ഫാത്തിമ ബീവിക്ക് അന്തിമോപചാരം : മുഖ്യമന്ത്രിയുടെ പരാമർശം ഖേദകരമെന്ന് ജമാ അത്ത്
1373906
Monday, November 27, 2023 11:11 PM IST
പത്തനംതിട്ട: സുപ്രീം കോടതിയിലെ പ്രഥമ വനിതാ ജഡ്ജിയും പത്തനംതിട്ട ടൗൺ ജമാഅത്ത് അംഗവുമായിരുന്ന ജസ്റ്റീസ് ഫാത്തിമ ബീവിയുടെ സംസ്കാര ചടങ്ങുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ജമാഅത്തിനെതിരേ നടത്തിയ പരാമർശം ഖേദകരമാണെന്ന് പത്തനംതിട്ട മുസ്ലിം ജമാഅത്ത് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
സ്ഥലം എംഎൽഎ കൂടിയായ മന്ത്രി വീണാ ജോർജ് സംസ്കാര ചടങ്ങിൽ എത്താതിരുന്നതിലുള്ള വിഷമമാണ് ജമാഅത്ത് ഫാത്തിമ ബീവിയുടെ കബറടക്കത്തേ തുടർന്ന് ജമാഅത്ത് പ്രകടിപ്പിച്ചത്. ഏതെങ്കിലും രാഷ്ട്രീയ ലക്ഷ്യത്തോടെയല്ല, ജമാഅത്ത് അംഗങ്ങളുടെ പൊതുവികാരമാണ് പ്രകടിപ്പിച്ചത്.
ഇത്തരം അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്നത് ജനാധിപത്യ അവകാശമാണ്. രാജ്യത്തെ ഉന്നത ഭരണഘടന പദവികളിൽ സതുത്യർഹമായ സേവനം ചെയ്ത ജസ്റ്റീസ് ഫാത്തിമ ബീവിയുടെ ഭൗതിക ശരീരത്തിൽ അന്തിമോപചാരം അർപ്പിക്കാൻ എത്താതിരുന്നതിലുള്ള മന്ത്രി വീണാ ജോർജിന്റെ പ്രവൃത്തി ജമാ അത്ത് അംഗങ്ങളിൽ വേദന ഉളവാക്കിയിട്ടുണ്ട്.
തങ്ങളുടെ കുടുംബത്തിലെ ഒരു അംഗത്തെപ്പോലെയാണ് വീണാ ജോർജിനെ ജമാഅത്ത് അംഗങ്ങൾ കണ്ടിരുന്നത്. അവരുടെ ഇടപെടലും ഇത്തരത്തിലായിരുന്നു. എന്നാൽ, ഫാത്തിമ ബീവിയുടെ മരണത്തേ തുടർന്ന് ജമാഅത്ത് ഭാരവാഹികളെയും കുടുംബാംഗങ്ങളെയോ ഫോണിൽ വിളിച്ചെങ്കിലും അനുശോചനം അറിയിക്കാൻ മന്ത്രി തയാറായില്ല.
ജമാഅത്ത് കമ്മിറ്റി തങ്ങളുടെ വിഷമം പ്രകടിപ്പിച്ചതിനുശേഷമെങ്കിലും മന്ത്രിക്ക് കാര്യങ്ങൾ വിശദീകരിക്കാമായിരുന്നു. പകരം മുഖ്യമന്ത്രി ജമാഅത്തിനെ കുറ്റപ്പെടുത്തി നടത്തിയ പരാമർശമാണ് വീണ്ടും ഇതേവിഷയത്തിൽ പ്രതികരിക്കാൻ തങ്ങളെ നിർബന്ധമാക്കിയതെന്ന് ജമാഅത്ത് ഭാരവാഹികൾ പറഞ്ഞു.
