കുരുന്നുകൾക്ക് ആവേശമായി ആദ്യ വിമാനയാത്ര
1374553
Thursday, November 30, 2023 1:00 AM IST
റാന്നി: കുരുന്നുകൾക്ക് ആവേശമായി ആദ്യ വിമാനയാത്ര. ഇന്നലെ രാവിലെ പ്രമോദ് നാരായൺ എംഎൽഎയ്ക്കൊപ്പം നെടുന്പാശേരി വിമാനത്താവളത്തിൽനിന്ന് തിരുവനന്തപുരത്തേക്ക് ആദ്യ വിമാനയാത്ര നടത്തിയപ്പോൾ കുഞ്ഞിക്കണ്ണുകളിൽ അത്ഭുതവും സന്തോഷവും നിറഞ്ഞു.
റാന്നി അത്തിക്കയം ഗവൺമെന്റ് എൽപി സ്കൂളിലെ ഏഴ് കുട്ടികൾ അടക്കം 20 പേർക്കും പരുവ സ്കൂളിലെ ആറ് കുട്ടികൾ അടങ്ങുന്ന സംഘവുമാണ് എംഎൽഎയ്ക്കൊപ്പം വിമാനയാത്ര നടത്തിയത്.
വീടിന് മുകളിലൂടെ കിലോമീറ്റർ ഉയരത്തിൽ പറന്നു പോകുന്ന വിമാനം മാത്രമാണ് ഇതുവരെ അവർ കണ്ടിട്ടുള്ളത്. വിമാനത്താവളവും വിമാനവും എല്ലാം കുട്ടികൾക്ക് പുതിയ അനുഭവമായിരുന്നു.
റാന്നി നോളജ് വില്ലേജ് പദ്ധതിയുടെ ഭാഗമായി പഠനത്തോടൊപ്പം വ്യത്യസ്ത അനുഭവങ്ങൾ കുട്ടികളിലേക്ക് പകർന്നു നൽകുക എന്ന ഉദ്ദേശ്യത്തോടെയാണ് ഇവർക്കായി വിമാനയാത്ര ഒരുക്കിയത്. പരുവ എൽപി സ്കൂൾ ഹെഡ്മാസ്റ്റർ അനിൽ ബോസ് ഭാര്യ അത്തിക്കയം എൽപി സ്കൂൾ പ്രഥമാധ്യാപിക അനില എന്നിവരും കുട്ടികൾക്കൊപ്പമുണ്ടായിരുന്നു.