അടൂർ കെഎസ്ആർടിസി സ്റ്റാൻഡിൽ തെരുവുനായശല്യം രൂക്ഷം
1374799
Friday, December 1, 2023 12:23 AM IST
അടൂർ: കെഎസ്ആർടിസി ഡിപ്പോയിൽ തെരുവുനായ ശല്യം രൂഷമായതോടെ യാത്രക്കാരും ജീവനക്കാരും ഭീതിയിൽ. കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കുള്ളിൽ അഞ്ചോളം ജീവനക്കാരെയാണ് ഡിപ്പോയിൽ തമ്പടിച്ചിരിക്കുന്ന നായ്ക്കൾ ആക്രമിച്ചത്.
നായ്ക്കളിൽ ഏറെയും ഡിപ്പോയുടെ ഗാരേജിന്റെ ഭാഗത്തായാണ് തന്പടിച്ചിരിക്കുന്നത്. പാർക്കു ചെയ്തിരിക്കുന്ന ബസുകൾക്കടിയിലും നായ്ക്കൾ താവളമാക്കിയിട്ടുണ്ട്. ബസ് കാത്തു നിൽക്കുന്ന ഭാഗത്തായും നായ്ക്കൾ കിടക്കുന്നതിനാൽ ബസിലേക്കു കയറാനും യാത്രക്കാർ ഭയപ്പെടുകയാണ്. ശുചിമുറി ഭാഗത്ത് നായ്ക്കൾ അക്രമകാരികളായതോടെ ജീവനക്കാരും യാത്രക്കാരും ഭിതിയോടെയാണ്.
ഇവിടെ കിടക്കുന്ന നായ്ക്കൾ ശല്യമാകുന്നതു ശ്രദ്ധയിൽപ്പെടുത്തിയിട്ടും നഗരസഭാ അധികൃതർ നടപ്പടിക്ക് തയാറായില്ലെന്ന പരാതിയും ഉയർന്നു. കഴിഞ്ഞ ദിവസം ശുചിമുറിയിലേക്കു പോയ ഡ്രൈവർ മധുവിന്റെ ഇടതുകാലിൽ പിന്നിൽനിന്നു ചാടിയെത്തിയ നായ കടിച്ചു പരിക്കേല്പിച്ചിരുന്നു.
ഇതിനു രണ്ടു ദിവസം മുന്പാണ് മെക്കാനിക്കൽ ജീവനക്കാരെ നായ്ക്കൾ ആക്രമിച്ചത്. ജീവനക്കാർ ഓടിച്ചു വിടുന്നുണ്ടെങ്കിലും പിന്നെയും നായ്ക്കൾ ഇവിടെ തന്നെ തമ്പടിക്കുകയാണ്. നായ്ക്കൾ ആക്രമണകാരികളായതോടെ ഇവയെ ഓടിച്ചു വിടാനും കഴിയുന്നില്ല.
അടൂർ സെൻട്രൽ ജംഗ്ഷൻ തട്ട റോഡ് ഭാഗത്തും സെൻട്രൽ മാർക്കറ്റിന്റെ ഭാഗത്തും ആക്രമണകാരികളായ നായ്ക്കൾ ഒട്ടേറെയുണ്ട്.
നഗരത്തിൽ നായ്ക്കൾ കൂട്ടമായി ആക്രമികളായി മാറുമ്പോഴും നടപടിക്ക് തയാറാക്കാത്ത ഉദ്യോഗസ്ഥരുടെ മനോഭാവം വെല്ലുവിളിയാണെന്ന് നാട്ടുകാർ പറഞ്ഞു.