നവകേരളസദസ് ജില്ലയിൽ 16, 17 തീയതികളിൽ
1374203
Tuesday, November 28, 2023 11:18 PM IST
പത്തനംതിട്ട: ഡിസംബര്‍ 16, 17 തീയതികളിൽ ജില്ലയിലെ അഞ്ചു മണ്ഡലങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള നവകേരളസദസ് സംഘടിപ്പിക്കും. 16നു വൈകുന്നേരം തിരുവല്ലയിലാണ് പരിപാടി.
17ന് രാവിലെ 11നാണ് ആറന്മുള മണ്ഡലത്തിലെ സദസ്. പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിൽ ഒരുക്കുന്ന വേദിയിൽ പങ്കെടുക്കുന്നവര്‍ക്ക് വെയില് കൊള്ളാതെ നില്‍ക്കാനുള്ള സൗകര്യം ഒരുക്കണമെന്ന് അവലോകന യോഗത്തിൽ മന്ത്രി വീണാ ജോർജ് നിർദേശിച്ചു.
മെഡിക്കല്‍ ടീം സജ്ജമായിരിക്കണം. പരാതി സ്വീകരിക്കുന്നതിനായി 20 കൗണ്ടറുകള്‍ സജ്ജീകരിക്കണം. പങ്കെടുക്കുന്നവര്‍ക്ക് കുടിവെള്ളവും ലഘുഭക്ഷണവും വിതരണം ചെയ്യണം. ഭക്ഷണത്തിന്റെ കാര്യത്തില്‍ സുരക്ഷിതത്വം ഉറപ്പാക്കണമെന്നും മന്ത്രി നിര്‍ദേശം നല്കി.
മുഖ്യമന്ത്രിയുടെ പ്രഭാതചര്‍ച്ചയില്‍ വിവിധമേഖലകളില്നിന്നും ക്ഷണിക്കപ്പെട്ട 200 വ്യക്തിത്വങ്ങള്‍ പങ്കെടുക്കുമെന്നും കലാപരിപാടികളെയും സ്വീകരണത്തെക്കുറിച്ചും തീരുമാനിക്കാനായി ഡിസംബര്‍ ഒന്നിന് സബ്കമ്മിറ്റി ചേരുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ പറഞ്ഞു.
ജില്ലാ കളക്ടര്‍ എ. ഷിബു, എഡിഎം ബി. രാധാകൃഷ്ണന്, മുന്‍ എംഎല്‍എമാരായ എ. പദ്മകുമാര്‍, കെ.സി. രാജഗോപാല്‍, ആറന്മുള മണ്ഡലത്തിലെ തദ്ദേശ സ്വയംഭരണസ്ഥാപന പ്രതിനിധികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.