ജനവാസ മേഖലയില്‍ കാട്ടാനക്കൂട്ടം
1374187
Tuesday, November 28, 2023 11:04 PM IST
കോന്നി: ജനവാസ മേഖലയില്‍ ഇറങ്ങിയ കാട്ടാനക്കൂട്ടം വന്‍തോതില്‍ കാര്‍ഷികവിളകള്‍ നശിപ്പിച്ചു. കോന്നി അരുവാപ്പുലം കല്ലേലി പള്ളിക്കു സമീപമുള്ള സ്ഥലങ്ങളിലാണ് കൃഷിനാശം.
അച്ചന്‍കോവിലാര്‍ നീന്തി മറുകരയില്‍ എത്തിയ കാട്ടാനക്കൂട്ടം ജനവാസ മേഖലയില്‍ താവളം ഉറപ്പിച്ചിരിക്കുകയാണ്. തുടര്‍ച്ചയായ രണ്ടുദിവസങ്ങളിലും ആന പ്രദേശത്തു നാശം വിതച്ചുവരികയാണ്.
കല്ലേലി വടക്കേടത്ത് ഉമ്മച്ചന്റെ ഏത്തവാഴത്തോട്ടം പൂര്‍ണമായി നശിപ്പിച്ചു. മണിക്കൂറുകളോളം ആനകള്‍ പ്രദേശത്ത് വിഹരിച്ചു. സമീപവാസികള്‍ ബഹളം ഉണ്ടാക്കിയെങ്കിലും ആന കാടു കയറിയിട്ടില്ല. സമീപ വീട്ടിലെ അടുക്കള ഭാഗത്തെ തെങ്ങ് പിഴുതുകളഞ്ഞു.
വനംവകുപ്പ് നടപടിയില്ല
കാട്ടാനക്കൂട്ടം ജനവാസ മേഖലയില്‍ ഇറങ്ങിയിട്ടും ഇവയെ തിരികെ കാടുകയറ്റാന്‍ വനംവകുപ്പ് ഇടപെടല്‍ ഉണ്ടാകുന്നില്ലെന്നാണ് ആക്ഷേപം. കുട്ടി അടക്കമുള്ള കാട്ടാനകളാണ് കാടുവിട്ട് ഇറങ്ങിയിട്ടുള്ളത്. കുലച്ചതും അല്ലാത്തതുമായ വാഴകള്‍ എല്ലാം കാട്ടാന പിഴുതു മറിച്ചിട്ടു.
റോഡിലൂടെ പോയ ബൈക്ക് യാത്രക്കാരനു നേരേയും കാട്ടാനക്കൂട്ടം തിരിഞ്ഞിരുന്നു. രാത്രി ഒമ്പതുമുതല്‍ പുലര്‍ച്ചെ വരെ കാട്ടാനക്കൂട്ടം പ്രദേശത്തു തങ്ങുകയാണ് പതിവ്.
സ്വൈരം കെടുത്തി കാട്ടുപന്നിയും
കാര്‍ഷിക വിളകളുടെ വിളവെടുപ്പുകാലം ആയതോടെ കാട്ടുപന്നിശല്യം അതിരൂക്ഷം. കൃഷിയിടങ്ങളില്‍ കര്ഷകന് അധ്വാനം മാത്രമാണ് മിച്ചം. വായ്പ വാങ്ങിയും പാട്ടത്തിന് ഭൂമിയെടുത്തും കൃഷി ചെയ്തവര്‍ക്ക് മിച്ചം ഒന്നുമില്ലാത്ത സ്ഥിതിയാണ്. വിളവെടുപ്പിനു പാകമായി കപ്പ, ചേമ്പ്, ചേന തുടങ്ങിയ കിഴങ്ങുവര്‍ഗങ്ങള്‍ കാട്ടുപന്നിക്കൂട്ടം വന്‍ തോതില്‍ നശിപ്പിച്ചു.
കാട്ടുപന്നിയെ തുരത്താനുള്ള ശ്രമങ്ങള്‍ നിലച്ചതോടെ ഇവ വന്‍തോതില്‍ മലയോര മേഖലയില്‍ തമ്പടിച്ചിരിക്കുകയാണ്. പന്നികള്‍ പ്രഭാത സവാരിക്കാര്‍ക്കും ഭീഷണിയാവുകയാണ്. കോന്നി ടൗണ്‍ ഉള്‍പ്പെടെയുള്ള ഭാഗങ്ങളിൽ കാട്ടുപന്നികള്‍ വിഹരിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം രാത്രി ആനക്കൂട് ഭാഗത്ത് നിരവധി പേരുടെ കൃഷിയിടങ്ങളില്‍ കൂട്ടമായി എത്തിയ പന്നികള്‍ കാര്‍ഷികവിളകള്‍ നശിപ്പിച്ചു. ചേന, ചേമ്പ്, തെങ്ങിന്‍തൈ, വാഴ എന്നിവയാണ് നശിപ്പിച്ചത്.
ആനക്കൂട് ഭാഗത്ത് പ്രവാത സവാരിക്ക് ഇറങ്ങുന്നവരും കാട്ടുപന്നിയുടെ ഭീഷണിയിലാണ്.രാത്രിയോടെ പന്നികള്‍ കൂട്ടത്തോടെ പ്രധാന പാതയിലൂടെ അച്ചന്‍കോവിലാറിന്റെ തീരങ്ങളിലും താവളമാക്കുകയാണ്. ശല്യക്കാരായ കാട്ടുപന്നികളെ വെടിവച്ചു കൊല്ലാന്‍ പഞ്ചായത്തുകളുടെ അധികാരം വിനിയോഗിക്കുന്നില്ലെന്ന് കര്‍ഷകര്‍ പറയുന്നു.
തോക്ക് ലൈസന്‍സുള്ളവരെ ഇതിനായി നിയോഗിക്കാന്‍ തീരുമാനമുണ്ടെങ്കിലും ചെലവ് ഏറ്റെടുക്കാന്‍ പഞ്ചായത്ത് തയാറാകുന്നില്ല. ഒരു പന്നിയെ വെടിവച്ചാല്‍ 1000 രൂപ പ്രതിഫലമായി നല്‍കണം. ഇതുകൂടാതെ ഇവയുടെ ജഡം സംസ്കരിക്കേണ്ട ചുമതലയും പഞ്ചായത്തിനാണ്. ചെലവുകള്‍ താങ്ങാന്‍ ഫണ്ടില്ലെന്ന പേരിലാണ് പഞ്ചായത്തുകള്‍ പിന്മാറിയത്.