മാർത്തോമ്മാ സഭ വൈദിക കോൺഫറൻസ് സമാപിച്ചു
1375041
Friday, December 1, 2023 11:43 PM IST
ചെറുകോൽപ്പുഴ: വർത്തമാനകാല യുവതയ്ക്കൊപ്പം അവരുടെ പ്രതിസന്ധികൾ മനസിലാക്കി വൈദികർ പ്രചോദനം ഉൾക്കൊണ്ടു കൊണ്ട് പ്രവർത്തിക്കണമെന്ന് ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത.
മാർത്തോമ്മാ സഭ വാർഷിക വൈദിക കോൺഫറൻസിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മെത്രാപ്പോലീത്ത. സമൂഹത്തിന്റെ പ്രതിസന്ധികളെ തിരിച്ചറിഞ്ഞ് ഈ കാലഘട്ടത്തിൽ ദൗത്യ മേഖലകൾ വിസ്തൃതമാക്കണമെന്നും മെത്രാപ്പോലീത്ത ആഹ്വാനം ചെയ്തു.
മാർത്തോമ്മാ സഭയിൽ പുതിയതായി നിയമിച്ച മൂന്ന് വികാരി ജനറാൾമാരുടെ നിയോഗ ശ്രുശ്രൂഷ വിശുദ്ധ കുർബാന മധ്യേ നടത്തപ്പെട്ടു. വിശുദ്ധ കുർബാനയ്ക്ക് തോമസ് മാർ തിമോത്തിയോസ് എപ്പിസ്കോപ്പാ കാർമികത്വം വഹിച്ചു.
റവ. തോമസ് കെ. ജേക്കബ്, റവ. ഷാം പി. തോമസ്, റവ. കെ.വി. ചെറിയാൻ എന്നീ വൈദികർ വികാരി ജനറാൾമാരായി ചുമതലയേറ്റു.സഭാ സെക്രട്ടറി റവ. എബി റ്റി. മാമ്മൻ, കോൺഫറൻസ് കൺവീനർ റവ. ബിജു കെ. ജോർജ്, കോൺഫറൻസ് ട്രഷറർ റവ. ജോർജ് യോഹന്നാൻ എന്നിവർ പ്രസംഗിച്ചു.
യുയാക്കീം മാർ കുറിലോസ് സഫ്രഗൻ മെത്രാപ്പോലീത്ത, ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രാപ്പോലീത്ത, എപ്പിസ്കോപ്പമാരായ ഐസക് മാർ പീലക്സിനോസ്, ഏബ്രഹാം മാർ പൗലോസ്, മാത്യൂസ് മാർ മക്കാറിയോസ്, ഗ്രിഗോറിയോസ് മാർ സ്തേഫാനോസ്, തോമസ് മാർ തീത്തോസ്, റന്പാന്മാരായ റവ. സാജു സി. പാപ്പച്ചൻ, ഡോ. ജോസഫ് ഡാനിയേൽ , മാത്യു കെ. ചാണ്ടി തുടങ്ങിയവർ പങ്കെടുത്തു.