നവ കേരള സദസിൽനിന്ന് വിട്ടുനിൽക്കാൻ ആകില്ല എന്നതാണ് മന്ത്രി എത്താതിരുന്നതിനു കാരണമായി മുഖ്യമന്ത്രി പറഞ്ഞത്. എന്നാൽ, മറ്റ് ആവശ്യങ്ങൾക്കും സംസ്കാരച്ചടങ്ങുകളിലും മന്ത്രിമാർ നവകേരള സദസിൽനിന്ന് വിട്ടു നിൽക്കുകയും പങ്കെടുക്കുകയും ചെയതിട്ടുണ്ട്.
സ്വന്തം മന്ത്രിയെ ന്യായീകരിക്കാൻ വേണ്ടി ഒരു സമുദായത്തിന്റെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്തുകയാണ് മുഖ്യമന്ത്രി ചെയ്തത്. മറ്റ് ലക്ഷ്യങ്ങൾ വച്ചാണ് ജമാഅത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായ പ്രതികരണം എന്ന മുഖ്യമന്ത്രിയുടെ പരാമർശം അത്യന്തം നിർഭാഗ്യകരമാണന്നും ഇത് സമുദായ അംഗങ്ങൾക്ക് മുഴുവൻ വേദന ഉളവാക്കിയെന്നും ഭാരവാഹികൾ പറഞ്ഞു.
ഫാത്തിമ ബീവിയുടെ കബറടക്ക സമയത്ത് കേന്ദ്രസർക്കാർ സ്വീകരിച്ച നിലപാടും വേദനാജനകമാണെങ്കിലും അത് അപ്രതീക്ഷിതമായിരുന്നില്ല. എന്നാൽ, കേരള സർക്കാരിൽനിന്ന് ഇത്തരമൊരു സമീപനം മതനിരപേക്ഷ സമൂഹം പ്രതീക്ഷിച്ചിരുന്നില്ല.
ഇക്കാര്യത്തിൽ മാന്യമായ ഒരു മറുപടി പോലും മുഖ്യമന്ത്രിയിൽ നിന്നുണ്ടായില്ലെന്നത് ഖേദകരമാണെന്ന് കമ്മിറ്റി കുറ്റപ്പെടുത്തി.ജമാഅത്ത് പ്രസിഡന്റ് ഹാജി എച്ച്. ഷാജഹാൻ, ചീഫ് ഇമാം അബ്ദൂൾഷുക്കൂർ മൗലവി, ട്രഷറർ റിയാസ് എ. കാദർ, ജോയിന്റ് സെക്രട്ടറി എം.എസ്. അൻസാരി, എം. മുഹമ്മദ് ഹനീഫ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
മുഖ്യമന്ത്രിയുടെ പ്രതികരണം മറ്റൊരു അവഹേളനമെന്ന് പുതുശേരി
പത്തനംതിട്ട: പിആർ ഗ്രൂപ്പുകളുടെ വലയം ഭേദിച്ച് തനി സ്വരൂപം പുറത്തു ചാടുന്നതിന്റെ പ്രകടമായ ഉദാഹരണമാണ് ജസ്റ്റീസ് ഫാത്തിമ ബീവിയുടെ സംസ്കാരചടങ്ങിൽ മന്ത്രിമാരോ അത്തരത്തിലുള്ള സർക്കാർ പ്രതിനിധികളോ പങ്കെടുക്കാതിരുന്നതിനെക്കുറിച്ചുള്ള മുഖ്യമന്ത്രിയുടെ പ്രതികരണമെന്ന് കേരളാ കോൺഗ്രസ് വൈസ് ചെയർമാൻ ജോസഫ് എം. പുതുശേരി.
