പത്തനംതിട്ട ജില്ലാ ആശുപത്രിയിൽ ഓക്സിജൻ പ്ലാന്റിലെ പൊട്ടിത്തെറി: കാരണം കണ്ടെത്താനായില്ല
1374544
Thursday, November 30, 2023 1:00 AM IST
കോഴഞ്ചേരി: ജില്ലാ ആശുപത്രിയിലെ ഓക്സിജൻ പ്ലാന്റിലെ എയർ ടാങ്ക് പൊട്ടിത്തെറിച്ചതിന്റെ കാരണം കണ്ടെത്താനായില്ല.
പ്ലാന്റ് സ്ഥാപിച്ച കൊച്ചിയിലെ കെയർ സിസ്റ്റംസിലെ എൻജിനിയർ അടക്കം ആറ് പേർ ഇന്നലെ പ്ലാന്റ് സന്ദർശിച്ചു പരിശോധന നടത്തി. പൊട്ടിത്തെറിയുടെ കാരണം വൈദ്യുതി ഷോർട്ട് സർക്യൂട്ട് അല്ലെന്ന് പരിശോധനയ്ക്കുശേഷം കമ്പനി അധികൃതർ പറഞ്ഞു. സാങ്കേതിക തകരാർ സംഭവിച്ചുവെന്നാണ് പ്രാഥമിക വിലയിരുത്തൽ. പൊട്ടിത്തെറിച്ച പ്ലാന്റിലെ ഉപകരണങ്ങളും സ്പെയർ പാർട്സുകളുമെല്ലാം എൻജിനിയർമാർ വിശദമായി പരിശോധിച്ചു. പ്ലാന്റിൽ പൊട്ടിത്തെറിയിലേക്ക് നയിക്കുന്ന സാങ്കേതിക തകരാർ ഉണ്ടാകാൻ തീരെ സാധ്യതയില്ലെന്നാണ് കന്പനി അധികൃതരുടെ നിഗമനം. മുന്പ് ഇത്തരം പ്ലാന്റുകളിൽ ഇങ്ങനെ സംഭവിച്ചിട്ടില്ല. സിലിണ്ടറുകളിലെ മർദമാണോ പൊട്ടിത്തെറിക്ക് കാരണമെന്ന് വിശദമായി പരിശോധിക്കും. വിശദമായ പരിശോധനയ്ക്കുശേഷം ഇന്നോ നാളെയോ സമഗ്രറിപ്പോർട്ട് ആശുപത്രി സൂപ്രണ്ടിന് കൈമാറുമെന്ന് കന്പനി അധികൃതർ അറിയിച്ചു.
പൊട്ടിത്തെറിയെത്തുടർന്ന് പ്ലാന്റിന്റെ പ്രവർത്തനം നിർത്തിവച്ചിരിക്കുകയാണ്. വൈദ്യുതി ബന്ധവും വിച്ഛേദിച്ചിട്ടുണ്ട്.
തിങ്കളാഴ്ച രാവിലെയാണ് ജില്ലാ ആശുപത്രിയിലെ ഓക്സിജന് പ്ലാന്റിലെ എയർ ടാങ്ക് വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചത്. പൊട്ടിത്തെറിയിൽ പ്ലാന്റിന്റെ മേൽക്കൂരയും തകർന്നിരുന്നു.
പൊട്ടിത്തെറിയുണ്ടായ ഓക്സിജൻ പ്ലാന്റ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൽ. അനിതകുമാരി സന്ദർശിച്ചു. ജില്ലാ ആശുപത്രി സൂപ്രണ്ട് ഇൻചാർജ് ഡോ. ബിനു ജോണും ഒപ്പമുണ്ടായിരുന്നു.