വികസിത് ഭാരത് സങ്കല്പ് യാത്രയ്ക്കു തുടക്കമായി
1373901
Monday, November 27, 2023 11:11 PM IST
പത്തനംതിട്ട: കേന്ദ്ര സര്‍ക്കാരിന്റെ വിവിധ വികസന ക്ഷേമപദ്ധതികള്‍ ജനങ്ങളിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെ ഭാരത സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വികസിത് ഭാരത് സങ്കല്പ് യാത്രയ്ക്ക് പത്തനംതിട്ട ജില്ലയിൽ തുടക്കമായി. ഏഴംകുളം ഗ്രാമപഞ്ചായത്തില്‍ നടന്ന ജില്ലാതല ഉദ്ഘാടനം വൈസ് പ്രസിഡന്റ് ആർ. ജയൻ നിർവഹിച്ചു.
വികസിത് ഭാരത് സങ്കല്പ് യാത്രയുടെ ഭാഗമായ പ്രതിജ്ഞ ചൊല്ലൽ, കൃഷി വിജ്ഞാൻ കേന്ദ്രയുടെ നേതൃത്വത്തിൽ ക്ലാസുകൾ, കേന്ദ്ര സര്‍ക്കാർ നടപ്പാക്കി വരുന്ന വിവിധ ക്ഷേമ പദ്ധതികളുടെ ലഘുലേഖാ വിതരണവും കർഷകർക്ക് നൂതന കൃഷിരീതികൾ പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായ ഡ്രോൺ പരിചയപ്പെടുത്തൽ, വിവിധ ക്ഷേമ പദ്ധതികളുടെ ഉപഭോക്താക്കളുടെ സംഗമം എന്നിവയും നടന്നു.
തുടർന്ന് ഏനാദിമംഗലം ഗ്രാമപഞ്ചായത്തിലെ പര്യടനവും പൂർത്തിയാക്കി. ജില്ലയിലെ 53 ഗ്രാമപഞ്ചായത്തുകളിലും ഒരോ കേന്ദ്രങ്ങളിലായി പര്യടനം നടത്തി സിസംബർ 23ന് പ്രമാടം ഗ്രാമപഞ്ചായത്തിൽ സമാപിക്കും.
ഒരു ദിവസം രണ്ടു ഗ്രാമപഞ്ചായത്തുകളിലാണ് പര്യടന വാഹനം എത്തുക. സംസ്ഥാന തല ബാങ്കേഴ്സ് സമിതി, ജില്ലാ ലീഡ് ബാങ്ക്, നബാര്‍ഡ്, ഐസിഎആര്‍-കൃഷി വിജ്ഞാന കേന്ദ്രം, റബര്‍ ബോര്‍ഡ്, ഫാക്ട്, ഇന്ത്യന്‍ ഓയില്‍ കോര്പറേഷന് തുടങ്ങിയവയുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
പ്രധാനമന്ത്രി ഉജ്വല യോജന ഗുണഭോക്താക്കൾക്കായി സൗജന്യ ഗ്യാസ് കണക്ഷൻ വിതരണം, ആധാർ സേവനങ്ങൾ, ജന സുരക്ഷാ ക്യാന്പ്, സാമൂഹിക ക്ഷേമ പദ്ധതികളിൽ അംഗങ്ങളാകാനും കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് അപേക്ഷകള്‍ നല്‍കാനുള്ള അവസരം എന്നിവയും ലഭ്യമാക്കും.ഗ്രാമപഞ്ചായത്തുകളിലെ പര്യടനം കഴിഞ്ഞാകും ജില്ലയിലെ നഗരസഭകളിൽ യാത്ര എത്തുക.