നവകേരള സദസിൽനിന്ന് മന്ത്രിമാർക്ക് വിട്ടു നിൽക്കാൻ കഴിയാത്തതുകൊണ്ടാണ് ജസ്റ്റീസ് ഫാത്തിമ ബീവിയുടെ കബറടക്കത്തിന് മന്ത്രിമാർ വരാത്തതെന്ന മുഖ്യമന്ത്രിയുടെ ന്യായവാദം യുക്തിക്കു നിരക്കാത്തതും പച്ചക്കളളവുമാണ്. കരുനാഗപ്പള്ളി മുൻ എംഎൽഎ ആർ. രാമചന്ദ്രന്റെ സംസ്കാര ചടങ്ങിന് രണ്ടു മന്ത്രിമാരെ അയച്ചിരുന്നു.
മറ്റു ചിലയിടങ്ങളിലും നവ കേരള സദസിനിടയിൽ മന്ത്രിമാരും ചീഫ് സെക്രട്ടറിയും പങ്കെടുത്തിട്ടുണ്ട്. ജമാഅത്ത് കമ്മിറ്റിയുടെ അഭിപ്രായ പ്രകടനത്തെ അധിക്ഷേപിച്ച മുഖ്യമന്ത്രി അധികാരഗർവാണ് കാട്ടിയതെന്നും ആദ്യം ജസ്റ്റീസ് ഫാത്തിമ ബീവിയോടുള്ള അവഹേളനത്തിനു സർക്കാർ മാപ്പ് പറയുകയാണ് വേണ്ടതെന്നും പുതുശേരി അഭിപ്രായപ്പെട്ടു.
ഫാത്തിമ ബീവിയോട് സർക്കാർ അനാദരവ് കാട്ടിയിട്ടില്ലെന്ന് നഗരസഭാധ്യക്ഷൻ
പത്തനംതിട്ട: തമിഴ്നാട് മുൻ ഗവർണറും സുപ്രീംകോടതി ജഡ്ജിയുമായിരുന്ന ജസ്റ്റീസ് ഫാത്തിമ ബീവിയെ സംസ്ഥാന സർക്കാർ ഒരു തരത്തിലും അനാദരിച്ചിട്ടില്ലെന്ന് പത്തനംതിട്ട നഗരസഭ ചെയർമാൻ ടി. സക്കീർ ഹുസൈൻ.
ഇതുസംബന്ധിച്ച് ചിലർ ആരോഗ്യമന്ത്രിക്കെതിരേ നടത്തുന്ന പ്രചാരണം വസ്തുതാ വിരുദ്ധമാണെന്നും സക്കീർ പറഞ്ഞു. നിര്യാണവാർത്ത അറിഞ്ഞ ആരോഗ്യമന്ത്രി വീണാ ജോർജ് ബന്ധുക്കളെ വിളിച്ചിരുന്നു.
നവകേരള സദസുമായി ബന്ധപ്പെട്ട് മന്ത്രി വയനാട്ടിലായിരുന്നു. മന്ത്രിയും കളക്ടറും ജില്ലാ പോലീസ് മേധാവിയും നഗരസഭാ ചെയർമാനും ജസ്റ്റീസ് ഫാത്തിമ ബീവിയുടെ ബന്ധുക്കളും ഓൺലൈനിൽ യോഗം ചേർന്ന് സംസാരിച്ചശേഷമാണ് സംസ്കാര ചടങ്ങുകളെപ്പറ്റി അന്തിമ തീരുമാനം കൈക്കൊണ്ടത്.
സർക്കാരിന്റെ പൂർണ ഔദ്യോഗിക ബഹുമതി നൽകിയാകും ചടങ്ങ് നടത്തുകയെന്നും അറിയിച്ചിരുന്നു. അത്തരത്തിൽ എല്ലാവിധ ഔദ്യോഗിക ബഹുമതികളും നൽകിത്തന്നെയാണ് സംസ്കാരം നടത്തിയത്. മന്ത്രി മണ്ഡലത്തിലെത്തുമ്പോൾ സന്ദർശിക്കാമെന്നും അറിയിച്ചിരുന്നു. സർക്കാർ പ്രതിനിധിയായി ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പങ്കെടുക്കുകയും ചെയ്തു.
