ഇടയർ ഭൗതികതയുടെ അതിപ്രസരത്തില്‍ വീണുടയുന്നവരാകരുത്: മാർത്തോമ്മാ മെത്രാപ്പോലീത്ത
1374201
Tuesday, November 28, 2023 11:18 PM IST
ചരൽക്കുന്ന്: ഭൗതികതയുടെ അതിപ്രസരത്തില്‍ വീണുടയാതെ ജീവിതത്തിന്റെ ശരിയായ അർഥവും മൂല്യവും പകരുന്ന നേരായ ഇടയരെയാണ് ആവശ്യമെന്നു ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത. മാർത്തോമ്മാ സഭയിലെ വൈദികരുടെ വാർഷിക സമ്മേളനം ചരൽക്കുന്നിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മെത്രാപ്പോലീത്ത.
പറയുന്ന കാര്യങ്ങള്‍ക്ക് ജീവിതം തന്നെ ഉദാഹരണമാകണം. വാക്കുകള്‍ക്ക് ബലമുണ്ടാകണമെങ്കില്‍ പ്രവര്‍ത്തനങ്ങളില്‍ സുതാര്യതയും ജീവിതത്തില്‍ മാതൃകയുമുണ്ടാകണം. ജീര്‍ണതകളെ മറികടന്ന് മൂല്യങ്ങളെ മുറുകെപിടിച്ച് മുന്നോട്ട് പോകുകയും ബദല്‍ ഭാവനകള്‍ ഉള്ളില്‍ സൂക്ഷിക്കുകയും വേണം.
കാലഘട്ടത്തെ വിവേചിച്ചറിയാനും, മുന്നറിയിപ്പുകളെ വായിച്ചെടുക്കാനും, പുതിയലോകം സ്വപ്നം കാണുന്നവരോട് ചേര്‍ന്ന് ബദല്‍ മാതൃകകള്‍ നിര്‍മിക്കാനും കഴിയണം. യുവജനങ്ങളെ അവരായിരിക്കുന്ന ഇടങ്ങളില്‍ അവരെ കണ്ടെത്തുന്നതിനും ഇടവകയുമായി ബന്ധിപ്പിക്കുന്നതിനുമുള്ള ഉത്തരവാദിത്വം വൈദീക സ്ഥാനികള്ക്കുണ്ട് എന്നത് വിസ്മരിക്കരുത്.
തിരുത്തലിന് വൈദികർ തയാറാകണം. ഇത് ഗൗരവമായി കാണേണ്ട സമയം അതിക്രമിച്ചിരിക്കുന്നതായും മെത്രാപ്പോലീത്ത പറഞ്ഞു. കോൺഫറൻസ് പ്രസിഡന്റ് ഡോ. ഏബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പാ അധ്യക്ഷത വഹിച്ചു.
സഫ്രഗൻ മെത്രാപ്പോലീത്തമാരായ ഡോ. യുയാക്കിം മാർ കൂറിലോസ്, ഡോ. ജോസഫ് മാർ ബർണബാസ്, എപ്പിസ്കോപ്പാമാരായ തോമസ് മാർ തിമോഥെയോസ്, ഡോ. ഐസക്ക് മാർ പീലക്സിനോസ്, ഡോ. മാത്യൂസ് മാർ മക്കാറിയോസ്, ഡോ. ഗ്രിഗോറിയോസ് മാർ സ്തേഫാനോസ്, ഡോ. തോമസ് മാർ തീത്തൂസ്, റമ്പാൻമാർ തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. സഭാ സെക്രട്ടറി റവ. എബി. ടി. മാമ്മൻ സ്വാഗതവും കൺവീനർ റവ. ബിജു കെ. ജോർജ് നന്ദിയും പറഞ്ഞു. സമ്മേളനം ഡിസംബർ ഒന്നിന് സമാപിക്കും.