ഇന്‍ഷ്വറന്‍സ് കമ്പനി 15 ലക്ഷവും പലിശയും നഷ്ടപരിഹാരം നല്‍കണം: ഉപഭോക്തൃഫോറം
1374202
Tuesday, November 28, 2023 11:18 PM IST
പത്തനംതിട്ട: ന്യൂ ഇന്ത്യാ ഇന്‍ഷ്വറന്‍സ് കമ്പനി 15 ലക്ഷവും പ ലിശയും നഷ്ടപരിഹാരം നല്കാന് പത്തനംതിട്ട ഉപഭോക്തൃ തര്‍ക്കപരിഹാര ഫോറത്തിന്റെ വിധി.
കടമ്മനിട്ടയില്‍ നെടുമണ്ണില്‍ സിന്ധുവിജയനും രണ്ടു മക്കളും ചേര്‍ന്ന് ന്യൂ ഇന്ത്യാ ഇന്‍ഷ്വറന്‍സ് കമ്പനിക്കെതിരായി ഫയല്‍ ചെയ്ത കേസിലാണ് വിധി. സിന്ധു വിജയന്റെ ഭര്‍ത്താവ് എന്‍.കെ. പ്രസാദ് 2020 ല്‍ കോഴഞ്ചേരി-കടമ്മനിട്ട റോഡില്‍ മോട്ടോര്‍ ബൈക്ക് അപകടത്തില്‍ മരണപ്പെട്ടിരുന്നു.
മരണപ്പെട്ട പ്രസാദിന് 15 ലക്ഷം രൂപയുടെ പേഴ്സണല്‍ ആക്സിഡന്റ് ക്ലെയിം ഇന്‍ഷ്വറന്‍സ് ഉണ്ടായിട്ടും കമ്പനി പല കാരണങ്ങള്‍ പറഞ്ഞ് അര്‍ഹതപ്പെട്ട തുക നിഷേധിച്ചു. തുടര്‍ന്ന് കോടതി നോട്ടീസ് അയച്ച് രണ്ട് കക്ഷികളും കമ്മീഷനില്‍ ഹാജരാകുകയും തെളിവുകള്‍ ഹാജരാകുകയും ചെയ്തു.
എന്നാല്‍ മരണപ്പെട്ട ആളിന്റെ അവകാശിക്ക് ഇന്‍ഷ്വറന്‍സ് തുക കൊടുക്കാതിരുന്നത് ഗുരുതരമായ വീഴ്ചയാണെന്ന് ഫോറം കണ്ടെത്തുകയും കേസ് ഫയല്‍ ചെയ്ത അന്നു മുതല്‍ 10 ശതമാനം പലിശയോടുകൂടി 15 ലക്ഷം രൂപയും 10,000 രൂപ നഷ്ടപരിഹാരവും 5,000 രൂപ കോടതിച്ചെലവും ചേര്‍ത്ത് ഹര്‍ജികക്ഷിക്ക് കൊടുക്കാന്‍ ഉത്തരവിടുകയായിരുന്നു.
ഉപഭോക്തൃ തര്‍ക്കപരിഹാരഫോറം പ്രസിഡന്റ് ബേബിച്ചന് വെച്ചൂച്ചിറ, മെംബര്‍മാരായ എന്‍. ഷാജിതാ ബീവി, നിഷാദ് തങ്കപ്പന് എന്നിവര്‍ ചേര്‍ന്നാണ് വിധി പുറപ്പെടുവിച്ചത്.