സിപിഎമ്മുമായി ബന്ധപ്പെട്ട എല്ലാ നേതാക്കളും സംസ്കാര ചടങ്ങിൽ ആദ്യാവസാനം പങ്കെടുത്തു. പത്തനംതിട്ട നഗരസഭയുടെ നേതൃത്വത്തിൽ ടൗൺ ഹാളിൽ പൊതുദർശനത്തിനു വേണ്ട എല്ലാ സൗകര്യവുമൊരുക്കിയിരുന്നു.
രാഷ്ട്രീയ ലക്ഷ്യംവച്ച് സംസ്ഥാന സർക്കാരിനെയും ഇടതുപക്ഷത്തെയും അവഹേളിക്കാനും അധിക്ഷേപിക്കാനും ഒരു വിഭാഗം നടത്തുന്ന ശ്രമമായി മാത്രമേ പ്രചാരണങ്ങളെ കാണാനാകൂവെന്നും സക്കീർ അഭിപ്രായപ്പെട്ടു.
മുഖ്യമന്ത്രിയുടെ പരാമർശം പിൻവലിക്കണം: ജമാഅത്ത് ഫെഡറേഷൻ
പത്തനംതിട്ട: രാജ്യത്തിന്റെ അഭിമാനമായിരുന്ന ജസ്റ്റീസ് ഫാത്തിമ ബീവിയുടെ സംസ്കാര ചടങ്ങിൽ സ്ഥലം എംഎൽഎയും മന്ത്രിയുമായ വീണാ ജോർജ് എത്താത്തതു സംബന്ധിച്ച വിവാദവുമായി ബന്ധപ്പെട്ട് പത്തനംതിട്ട ടൗൺ ജമാഅത്തിനെതിരേ മുഖ്യമന്ത്രി നടത്തിയ പരാമർശം പിൻവലിക്കണമെന്ന് കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ പത്തനംതിട്ട ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
ജസ്റ്റീസ് ഫാത്തിമ ബീവിയുടെ മൃതദേഹത്തോട് കേന്ദ്ര- സംസ്ഥാന സർക്കാരുക അവഗണന കാണിച്ചു എന്നത് യാഥാർഥ്യമാണ്. രാജ്യത്ത് പ്രഥമവും പ്രധാനവുമായ നേട്ടങ്ങളോടെ വിവിധ മേഖലകളിൽ സേവനം ചെയ്ത മഹാപ്രതിഭയായിരുന്നു അന്തരിച്ച ജസ്റ്റീസ് ഫാത്തിമ ബീവി. അവർക്ക് വേണ്ടത്ര പരിഗണന ലഭിച്ചില്ല എന്ന യാഥാർഥ്യം പത്തനംതിട്ട ജമാഅത്ത് ഭാരവാഹികളോ ഇമാമോ തുറന്നു പറയുന്നത് ഒരു അപരാധമല്ല.
മറിച്ച് ജനാധിപത്യ അവകാശമാണ്. ഈ അവകാശത്തെയാണ് മറ്റു ചില ലക്ഷ്യങ്ങൾ വച്ച് വിവാദമുണ്ടാക്കുന്നു എന്ന തരത്തിൽ മുഖ്യമന്ത്രി പ്രതികരിച്ചത്. ഇത്തരമൊരു പ്രതികരണം അല്ല മുഖ്യമന്ത്രിയിൽനിന്ന് ജനം പ്രതീക്ഷിക്കുന്നതെന്നും പ്രസ്താവന പിൻവലിച്ച് സമുദായത്തോടു മാപ്പ് പറയാൻ മുഖ്യമന്ത്രി മാന്യത കാണിക്കണമെന്നും ജമാഅത്ത് ഫെഡറേഷൻ ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് യൂസഫ് മോളൂട്ടി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എച്ച്. അബ്ദുൽ റസാഖ്, രക്ഷാധികാരി സി.എച്ച്. സൈനുദീൻ മൗലവി, എം.എച്ച്. അബ്ദുൽ റഹിം മൗലവി, ട്രഷറർ രാജാക്കരീം, സാലി നാരങ്ങാനം, ഷാജി പന്തളം, അൻസാരി ഏനാത്ത്, അബ്ദുൽ ലത്തീഫ് മൗലവി, റാസി മൗലവി എന്നിവർ പ്രസംഗിച്ചു.
