മാക്ഫാസ്റ്റ് കോളജിൽ ദ്വിദിന അന്താരാഷ്ട്ര കോൺഫറൻസ്
1374195
Tuesday, November 28, 2023 11:04 PM IST
പത്തനംതിട്ട: തിരുവല്ല മാക്ഫാസ്റ്റ് കോളജിൽ ദ്വിദിന അന്താരാഷ്ട്ര കോൺഫറൻസ് "ബയോസ്പെക്ട്രം 2023' നാളെ മുതൽ ഡിസംബർ രണ്ടു വരെ നടക്കുമെന്നു ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
ആഗോളതലത്തിൽ, ബയോടെക്നോളജിയുടെ എല്ലാ മേഖലകളിലുംനിന്നുള്ള പ്രമുഖ അക്കാദമിക് വിദഗ്ധർ, ശാസ്ത്രജ്ഞർ, ഗവേഷകർ, സംരംഭകർ എന്നിവരെ ഒരുമിച്ച് കൊണ്ടുവരാൻ കോൺഫറൻസ് ലക്ഷ്യമിടുന്നു. ഏറ്റവും പുതിയ കണ്ടുപിടിത്തങ്ങൾ, ട്രെൻഡുകൾ, ആശങ്കകൾ എന്നിവയും ഈ മേഖലയിൽ നേരിടുന്ന പ്രായോഗിക വെല്ലുവിളികളും പരിഹാരങ്ങളും അവതരിപ്പിക്കാനും ചർച്ച ചെയ്യാനുമുള്ള പ്രധാനവേദി കൂടിയാണ് ബയോസ്പെക്ട്രം.
വിവിധ രാജ്യങ്ങളിൽനിന്നായി 60ൽപരം ശാസ്ത്രജ്ഞരും വിദ്യാഭ്യാസ സംരംഭകരംഗത്തെ പ്രമുഖരും പങ്കെടുക്കും. മഹാത്മാഗാന്ധി സർവകലാശാലാ രജിസ്ട്രാർ ഡോ. ബി. പ്രകാശ് കുമാർ ഉദ്ഘാടനം ചെയ്യും.
ആർച്ച്ബിഷപ് ഡോ. തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത, ഡോ. അശോക് പാണ്ഡെ, ഫാ.ഡോ. ചെറിയാൻ ജെ. കോട്ടയിൽ, പ്രഫ.ഡോ. വർഗീസ് കെ. ചെറിയാൻ, ഡോ. ജെന്നി ജേക്കബ് എന്നിവർ പങ്കെടുക്കും. ശില്പശാലയുടെ ഭാഗമായി സംഘടിപ്പിക്കുന്ന പ്രീ കോൺഫറൻസ് വർക്ക്ഷോപ് ഇന്നു കോളജിൽ നടക്കും.
പത്രസമ്മേളനത്തിൽ അക്കാഡമിക് ഡയറക്ടർ പ്രഫ.ഡോ. കെ.ആർ. സുകുമാരൻ നായർ, കൺവീനർ ഡോ. ജെന്നി ജേക്കബ്, കോ-കൺവീനർമാരായ ഡോ. സ്മിത വിജയൻ, സ്റ്റീഫൻ ജെയിംസ് എന്നിവർ പങ്കെടുത്തു.