കാർഷിക മേഖലയ്ക്ക് ഉണർവേകാൻ അടൂരിൽ നിറപൊലിവ് 2026
1373900
Monday, November 27, 2023 11:11 PM IST
അടൂർ: നിയോജക മണ്ഡലം സമഗ്ര കാർഷിക കാർഷികാനുബന്ധ വികസനം ലക്ഷ്യമിട്ടു നിറപൊലിവ് വിഷൻ -2026 നു തുടക്കം കുറിക്കുന്നു. പൈലറ്റ് പദ്ധതിയുടെ ഉദ്ഘാടനം 30നു നടക്കും. കൃഷിയുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചും വകുപ്പുകൾ തനതായും പദ്ധതികൾ തയാറാക്കി നടപ്പാക്കുമെന്നു ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു.
കൃഷിമന്ത്രിയുടെയും ഡെപ്യൂട്ടി സ്പീക്കറുയുടെയും അധ്യക്ഷതയിൽ വിവിധ മേഖലകളിലുള്ളവരുടെ യോഗം വിവിധ തലങ്ങളിൽ കൂടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പദ്ധതിയുടെ രൂപരേഖ തയാറാക്കിയത്. 30നു രാവിലെ പത്തിന് അടൂർ ബൈപാസിൽ കണ്ടെയ്നർ മോസ് ഔട്ട്ലെറ്റും വൈകുന്നേരം അഞ്ചിന് കടന്പനാട് പഞ്ചായത്തിൽ ചക്കഗ്രാമം പദ്ധതിയും ഉദ്ഘാടനം ചെയ്യും.
ഡിസംബർ രണ്ടിനു രാവിലെ കൊടുമൺ ഗ്രാമപഞ്ചായത്തിലെ അഗ്രിക്ലീനിക് ആൻഡ് ഫാർമസിയും വൈകുന്നേരം നാലിനു പള്ളിക്കൽ ഗ്രാമപഞ്ചായത്തിൽ മില്ലറ്റ് ഗ്രാമം പദ്ധതിയും ഉദ്ഘാടനം ചെയ്യും. നിറപൊലിവ് വിഷൻ 2026 സന്പൂർണ പ്രോജക്ട് ഡിസംബർ 17ന് അടൂരിൽ നവകേരള സദസിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്യും.
16147 ഹെക്ടറിൽ കൃഷി
അടൂർ നിയോജക മണ്ഡലത്തിൽ കൃഷിക്ക് അനുയോജ്യമായ 18,180 ഹെക്ടറിൽ 16,147 ഹെക്ടറിലും കൃഷി നടക്കുന്നുണ്ട്. 8632 ഹെക്ടർ സ്ഥലം കൃഷിക്ക് അനുയോജ്യമായ തരിശുനിലമാണ്. മുഴുവൻ സ്ഥലങ്ങളിലും കൃഷി ആരംഭിച്ച് 2026 ഓടെ കാർഷിക വികസനം മുന്നിൽക്കണ്ടുള്ള സമഗ്ര കാർഷിക വികസന രൂപരേഖയാണ് തയാറാക്കിയിട്ടുള്ളത്. മൃഗസംരക്ഷണം, ക്ഷീരവികസനം, ഫിഷറീസ് വകുപ്പുകളും ഇറിഗേഷൻ വകുപ്പും കൂടിച്ചേർന്നാണ് പദ്ധതി തയാറാക്കിയത്.
വരുമാന വർധന പ്രധാന ലക്ഷ്യം
നിലവിലെ സാഹചര്യങ്ങളിലൂടെ കർഷകർക്കു വരുമാനം പരമാവധി വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതികൾ ആസൂത്രണം ചെയ്തിരിക്കുന്നത്. കാലാവസ്ഥ മാറിയ സാഹചര്യത്തിൽ അതിനനുസൃതമായ കാർഷിക മേഖലയെ സജ്ജമാക്കുകയും കർഷകർക്കു വിവരങ്ങൾ കൈമാറുകയും ചെയ്യേണ്ടതുണ്ട്. കാർഷിക കലണ്ടറിൽ തന്നെ മാറ്റം അനിവാര്യമായ സാഹചര്യം മുന്നിൽക്കണ്ടുള്ള പ്രവർത്തനങ്ങൾ നടപ്പാക്കും.