മര്യാദകേടെന്ന് മുസ്ലിംലീഗ്
പത്തനംതിട്ട: സുപ്രീം കോടി മുൻ ജഡ്ജി ജസ്റ്റീസ് എം. ഫാത്തിമ ബീവിയുടെ കബറടക്കവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ അനാദരവാണ് കാട്ടിയതെന്ന് മുസ് ലിംലീഗ് ജില്ലാ കമ്മിറ്റി. അതിനെ ന്യായീകരിക്കുന്ന മുഖ്യമന്ത്രിയുടെ നടപടി മര്യാദകേടാണെന്നും ലീഗ് അഭിപ്രായപ്പെട്ടു.
സ്ഥലം എംഎൽഎ കൂടിയായ മന്ത്രി വീണാ ജോർജ് പങ്കെടുക്കാത്തത് ശരിയായില്ലെന്ന ജമാഅത്ത് കമ്മിറ്റിയുടെ നിലപാടിനെ മുഖ്യമന്ത്രി അവർക്ക് മറ്റെന്തോ ലക്ഷ്യമാണെന്ന് പറഞ്ഞത് അവഹേളനമാണ്. നവകേരള യാത്ര തുടങ്ങിയതിനുശേഷം മുൻ എംഎൽഎയുടെ മരണാനന്തര ചടങ്ങിൽ രണ്ട് സംസ്ഥാന മന്ത്രിമാർ പങ്കെടുത്തിരുന്നു.
അതേസമയം, ഫാത്തിമ ബീവിയുടെ മരണവുമായി ബന്ധപ്പെട്ട ചടങ്ങിൽ മന്ത്രി എത്താതിരുന്നത് ഇരട്ട നീതിയാണെന്നും ലീഗ് ജില്ലാ പ്രസിഡന്റ് ടി.എം. ഹമീദും സെക്രട്ടറി സമദ് മേപ്പുറത്തും അഭിപ്രായപ്പെട്ടു.
ന്യായീകരണം യാഥാർഥ്യങ്ങൾക്കു നിരക്കാത്തതെന്ന് ഡിസിസി
പത്തനംതിട്ട: സുപ്രീംകോടതിയിലെ പ്രഥമ വനിതാ ജഡ്ജിയും മുന് തമിഴ്നാട് ഗവര്ണറും പത്തനംതിട്ടയുടെ അഭിമാനവുമായിരുന്ന ജസ്റ്റീസ് ഫാത്തിമ ബീവിയുടെ സംസ്കാര ചടങ്ങുകളില് സ്ഥലം എംഎൽഎ കൂടിയായ ആരോഗ്യമന്ത്രിയെ പങ്കെടുപ്പിക്കാതിരിക്കുകയും പിന്നാട് അതിനെ ന്യായീകരിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന മുഖ്യമന്ത്രിയുടെ നിലപാട് ധാർഷ്ട്യം നിറഞ്ഞതെന്ന് ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറന്പിൽ.
ഫാത്തിമ ബീവിയുടെ കബറടക്കത്തിൽ സർക്കാർ പ്രതിനിധി ഉണ്ടാകാതിരുന്നത് അവഹേളനവും അനാദരവുമാണ്. തൊടുന്യായങ്ങൾ നിരത്തി ഇതിനെ മറികടക്കാനാണ് മുഖ്യമന്ത്രി ഇപ്പോൾ ശ്രമിക്കുന്നതെന്നും സതീഷ് കൊച്ചുപറന്പിൽ അഭിപ്രായപ്പെട്ടു.