പിഡബ്ല്യുഡി റോഡിൽ ഓട നിർമാണം; നഗരത്തിലേക്കുള്ള വഴി അടഞ്ഞിട്ട് ഒരാഴ്ച
1374191
Tuesday, November 28, 2023 11:04 PM IST
തിരുവല്ല: തിരുവല്ല-മല്ലപ്പള്ളി റോഡിന്റെ കവാടത്തിൽ പിഡബ്ല്യുഡി റോഡിൽ ഓടയുടെ നിർമാണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഏതാനും ദിവസങ്ങളായി റോഡിലെ ഗതാഗതം നിരോധിച്ചതു മൂലം ബുദ്ധിമുട്ടിലായത് പൊതുജനങ്ങളും, യാത്രക്കാരും വ്യാപാരികളും.
തിരുവല്ല നഗരവുമായി ബന്ധിപ്പിക്കുന്ന ഏറ്റവും പ്രധാന പാതയായ മല്ലപ്പള്ളി റോഡിന്റെ കവാടത്തിലെ ഓടയുടെ നിർമാണമാണ് നീണ്ടുപോകുന്നത്. യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തീകരിക്കേണ്ട നിർമാണ പ്രവൃത്തികൾക്ക് കാലതാമസം നേരിട്ടതോടെ വ്യാപാരികളും നാട്ടുകാരും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
രാപ്പകൽ വ്യത്യാസമില്ലാതെ നൂറുകണക്കിന് വലുതും ചെറുതുമായ വാഹനങ്ങൾ സഞ്ചരിക്കുന്ന റോഡിന്റെ സാഹചര്യം പരിഗണിക്കാതിരിക്കുകയും ബദൽ സംവിധാനം കണ്ടെത്താതെയും കൃത്യമായ പ്ലാനിംഗ് ഇല്ലാതെയുമാണ് ഓട നിർമാണത്തിന്റെ പേരിൽ റോഡ് കുഴിച്ചിട്ടിരിക്കുന്നത്.
ഒരാഴ്ചയായി പത്തടി വീതിയിൽ റോഡ് കുഴിച്ചിട്ടിരിക്കുന്നതിനാൽ കാൽനടയാത്രക്കാർക്കുപോലും സഞ്ചരിക്കാൻ പറ്റാത്ത സ്ഥിതിയാണ്. നഗരസഭാ ചെയർപേഴ്സൺ, വാർഡ് കൗൺസിലർ എന്നിവരോടൊപ്പം വ്യാപാരി സംഘടനാ ഭാരവാഹികൾ സ്ഥലത്തുണ്ടായിരുന്ന പിഡബ്ല്യുഡി അധികൃതരോടും മറ്റും അന്വേഷിച്ചപ്പോൾ കുറഞ്ഞത് മൂന്നുമാസം കൊണ്ട് മാത്രമേ നിർമാണം പൂർത്തീകരിക്കാൻ സാധിക്കുകയുള്ളൂവെന്നാണ് കിട്ടിയ മറുപടി.
ക്രിസ്മസ്, പുതുവത്സര സീസൺ അടുത്ത സാഹചര്യത്തിൽ ഓടയുടെ നിർമാണം മൂലം വഴികൾ അടച്ചത് വ്യാപാരികളെയും പൊതുജനത്തെയും ഒരേപോലെ പ്രതിസന്ധിയിലാക്കി.
റെയിൽവേ സ്റ്റേഷൻ, പ്രൈവറ്റ് ബസ് സ്റ്റാൻഡ്, നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ എന്നിവയുമായി ബന്ധപ്പെട്ട തിരുവല്ലയിലെ ഗതാഗതക്കുരുക്ക് കണക്കിലെടുത്ത് മല്ലപ്പള്ളി റോഡിലെ ഓടയുടെ നിർമാണം എത്രയും വേഗം പൂർത്തീകരിച്ചു സഞ്ചാരയോഗ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു.