ജില്ലാ ആശുപത്രിയിലെ ഓക്സിജൻ പ്ലാന്റിൽ പൊട്ടിത്തെറി
1373923
Monday, November 27, 2023 11:35 PM IST
കോഴഞ്ചേരി: പത്തനംതിട്ട ജില്ലാ ആശുപത്രിയിലെ ഓക്സിജന്‍ പ്ലാന്റിലെ എയര്‍ ടാങ്ക് പൊട്ടിത്തെറിച്ചു, ആളപായമില്ല. ഓക്സിജൻ വളപ്പിലെ പ്ലാന്റിൽ ഇന്നലെ രാവിലെ 8.55 നായിരുന്നു അപകടം. പ്ലാന്റിലെ എയര്‍ ടാങ്കിലുണ്ടായ അധിക സമ്മര്‍ദ്ദമാണ് പൊട്ടിത്തെറിക്കു കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ.
അതിഭയങ്കരമായ ശബ്ദത്തോടെയാണ് പൊട്ടിത്തെറിയുണ്ടായത്. പൊട്ടിത്തെറിയുണ്ടാവുമ്പോള് പ്ലാന്റിനു സമീപം ഉണ്ടായിരുന്ന ആശുപത്രി ഇലക്ട്രീഷ്യന് സോനു ഗോപാലകൃഷ്ണന്റെ സന്ദര്‍ഭോചിതമായ ഇടപെടലാണ് വന്‍ അപകടം ഒഴിവാക്കിയത്. എയര്‍ ടാങ്ക് പൊട്ടിത്തെറിച്ചതോടുകൂടി വൈദ്യുതി ബന്ധം നിലച്ചിരുന്നു.
സ്വയം പ്രവര്‍ത്തനക്ഷമമായ ജനറേറ്ററുകള്‍ ഇലക്ട്രീഷ്യൻ ഓഫ് ചെയ്തതിനാലാണ് അപകടം ഒഴിവായത്. പൊട്ടിത്തെറിയിൽ പ്ലാന്റിന്റെ മേൽക്കൂര തകർന്നു. ആശുപത്രിയുടെ പ്രധാന കെട്ടിടങ്ങളിൽനിന്നും അകലത്തിലാണ് പ്ലാന്റ് സ്ഥിതി ചെയ്യുന്നത്.
പത്തനംതിട്ട, ചെങ്ങന്നൂര്‍ അഗ്നിശമനസേനയുടെ യൂണിറ്റുകള്‍ പിന്നാലെ സ്ഥലത്തെത്തി. തുടർ അപകട സാധ്യത കണക്കിലെടുത്ത് അഗ്നിശമനസേന യൂണിറ്റുകൾ ഉച്ചവരെ സ്ഥലത്തു ക്യാന്പ് ചെയ്തശേഷമാണ് മടങ്ങിയത്.
അന്വേഷണം നടത്തുമെന്ന് ആരോഗ്യമന്ത്രി
കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രി ഓക്സിജൻ പ്ലാന്റിലുണ്ടായ പൊട്ടിത്തെറി സംബന്ധിച്ച് ഉന്നതതല അന്വേഷണത്തിനു മന്ത്രി വീണാ ജോർജ് നിർദേശം നൽകി. സാങ്കേതിക വിദഗ്ധരെ ഉൾപ്പെടുത്തി സംഭവത്തിൽ അന്വേഷണം നടത്താൻ ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയോടു മന്ത്രി നിർദേശിച്ചു.
നിർമാണ ഏജൻസിയായ കെആര്‍ സിസ്റ്റത്തിന്റെ സാങ്കേതിക വിദഗ്ധർ ഉച്ചയോടെ സ്ഥലത്തെത്തി പരിശോധനകള്‍ ആരംഭിച്ചു. ഗാരണ്ടി കാലാവധി ആയതിനാൽ അവരുടെ ചെലവിൽ തന്നെ പ്ലാന്റ് പുനർനിർമിക്കും. പൊട്ടിത്തെറിയിൽ തകർന്ന മേൽക്കൂര യുദ്ധകാലാടിസ്ഥാനത്തില്‍ നവീകരിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂര്‍ ശങ്കരന് പറഞ്ഞു. സാങ്കേതിക പരിശോധന പൂർത്തീകരിച്ചതിനു ശേഷം മാത്രമേ യഥാർഥ കാരണം കണ്ടെത്താന്‍ കഴിയുകയുള്ളൂവെന്നും പ്രസിഡന്റ് പറഞ്ഞു.
1.5 കോടി രൂപ ചെലവഴിച്ചാണ് പ്ലാന്റിനുവേണ്ടിയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ആശുപത്രി വളപ്പില്‍ ഒരുക്കിയത്. പൊട്ടിത്തെറിയുമായി ബന്ധപ്പെട്ട് മറ്റു സംശയങ്ങളൊന്നുമില്ലെന്നാണ് പ്ലാന്റ് സന്ദർശിച്ചശേഷം ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ വിശദീകരണം.
മുന്‍ മന്ത്രി ടി.എം. തോമസ് ഐസക്, മുന്‍ എംഎല്‍എ എ. പത്മകുമാര്‍, സിപിഎം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു, ത്രിതല ജനപ്രതിനിധികായ സാറാ തോമസ്, ആര്. അജയകുമാര്‍, ബിജിലി പി. ഈശോ, ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറന്പിൽ, ജില്ലാ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍ എന്നിവര്‍ സംഭവ സ്ഥലം സന്ദര്‍ശിച്ചു.
