തെങ്കാശി-കൊടൈക്കനാൽ പാതയ്ക്കായി കാത്തിരിപ്പ്
1374552
Thursday, November 30, 2023 1:00 AM IST
കോന്നി: കുമ്മണ്ണൂർ-കരിപ്പാൻതോട് അച്ചൻകോവിൽ റോഡും വിസ്മൃതിയിലേക്ക്. കോന്നി-കുമ്മണ്ണൂർ -നടുവത്തുമുഴി-വയക്കര-കൊണ്ടോടി-വക്കാനം-കരിപ്പാൻതോട് (കറുപ്പൻതോട്)-തുറ വഴി അച്ചൻകോവിലിലേക്ക് കടന്നുപോകുന്ന കാനനപാത കോന്നിയുടെ പ്രാദേശിക ചരിത്രവുമായും ആചാരാനുഷ്ഠാനങ്ങളുമായും ഏറെ ബന്ധപ്പെട്ടിരിക്കുന്നു.
നാട്ടുരാജ്യമായിരുന്ന പന്തളത്തെ തമിഴകവുമായി ബന്ധിപ്പിക്കുന്ന പ്രധാന പാതയായിരുന്നു ഇത്. ഈ പാതയിലൂടെയാണ് പാണ്ഡ്യരാജാക്കന്മാർ തമിഴകത്തുനിന്നും കോന്നിയൂരിലേക്ക് എത്തിച്ചേരുന്നത്.
1967ന് മുന്പുവരെ അച്ചൻകോവിലാറിന്റെ വടക്ക് ദിശയിലൂടെ കടന്നുപോകുന്ന ഈ കാനനപാതയിലൂടെയായിരുന്നു ആളുകൾ അച്ചൻകോവിലിലേക്കും ചെങ്കോട്ടയിലേക്കും യാത്ര ചെയ്തിരുന്നത്.
പന്തളം പി.ആർ. മാധവൻ പിള്ള എംഎൽഎ ആയിരുന്ന കാലത്താണ് നിലവിലുള്ള അച്ചൻകോവിൽ പാതയുടെ നിർമാണം ആരംഭിക്കുന്നത്.
നിലവിൽ ഇതുവഴി യാത്രക്കാരെ വനംവകുപ്പ് കടത്തിവിടുന്നില്ല. മുമ്പൊക്കെ അച്ചൻകോവിലാർ കരകവിയുമ്പോൾ മാത്രമാണ് ഇതുവഴി യാത്ര അനുവദിച്ചിരുന്നത്. ഈ റോഡ് യാഥാർഥ്യമായിരുന്നെങ്കിൽ വിനോദ സഞ്ചാരത്തിനുളള സാധ്യതയും ഉയർന്നേനെ.
കല്ലേലി-കടിയാർ വഴി
നിലവിൽ നടുവത്തുമുഴിയിൽനിന്നും കടിയാർ വഴിയാണ് അച്ചൻകോവിലിനുള്ള പാത തുറന്നിരുന്നത്. 40 കിലോമീറ്റർ ദൂരം വനത്തിലൂടെയാണ്. ഇവിടെ റോഡിന്റെ നിർമാണം നടത്തിയതാകട്ടെ വനം വകുപ്പ് നേരിട്ടും.
തമിഴ്നാട് അതിർത്തിയിൽനിന്നു തുടങ്ങി കോന്നി തണ്ണിത്തോട് വഴി ചിറ്റാറിൽ എത്തുന്ന പാതയാണ് ആദ്യഘട്ടത്തിൽ രൂപം നൽകിയത്. പിന്നീട് അത് അന്തർസംസ്ഥാന പാതയായി മുൻ ഉമ്മൻ ചാണ്ടി സർക്കാർ രൂപം നൽകി. തെങ്കാശിയിൽനിന്നും ഗവി-വണ്ടിപ്പെരിയാർ വഴി കൊടൈക്കനാൽ സാധ്യത ഏറെയെങ്കിലും വനംവകുപ്പ് പദ്ധതിക്ക് തടസംനിന്നു.
നിലവിലുള്ള പാതകൾ വികസിപ്പിച്ചാൽത്തന്നെ ഇത് യാഥാർഥ്യമാകും. പൊതുമരാമത്ത് വകുപ്പ് ഉന്നത നിലവാരത്തിൽ അവരുടെ ഭാഗം നിർമിച്ചപ്പോൾ വനംവകുപ്പ് എത്രയും വേഗം തകർന്നടിയുന്ന തരത്തിൽ മൂന്നു മീറ്റർ മാത്രം ടാറിംഗ് നടത്തി. ആദ്യവർഷംതന്നെ ഈ ഭാഗങ്ങൾ അപ്രത്യക്ഷമായി എന്നത് മറ്റൊരു കഥ.
നിലവിൽ ഈ ഭാഗങ്ങൾ വികസിപ്പിക്കാൻ ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും വനംവകുപ്പ് തടസം ഉന്നയിച്ച് മുന്നേറുകയാണ്. വലിയ വികസനത്തിനുള്ള സാധ്യതകളാണ് ഇവർ ഇല്ലാതാക്കുന്നത്. കർണാടക-തമിഴ്നാട് സംസ്ഥാനങ്ങളിൽ നിബിഡ വനങ്ങളിലൂടെ ദേശീയ പാതകൾ നിലവിൽ ഉള്ളപ്പോഴാണ് അച്ചൻകോവിൽ റോഡിന്റെ ഗതികേട്.