കോന്നി ടൗണിലെ സിസിടിവി കാമറകള്‍ മോഷണം പോയി
1374797
Friday, December 1, 2023 12:23 AM IST
കോന്നി: ടൗണില്‍ വ്യാപാരി വ്യവസായി ഏകോപന സമിതിയും സ്വകാര്യ സ്ഥാപനങ്ങളും ചേര്‍ന്ന് സ്ഥാപിച്ചിരുന്ന സിസിടിവി കാമറകള്‍ മോഷണം പോയി. 2019-20 വര്‍ഷമാണ് വിവിധ ഭാഗങ്ങളില്‍ കാമറകള്‍ സ്ഥാപിച്ചത്.
ഇത്തരത്തില്‍ 15 കാമറകള്‍ സ്ഥാപിച്ചിരുന്നു. സംസ്ഥാനപാതയിലെ പ്രധാന ജംഗ്ഷനുകളിലും പോലീസ് സ്റ്റേഷന്, താലൂക്ക് ആശുപത്രി തുടങ്ങിയ സ്ഥലങ്ങളിലുമാണ് കാമറ സ്ഥാപിച്ചിരുന്നത്. നിലവില്‍ പോലീസ് സ്റ്റേഷന്, ചൈനാമുക്ക് തുടങ്ങിയ സ്ഥലങ്ങളില്‍ മാത്രമാണ് കാമറ ഉള്ളത്. കാമറകള്‍ മോഷണം പോയതാണോയെന്ന കാര്യത്തിലും വ്യക്തതയില്ലെന്നു പറയപ്പെടുന്നു. റോഡ് വികസനവുമായി ബന്ധപ്പെട്ട് പല കാമറകളും നീക്കം ചെയ്തതായും പിന്നീട് പുനഃസ്ഥാപിച്ചിരുന്നില്ലെന്നും പറയുന്നുണ്ട്.
ഇതുസംബന്ധിച്ച് കഴിഞ്ഞ ദിവസം വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികള്‍ കാമറകള്‍ കാണുന്നില്ലെന്ന് പരാതിപ്പെടുമ്പോഴാണ് പോലീസ് വിവരം അറിയുന്നത്. പ്രധാന പാതകളില്‍ നടക്കുന്ന അപകടങ്ങളെ സംബന്ധിച്ച് വ്യക്തത വരുത്താനും കുറ്റകൃത്യങ്ങളും മാലിന്യം തള്ളുന്നതും ഉള്‍പ്പെടെയുള്ള കണ്ടെത്താനായിരുന്നു ഇവ സ്ഥാപിച്ചിരുന്നത്.
പോലീസിന് ഉള്‍പ്പെടെ ഈ കാമറകള്‍ സഹായകരമായിരുന്നു. നിലവില്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള കാമറകളിലെ ദൃശ്യങ്ങളാണ് പോലീസ് പല കാര്യങ്ങള്‍ക്കായും ഉപയോഗിക്കുന്നത്. കഴിഞ്ഞ ദിവസം ചിറ്റൂര്മുക്കിനു സമീപം ബൈക്കില്‍ അഗ്നിരക്ഷാസേനയുടെ വാഹനം ഇടിച്ചിട്ടു പോയത് കണ്ടെത്താനും സിസിടിവി ദൃശ്യത്തെ ആശ്രയിക്കേണ്ട അവസ്ഥയുണ്ടായിരുന്നു.
പിഎം റോഡിന്റെ അവസാനഘട്ട നിര്‍മാണം പൂര്‍ത്തീകരിക്കുമ്പോള്‍ പ്രധാന ജംഗ്ഷനുകളില്‍ അടക്കം സിഗ്നല്‍ ലൈറ്റുകളും കാമറകളും സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. നിലവില്‍ ടൗണില്‍ സ്ഥാപിച്ചിരുന്ന കാമറുകളുടെ നിരീക്ഷണ കേന്ദ്രം പ്രവര്ത്തിച്ചിരുന്നതാകട്ടെ പോലീസ് സ്റ്റേഷനിലായിരുന്നുവെന്നതും കൗതുകകരമാണ്.
കാമറകള്‍ അപ്രത്യക്ഷമായിട്ടും അത് അറിയാതെ പോലീസ് സ്റ്റേഷനില്‍ എന്തു നിരീഷണമാണ് നടക്കുന്നതെന്നാണ് നാട്ടുകാരുടെ ചോദ്യം ഉയരുന്നത്.