നിറപൊലിവ് വിഷൻ
*കാലാവസ്ഥ അതിജീവന കാർഷിക പ്രവർത്തനങ്ങളിലൂടെ കർഷക വരുമാനം വർധിപ്പിക്കുക
* മണ്ഡലത്തിൽ ഉൾപ്പെടുന്ന രണ്ടു സർക്കാർ ഫാമുകളിൽ കാലാവസ്ഥ കേന്ദ്രങ്ങൾ സ്ഥാപിച്ചു കർഷകർക്ക് പ്രയോജനം ആകും വിധം സാധ്യമാക്കുക.
* പന്തളം, അടൂർ ഫാമുകൾ കാർബൺ ന്യൂട്രൻ ആക്കുക.
* കർഷകർക്ക് സൗജന്യമായി സോയിൽ ഹെൽത്ത് കാർഡ് വിതരണം ചെയ്യുക
* കൃഷിയിടാധിഷ്ഠിത വിള സമ്പ്രദായത്തിലൂടെ പരമാവധി ഉത്പാദനം സാധ്യമാക്കുക.
* കൃഷിക്കൂട്ടങ്ങൾ മുഖേന കൃഷി വ്യാപിപ്പിക്കുകയും വിളകളുടെ സംസ്കരണം വിതരണം എന്നിവ സാധ്യമാക്കുക.
* അടിസ്ഥാന സൗകര്യ വികസനത്തിലൂടെ എല്ലാ പഞ്ചായത്തുകളെയും തരിശുരഹിതമാക്കുക.
* നിലവിലുള്ള ഒരു പൂ നെൽകൃഷി ഇരുപ്പൂവാക്കി മാറ്റുക.
*ഒരു കൃഷിഭവനിൽ ഒരു ഉത്പന്നം കണ്ടെത്തി വികസിപ്പിക്കുകയും അഗ്മാർക്ക് ഗ്രേഡിംഗോഡെ വിപണനം നടത്തുക.
* സാധ്യമാക്കുന്നിടത്തു ഒരു നെല്ലും ഒരു മീനും പദ്ധതി നടപ്പിലാക്കുക.
* വിപണനശ്യംഖല ശാക്തികരിക്കുക.
* ബ്ലോക്ക് വിജ്ഞാന കേന്ദ്രം എഫ്ടിസി, തുടങ്ങിയ മുഖേന കർഷകർക്കും കൃഷിക്കൂട്ടങ്ങൾക്കും കാവസ്ഥ അതിജീവന കാർഷിക മുറകൾ നിരന്തര പരിശീലനങ്ങൾ ലഭ്യമാക്കുക.
* മണ്ഡലത്തിൽ 2026 ആകുമ്പോഴേക്കും 150 കോടി രൂപയുടെ നിക്ഷേപം സമാഹരിക്കുക.
* ജൈവ അജൈവ മാലിന്യ സംസ്കരണത്തിലൂടെ പ്രദേശത്തെ മാലിന്യമുക്തമാക്കുക.
* ഉത്തരവാദിത്വ ടൂറിസം മുഖേന സാധ്യമായ ഇടങ്ങളിൽ കൃഷിക്കൂട്ടങ്ങളുടെ വരുമാന വർധന പദ്ധതികൾ ആവിഷ്കരിക്കുക.
* വിവിധ വകുപ്പുകളുടെ സംയോജിത പ്രവർത്തനങ്ങളുടെ കൃഷി അനുബന്ധ മേഖലകളുടെ വികസനം, ഭക്ഷ്യ സുരക്ഷ, സുരക്ഷിതഭക്ഷണം എന്നിവ ഉറപ്പു വരുത്തുക.
* മണ്ഡലത്തിലെ തദ്ദേശ സ്വയംഭരണപ്രദേശങ്ങളെ ക്ലൈമറ്റ് സ്മാർട്ട് വില്ലേജ് ആക്കി മാറ്റുക.