ഓമല്ലൂര്‍ സഹകരണ ബാങ്ക് ഓഡിറ്റ് റിപ്പോര്‍ട്ട് : അറ്റാദായ നഷ്ടം 40 കോടി കടന്നു
1374802
Friday, December 1, 2023 12:23 AM IST
പത്തനംതിട്ട: ഓമല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ അറ്റാദായ നഷ്ടം 40 കോടി കടന്നതായി 2021-2022ലെ ഓഡിറ്റ് റിപ്പോര്‍ട്ട്. 2022-23ലെ ഓഡിറ്റ് റിപ്പോര്‍ട്ട് ലഭ്യമായിട്ടില്ലെന്നു വിവരാകാശ നിയമപ്രകാരം ജോയിന്റ് രജിസ്ട്രാര്‍ ഓഫീസില്‍നിന്നും ലഭിച്ച മറുപടിയില്‍ പറയുന്നു.
എന്നാല്‍, കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ബാങ്കിന്റെ നഷ്ടം നിലവിലുള്ളതിനേക്കാള്‍ അധീകരിക്കുമെന്നാണ് വിലയിരുത്തല്‍. 2007 വരെ ജില്ലയിലെ പ്രമുഖ ബാങ്കുകളില്‍ ഒന്നായി ക്ലാസ് വണ്‍ സ്പെഷല്‍ ഗ്രേഡായാണ് സംഘം പ്രവര്‍ത്തിച്ചിരുന്നത്. 16 വര്‍ഷം കൊണ്ട് 40 കോടിയില്‍പരം രൂപ അറ്റാദായ നഷ്ടത്തില്‍ എത്തിനില്ക്കുന്നതു ന്യായീകരിക്കാന്‍ പറ്റുന്നതല്ലെന്ന് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. പ്രവര്‍ത്തനനഷ്ടം മാത്രമല്ല ഈ അവസ്ഥയ്ക്ക് കാരണം.
കാലാകാലങ്ങളില്‍ അധികാരത്തില്‍ വന്ന ഭരണസമിതികളും അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയും ഇതില്‍ കുറ്റക്കാരാണ്. ജീവനക്കാരുടെ കെടുകാര്യസ്ഥതയും ഉദാസീന മനോഭാവവും ആത്മാര്ഥതയില്ലായ്മയുമാണ് സംഘത്തിനു കരകയറാന്‍ ആവാത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് എത്തിച്ചതെന്നും ഓഡിറ്റില്‍ കുറ്റപ്പെടുത്തുന്നുണ്ട്. ഇടതുമുന്നണി ഭരിക്കുന്ന ബാങ്കില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായ ഓമല്ലൂര്‍ ശങ്കരനാണ് പ്രസിഡന്റ്.
ഭരണസമിതിയും ജീവനക്കാരും പരാജയം
കഴിഞ്ഞ വര്‍ഷങ്ങളില്‍ സംഘത്തിന്റെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കാനോ കണക്കുകള്‍ ക്രമപ്പെടുത്താനോ ആവശ്യമായ നടപടികള്‍ ഒന്നും തന്നെ ഭരണസമിതിയുടെയും ജീവനക്കാരുടെയും ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല എന്നത് അത്യന്തം ഖേദകരമാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ബാങ്കിനന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടത്തിക്കൊണ്ടു പോകാന്‍ സാധിക്കാത്തവിധം സാമ്പത്തിക പ്രതിസന്ധിയിലാണ് നിലവിലെ അവസ്ഥയെന്നു റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. മൊത്തം വരുമാനത്തിന്റെ 94.48 ശതമാനത്തോളം പലിശച്ചെലവിന് എടുക്കേണ്ടി വരുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. സാമ്പത്തിക അച്ചടക്കമില്ലായ്മ, ദൈനംദിന പ്രവര്‍ത്തനങ്ങള്‍ സുഗമമായി മുന്നോട്ടുകൊണ്ടുപോകാനാകാത്ത സാമ്പത്തിക പ്രതിസന്ധി, നിക്ഷേപശോഷണം, ഭീമമായ അറ്റാദായനഷ്ടം എന്നിവ പരിഗണിച്ച് സഹകരണനിയമ വകുപ്പ് 65/66 പ്രകാരം ഭരണവിഭാഗത്തില്നിന്നും ഒരു വിശദപരിശോധനയോ അന്വേഷണമോ നടത്തുന്നത് ഉചിതമായിരിക്കുമെന്നും റിപ്പോ്ട്ടില് ചൂണ്ടിക്കാട്ടുന്നു.
വായ്പാ-ചിട്ടി കുടിശികയില്‍ വര്‍ധന
ബാങ്കിലെ സ്ഥിരം ജീവനക്കാരില്‍നിന്നും സ്വീകരിച്ചിട്ടുള്ള സ്റ്റാഫ് സുരക്ഷാ നിക്ഷേപത്തില്‍ ഉള്‍പ്പെട്ട 3,71,750 രൂപാ പോലും നാളിതുവരെയും ജില്ലാ ബാങ്കില്‍ നിക്ഷേപിച്ചിട്ടില്ല. കൂടാതെ വര്‍ധിച്ച വായ്പ, ചിട്ടി കുടിശികകളും വിഷയമാണ്.