അന്വേഷണം വേണമെന്ന് ഡിസിസി
കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ഓക്സിജന്‍ പ്ലാന്റ് പൊട്ടിത്തെറിച്ച സംഭവത്തെക്കുറിച്ചു സമഗ്രമായ അന്വേഷണം നടത്തണമെന്നു ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പില്‍ ആവശ്യപ്പെട്ടു.
2022 ജൂണിൽ പൂര്‍ത്തീകരിച്ച് ഉദ്ഘാടനം ചെയ്തതും ജില്ലാ പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള ജില്ലാ ആശുപത്രിയിലെ ഓക്സിജന്‍ പ്ലാന്റ് പൊട്ടിത്തെറിച്ചതു നിർമാണത്തിലെ അപാകതയും പരിപാലനത്തിലെ കെടുകാര്യസ്ഥതയും മൂലമാണെന്നു ഡിസിസി പ്രസിഡന്റ് കുറ്റപ്പെടുത്തി.
ആരോഗ്യവകുപ്പിലെ നിർമാണ പ്രവര്‍ത്തനങ്ങളിലും മെഡിക്കല്‍ സര്‍വീസ് കോർപറേഷന് മുഖേന ഉപകരണങ്ങള്‍, മരുന്ന് എന്നിവ വാങ്ങുന്നതിലുള്ള അഴിമതിയെക്കുറിച്ചും സിഎജിയുടെ കണ്ടെത്തലില്‍ യാതൊരു നടപടിയും സ്വീകരിക്കാതെ തെളിവ് നശിപ്പിക്കുന്നതിനായി മെഡിക്കല്‍ സര്‍വീസസ് കോര്പറേഷന് വെയര്‍ ഹൗസുകളില്‍ തീപിടിത്തം ഉണ്ടാക്കുന്ന നടപടിയാണ് ഉണ്ടായതെന്ന് ഡിസിസി പ്രസിഡന്റ് കുറ്റപ്പെടുത്തി.
ജില്ലയെ പ്രതിനിധീകരിക്കുന്ന മന്ത്രി ഉണ്ടായിട്ടും ആരോഗ്യവകുപ്പ് നാഥനില്ലാ കളരിയായി മാറിയിരിക്കുകയാണെന്നു ഡിസിസി പ്രസിഡന്റ് പറഞ്ഞു. മന്ത്രിയുടെ സ്റ്റാഫ് ഉള്‍പ്പെട്ട പിന്‍വാതില്‍ നിയമനത്തിലും കോഴ ആരോപണത്തിലുമുള്ള അന്വേഷണം സര്‍ക്കാര്‍ ഇടപെട്ട് അട്ടിമറിച്ചു. ഇപ്പോഴും തുടരുന്ന പിന്‍വാതില്‍ നിയമനങ്ങൾ, കെടുകാര്യസ്ഥത, അനാസ്ഥ എന്നിവയെക്കുറിച്ചും അന്വേഷണം വേണമെന്നു സതീഷ് കൊച്ചുപറന്പിൽ ആവശ്യപ്പെട്ടു.
പ്ലാന്റ് പ്രവർത്തനക്ഷമമായത് 2022 ജൂണിൽ
കോവിഡ് കാലത്തെ ഓക്സിജൻ ക്ഷാമമാണ് ജില്ലാ ആശുപത്രിയിൽ സ്വന്തം നിലയിൽ പ്ലാന്റ് നിർമാണത്തിനു പ്രേരകമായത്. 2021ൽ ഇതിനുള്ള നടപടികൾ ആരംഭിച്ചിരുന്നു. ജില്ലാ പഞ്ചായത്താണ് ജില്ലാ ആശുപത്രിയിൽ പ്ലാന്റ് നിർമാണത്തിന് മുൻകൈയെടുത്തത്. ഇറ്റാലിയന്‍ കമ്പനിയായ ഡെല്‍റ്റയാണ് പ്ലാന്റ് നിർമിച്ചത്.
എറണാകുളം കേന്ദ്രമായിട്ടുള്ള കെആർ സിസ്റ്റത്തിനായിരുന്നു നിര്‍മാണ ചുമതല. മൂന്നു വര്‍ഷത്തെ ഗാരണ്ടിയും പ്ലാന്റിനുണ്ടെന്ന് അധികൃതർ പറഞ്ഞു. 2022 ജൂണിലാണ് പ്രവര്‍ത്തനം ആരംഭിച്ചത്. 100 ലിറ്റര്‍ ഓക്സിജന്‍ ഉത്പാദിപ്പിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ പ്ലാന്റും അതിനോടനുബന്ധിച്ച് പ്രവാസി ഗ്രൂപ്പായ വികെഎല്ലിന്റെ 300 ലിറ്റര്‍ ഉത്പാദനശേഷിയുള്ള പ്ലാന്റുമാണുള്ളത്.
പ്ലാന്റിലെ ഓക്സിജന്റെ ഉത്പാദനം തികയാത്തതിനാല്‍ പുറത്തുനിന്നും ഓക്സിജന്‍ ആശുപത്രി ആവശ്യത്തിനു വേണ്ടിവരുന്നുണ്ട്. പുറമേനിന്ന് ഓക്സിജൻ കൂടുതലായി വാങ്ങി നിലവിലെ പരിമിതി മറികടക്കാനാകും.