചേർന്നാണ്. അതിലെ നോമിനൽ പാർട്ണർ മാത്രമാണ് താൻ. കമ്യൂണിസ്റ്റുകാരന് പശു ഫാം നടത്താൻ പാടില്ലേ? 62 ലക്ഷം രൂപ ചെലവിൽ നിർമിച്ച പശുഫാമിന്റെ കണക്കുകൾ പാർട്ടിയുടെ അന്വേഷണ കമ്മീഷന് സമർപ്പിച്ചിരുന്നു.
അനധികൃതമായി ഒന്നും സമ്പാദിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എ.പി. ജയനെതിരായ നടപടിയിൽ പ്രതിഷേധിച്ച് അദ്ദേഹം ഉൾപ്പെടുന്ന അടൂർ പെരിങ്ങനാട് വടക്ക് ലോക്കൽ കമ്മിറ്റിയംഗങ്ങൾ ഒന്നടങ്കം രാജിവച്ചിട്ടുണ്ട്.