2008-09 കാലയളവുമുതലുള്ള ഇടപാടുകാര്‍ നല്‍കാനുള്ള പണം സമയബന്ധിതമായ ഈടാക്കാനുള്ള നടപടിയും ഉണ്ടായിട്ടില്ലെന്നും ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. അറ്റാദായ നഷ്ടത്തോടൊപ്പം ഇതുവരെ 31.36 കോടി രൂപയുടെ നിക്ഷേപ ശോഷണവും രേഖപ്പെടുത്തിയിട്ടുണ്ട്. 2021-22 സാമ്പത്തിക വര്‍ഷം മാത്രം എസ്റ്റാബ്ലിഷ് മെന്റ് ഇനത്തില്‍ 1.25 കോടി രൂപയും കണ്ടിജന്‍സി ഇനത്തില്‍ 1.56 കോടി രൂപയും ചെലവഴിച്ചതായും പരാമര്‍ശിച്ചിട്ടുണ്ട്.
നഷ്ടകണക്ക്
2010-11 വര്‍ഷത്തില്‍ ഏഴു കോടി രൂപയായിരുന്നു അറ്റാദായ നഷ്ടം. 2012 വരെ കിട്ടാനുള്ള പലിശ മൂന്നു കോടിക്ക് മുകളിലായിരുന്നു. എന്നാല്‍ 2011ല്‍ ഇതു വെറും 42 ലക്ഷം രൂപയായി കുറഞ്ഞിരുന്നെങ്കിലും 2012-ല്‍ നാലര കോടി രൂപയായി കൂടിയതായും കണക്കുകള്‍ സൂചിപ്പിക്കുന്നു.
2015-ല്‍ വീണ്ടും 5.7 കോടി രൂപയായി ഉയര്‍ന്നു. 2016-ല്‍ ഇത് 2.82 കോടിയായി കുറഞ്ഞു. 2018-2019 വര്‍ഷങ്ങളില്‍ 3.9 കോടി രൂപയും 2020-ല്‍ 5.38 കോടി രൂപയും വര്‍ധിച്ചു. 2021-ല്‍ 4.68 കോടിയായിരുന്നു നഷ്ടമെന്നാണ് ഓഡിറ്റില്‍ പറയുന്നത്. 2021-22 സാമ്പത്തിക വര്‍ഷം വരെ 40,80,81,048 രൂപയാണ് അറ്റാദായ നഷ്ടമായി കണ്ടെത്തിയത്. പുതിയ വായ്പകള്‍ അനുവദിക്കാനോ സ്വര്‍ണപ്പണയം സ്വീകരിക്കാനോ പറ്റാത്ത അവസ്ഥയിലാണെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
കോടതിയിലേക്ക്
സാമ്പത്തിക പ്രതിസന്ധിയിലായ ഓമല്ലൂര്‍ സര്‍വീസ് സഹകരണ സംഘത്തിലെ നിക്ഷേപകര്‍ കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. 40ഓളം നിക്ഷേപകര്‍ ചേര്‍ന്ന് സഹകരണ സംരക്ഷണസമിതി രൂപീകരിച്ച് മുഖ്യമന്ത്രി, വകുപ്പ് മന്ത്രി, സ്ഥലം എംഎല്‍എയും മന്ത്രിയുമായ വീണാ ജോര്‍ജ്, ക്രൈം ബ്രാഞ്ച്, സഹകരണ വകുപ്പ് രജിസ്റ്റാര്‍, ബാങ്ക് പ്രസിഡന്റ് ഓമല്ലൂര്‍ ശങ്കരന്, സെക്രട്ടറി ഹരിപ്രസാദ്, ഓമല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ജോണ്സണ് വിളവിനാല്‍ എന്നിവര്‍ക്കു പരാതി നല്‍കിയിട്ടുണ്ട്.
തങ്ങള്‍ക്കു മാത്രം രണ്ടര കോടിയോളം രൂപ ലഭിക്കാന്‍ ഉണ്ടെന്നാണ് പരാതി നല്കിയവര് പറയുന്നത്. നവകേരള സദസ് പത്തനംതിട്ടയില്‍ എത്തുമ്പോള്‍ പണം തിരികെ ലഭിക്കാനുള്ള മുഴുവന്‍ നിക്ഷേപകരെയും കൂട്ടി മുഖ്യമന്ത്രിക്കു നിവേദനം നല്‍കാനും പരിഹാരം കാണാനായില്ലെങ്കില്‍ കോടതിയെ സമീപിക്കാനുമാണ് സമിതിയുടെ തീരുമാനമെന്ന് കണ്‍വീനര്‍മാരായ ചന്ദ്രശേഖരന് പിള്ള രാധാനിലയം, കെ.ആര്. അശോകന് ആകാശ് ഭവന് എന്നിവര്‍ അറിയിച്ചു.