എച്ച്ഐവി അണുബാധിതരെ മുഖ്യധാരയിലേക്കു കൊണ്ടുവരുന്നതിന് കൂട്ടായ പ്രവര്‍ത്തനം വേണം: ജില്ലാ കളക്ടര്‍
1375039
Friday, December 1, 2023 11:43 PM IST
പത്തനംതിട്ട: എച്ച്ഐവി അണുബാധ കേരളത്തില്‍നിന്ന് തുടച്ചുനീക്കുന്നതിനും അണുബാധിതരെ മുഖ്യധാരയിലേക്കു കൊണ്ടുവരുന്നതിനും കൂട്ടായപ്രവര്‍ത്തനം വേണമെന്നു ജില്ലാ കളക്ടര്‍ എ. ഷിബു.
ലോകഎയ്ഡ്സ് ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ജില്ലാതലപരിപാടിയില്‍ മുഖ്യാതിഥിയായി പങ്കെടുത്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. റാലിയില്‍ പങ്കെടുത്ത് ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയ നഴ്സിംഗ് കോളജുകള്‍ക്കുള്ള ട്രോഫി ജില്ലാ കളക്ടര്‍ വിതരണം ചെയ്തു.
ആരോഗ്യവും വിദ്യാഭ്യാസവും സ്ഥിരംസമിതി അധ്യക്ഷന്‍ ആര്. അജയകുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എല്‍. അനിതകുമാരി മുഖ്യസന്ദേശം നല്കി. ഡെപ്യൂട്ടി ഡിഎംഒ ഡോ. സി.എസ്. നന്ദിനി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ഡോ. നിരണ് ബാബു, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എസ്. ശ്രീകുമാര്‍, നഗരസഭാ ആരോഗ്യസ്ഥിരം സമിതി അധ്യക്ഷന്‍ ജെറി അലക്സ്, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷന്‍ എസ്. ഷമീര്‍, നഗരസഭാംഗം റോസിലിന് സന്തോഷ്, ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഐപ്പ് ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.
ബോധവത്കരണറാലി
പത്തനംതിട്ട: ജില്ലാതല എയ്ഡ്സ് ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ബോധവത്കരണറാലി ജില്ലാ പോലീസ് മേധാവി വി. അജിത് ഫ്ളാഗ് ഓഫ് ചെയ്തു.
കളക്ടറേറ്റ് വളപ്പില്‍ നിന്നാരംഭിച്ച റാലി നഗരം ചുറ്റി ഗീതാഞ്ജലി ഓഡിറ്റോറിയത്തില്‍ സമാപിച്ചു. ഗീതാഞ്ജലി ഓഡിറ്റോറിയത്തില്‍ നടന്ന ജില്ലാതല ഉദ്ഘാടനത്തില്‍ നഴ്സിംഗ് വിദ്യാര്‍ഥികള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു.