റാന്നി പെരുമ്പുഴ സ്റ്റാന്‍ഡില്‍ ബസുകള്‍ കയറ്റി തുടങ്ങി
1374806
Friday, December 1, 2023 12:23 AM IST
റാന്നി: റാന്നി ബോര്‍ഡ് വച്ചു വരുന്നതും റാന്നി വഴി പോകുന്നതുമായ ദീര്‍ഘദൂര ബസുകളും റാന്നി പെരുമ്പുഴ ബസ് സ്റ്റാന്‍ഡില്‍ കയറിത്തുടങ്ങി.
ബസുകള്‍ ഇവിടെ മൂന്ന് മിനിറ്റ് നേരം നിര്‍ത്തണമെന്നു ഹൈക്കോടതി വിധി നിലവില്‍ ഉള്ളതാണ്. റാന്നി ബസ് പാസഞ്ചേഴ്സ് അസോസിയേഷന് നല്കിയ കേസില്‍ നേരത്തേ തന്നെ വിധി വന്നിരുന്നതാണ്.
എന്നാല്‍, കെഎസ്ആര്‍ടിസി ബസുകളും ചില സ്വകാര്യ ബസുകളും സ്റ്റാന്‍ഡില്‍ കയറാതെ പുറത്തു നിര്‍ത്തി ആളെ കയറ്റുകയും ഇറക്കുകയും ചെയ്യുന്നത് കാരണം പെരുമ്പുഴയില്‍ അപകടങ്ങളും ഗതാഗതക്കുരുക്കും പതിവായിരുന്നു.
ബസ് കയറാന്‍ എത്തുന്നവര്‍ക്ക് നെട്ടോട്ടം ഓടേണ്ട അവസ്ഥയുമായിരുന്നു. ഇതും അപകടം വരുത്തി വച്ചിരുന്നു.
റാന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റാന്നി ഡിവൈഎസ്പിയുമായി നടത്തിയ ചര്‍ച്ചയില്‍ ഒരു ഹോം ഗാര്‍ഡിനെ പെരുമ്പുഴയില്‍ നിയമിക്കുകയും ചെയ്തു.
സ്റ്റാന്‍ഡില്‍ കയറാത്ത വാഹനങ്ങള്‍ പഞ്ചായത്ത് പ്രസിഡന്റ്് പ്രകാശ് കുഴിക്കാലയുടെ നേതൃത്വത്തില്‍ തടഞ്ഞുനിര്‍ത്തി സ്റ്റാന്‍ഡില്‍ കയറ്റുകയും നിരന്തരമായി ഇത് പാലിക്കപ്പെടണമെന്ന് നിര്‍ദേശം നല്‍കുകയും ചെയ്തു. ഇന്നലെ രാവിലെ മുതല്‍ എല്ലാ ബസുകളും സ്റ്റാന്‍ഡില്‍ കയറിത്തുടങ്ങുകയും ചെയ്തു.