ചക്കുളത്തുകാവ് പൊങ്കാല; തിരുവല്ല നഗരത്തിലും അടുപ്പുകൾ നിരന്നു
1373918
Monday, November 27, 2023 11:24 PM IST
തിരുവല്ല: ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിൽനിന്നുള്ള പൊങ്കാല അടുപ്പുകൾ തിരുവല്ല നഗരത്തിലും സമീപ റോഡുകളിലും നിരന്നു. നാടും നഗരവും അക്ഷരാർഥത്തില്‍ ചക്കുളത്തമ്മയുടെ യാഗശാലയായി മാറി.
അമ്പലപ്പുഴ-തിരുവല്ല പാതയുടെ ഇരുവശങ്ങളിലായി പതിനായിരങ്ങളാണ് പൊങ്കാല അര്‍പ്പിച്ചത്. എംസി റോഡിലും പൊങ്കാല അടുപ്പുകള്‍ നിരന്നു. എംസി റോഡില്‍ മുത്തൂര്‍ മുതല്‍ കല്ലിശേരി വരെ ഭക്തര്‍ പൊങ്കാല അര്‍പ്പിച്ചു.
ടികെ റോഡിലും പൊങ്കാല അടുപ്പുകള്‍ ഉണ്ടായിരുന്നു. തിരുവല്ല നഗരത്തില്‍ ഉച്ചയ്ക്ക് 12 ഓടെയാണ് പൊങ്കാല നേദിക്കല്‍ നടന്നത്.
മൂന്ന് മണിക്കൂറിനുള്ളില്‍ നഗരം ശുചിയാക്കി ശുചീകരണ തൊഴിലാളികള്‍
തിരുവല്ല: പൊങ്കാലയ്ക്ക് മൂന്നു മണിക്കൂറിനുള്ളില്‍ നഗരം ശുചീകരിച്ച് നഗരസഭയിലെ ജീവനക്കാര്‍. 30 ശുചീകരണത്തൊഴിലാളികളാണ് ഇന്നലെ അണിനിരന്നത്. അഞ്ച് വാഹനങ്ങളാണ് നഗരസഭ ഇതിനായി ഒരുക്കിയത്. ഹരിതകേരള മിഷനുമായി സംയോജിച്ചായിരുന്നു ശുചീകരണം. പൊങ്കാലയ്ക്ക് മുമ്പും ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ജീവനക്കാര്‍ സജീവമായിരുന്നു.
ഭക്തരുടെ സഹായത്തിന് സന്നദ്ധ സംഘടനകള്‍
തിരുവല്ല: പൊങ്കാല അര്‍പ്പിക്കാനെത്തിയ ഭക്തര്‍ക്ക് വിവിധ സംഘടനകള്‍ സഹായം എത്തിച്ചു. സേവാഭാരതിയടക്കം സന്നദ്ധസംഘടനകള്‍ രാപകല്‍ സജീവമായിരുന്നു. സേവാഭാരതിയുടെ പതിനായിരത്തോളം പ്രവര്‍ത്തകരാണ് ഭക്തജനങ്ങളുടെ സഹായത്തിന് അണിനിരന്നത്.
ആംബുലന്‍സ് അടക്കമുള്ള സംവിധാനങ്ങളും അത്യാധുനിക മെഡിക്കല്‍ സംവിധാനവും വിവിധ സ്ഥാപനങ്ങളുടെയും സംഘടനകളുടെയും നേതൃത്വത്തിൽ ഒരുക്കിയിരുന്നു. കുടിവെള്ളം, അന്നദാനം, ലഘുഭക്ഷണം, വൈദ്യ സഹായം, ഇന്‍ഫര്‍മേഷന്‍ കേന്ദ്രങ്ങള്‍ തുടങ്ങിയവ ഉണ്ടായിരുന്നു.