സി. കേശവന് സ്മാരക സ്ക്വയര്‍ നവീകരണം അവസാനഘട്ടത്തില്‍
1374805
Friday, December 1, 2023 12:23 AM IST
കോഴഞ്ചേരി: സി. കേശവന് സ്മാരക സ്ക്വയറിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തില്‍. പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സി. കേശവന്റെ നിലവിലുള്ള വെങ്കല പ്രതിമയുടെ കേടുപാടുകള്‍ മാറ്റി നവീകരിച്ച പ്രതിമ സ്മാരക സ്ക്വയറില്‍ പുനഃസ്ഥാപിച്ചു. സ്ക്വയറിലെ വൈദ്യുതീകരണത്തിന്റെ പണികള്‍ ഏകദേശം പൂര്‍ത്തിയായി.
തറയില്‍ പാകാനുള്ള അലങ്കാര ടൈലുകളുടെയും പുല്‍ത്തകിടിയുടെയും പണികള്‍ പുരോഗമിച്ചുവരുന്നു. ഈ മാസം അവസാനത്തോടെ സ്മാരക സ്ക്വയര്‍ പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കാന്‍ കഴിയുമെന്ന് ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് അസി. എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ ബിന്ദു എസ്. കരുണാകരന് പറഞ്ഞു.
കേരള ചരിത്രത്തിലെ ജ്വലിച്ചുനില്ക്കുന്ന ഓര്‍മയായ നിവര്‍ത്തന പ്രക്ഷോഭത്തിന്റെ നായകനായിരുന്ന സി. കേശവന് 1935 മെയ് 13ന് കോഴഞ്ചേരിയില്‍ നടത്തിയ ചരിത്രപ്രസിദ്ധമായ പ്രസംഗത്തിന്റെ സ്മരണയ്ക്കായാണ് കോഴഞ്ചേരി ടൗണില്‍ മധ്യഭാഗത്ത് സി. കേശവന്റെ വെങ്കല പ്രതിമയും സ്ക്വയറും സ്ഥാപിച്ചത്.
ഇതിന്റെ നവീകരണത്തിനായി സ്ഥലം എംഎല്‍എയും മന്ത്രിയുമായ വീണാ ജോര്‍ജ് തന്റെ തനത് ഫണ്ടില്‍നിന്ന് അനുവദിച്ച 20 ലക്ഷം രൂപ ബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് നവീകരണ ജോലികള്‍ നടക്കുന്നത്.
നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്തിനാണ്. ആകര്‍ഷകമായ ചെടികളും പുല്‍ത്തകിടിയും വച്ചു സ്ക്വയര്‍ മനോഹരമാക്കുന്നതോടെ സി. കേശവന് സ്ക്വയര്‍ ആകര്‍ഷകമായി മാറും.