ഓക്സിജൻ പ്ലാന്റിലെ പൊട്ടിത്തെറി സമഗ്ര അന്വേഷണം നടത്തണമെന്ന് എംപി
1373921
Monday, November 27, 2023 11:30 PM IST
പത്തനംതിട്ട: കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിയിലെ ഓക്സിജൻ പ്ലാന്റ് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് ആന്റോ ആന്റണി എംപി. ഒരു വർഷം മുമ്പ് നിർമാണം പൂർത്തീകരിച്ച് പ്രവർത്തനം ആരംഭിച്ച പ്ലാന്റ് എങ്ങനെയാണ് പൂർണമായി തകർന്നതെന്നത് അടിയന്തരമായി അന്വേഷിച്ചു കണ്ടെത്തണം.
പ്ലാന്റിലെ അവശേഷിക്കുന്ന ഭാഗം ലീക്ക് ചെയ്യുന്നതിനാൽ അപകടാവസ്ഥ നിലനിൽക്കുകയും ചെയ്യുകയാണ്. അത് തൊട്ടടുത്തുള്ള ആശുപത്രിയിലെ രോഗികൾക്കും ഭീഷണി ഉണ്ടാക്കുന്നതാണ്. അതുകൊണ്ട് അടിയന്തരമായി ഇക്കാര്യത്തിൽ നടപടികൾ ഉണ്ടാകണമെന്നും എംപി ആവശ്യപ്പെട്ടു.
പൊട്ടിത്തെറി ഉണ്ടാകുന്നതിന് മൂന്നുദിവസം മുന്പ് പ്ലാന്റ് പരിശോധിച്ച ഉദ്യോഗസ്ഥർ യാതൊരുവിധ കുഴപ്പവുമില്ലെന്ന് റിപ്പോർട്ട് നൽകിയതാണ്. ഗുണമേന്മ ഇല്ലാത്ത ഉപകരണങ്ങൾ, നിർമാണത്തിലെ അപാകതകൾ തുടങ്ങിയവയെല്ലാം കാരണങ്ങളായി നിലനിൽക്കുകയാണെന്നും എംപി പറഞ്ഞു.
പ്ലാന്റ് ഉപകരണങ്ങളുടെ പോരായ്മയെന്ന്
പത്തനംതിട്ട: ജില്ലാ ആശുപത്രിയിലെ ഓക്സിജൻ പ്ലാന്റ് വളരെവേഗം പൊട്ടിത്തെറിക്കാൻ കാരണം നിർമാണത്തിലെ അപാകതയും ഉപകരണങ്ങളുടെ പോരായ്മകളുമാണെന്ന് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജെറി മാത്യു സാം.
കോവിഡിന്റെ മറവിൽ നടന്ന തട്ടിപ്പിന്റെ മറ്റൊരു ഉദാഹരണമാണ് ഓക്സിജൻ പ്ലാന്റ്. ഗുണമേൻമ ഇല്ലാത്ത ഉപകരണങ്ങൾ വേണ്ടത്ര പരിശോധനയില്ലാതെ സ്ഥാപിച്ചതിന്റെ ഉത്തരവാദിത്വം ഉദ്യോഗസ്ഥർക്കാണ്.
ഇതിനു കൂട്ടുനിന്ന ജനപ്രതിനിധികളും കുറ്റക്കാരാണെന്നും ജെറി മാത്യു സാം അഭിപ്രായപ്പെട്ടു. കഴിഞ്ഞ ഏഴുമാസമായി ജില്ലാ ആശുപത്രി വികസനസമിതി യോഗം കൂടുന്നില്ല. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ യോഗം വിളിച്ചുകൂട്ടാൻ താത്പര്യം കാട്ടുന്നില്ലെന്നും ജെറി കുറ്റപ്പെടുത്തി.