മാര്‍ത്തോമ്മയുടെ സഞ്ചാരവഴികളില്‍ വിശ്വാസ പൈതൃകം തേടി ഫാ. ഡൊമിനിക്
1373695
Monday, November 27, 2023 12:47 AM IST
പത്തനംതിട്ട: ക്രിസ്തു ശിഷ്യനായ വിശുദ്ധ മാര്‍ത്തോമ്മ ശ്ലീഹ സഞ്ചരിച്ച വഴിയിലൂടെ വിശ്വാസ പൈതൃകം തേടിയുള്ള യാത്രയിലാണ് ഫാ. ഡൊമിനിക് റൈറ്റ്. ഇംഗ്ലണ്ടിലെ ആംഗ്ലിക്കന്‍ ചര്‍ച്ച് വൈദികനായ ഫാ. ഡൊമിനിക്കിന്റെ ലോക സഞ്ചാരവഴിയില്‍ കേരളത്തിലെത്തിയിട്ട് ഏതാനും ദിവസങ്ങളായി. മാര്‍ത്തോമ്മ ശ്ലീഹയുടെ പാദസ്പര്‍ശമേറ്റ മണ്ണില്‍ അദ്ദേഹം സഞ്ചരിച്ച പാതകളിലൂടെ സൈക്കിളില്‍ യാത്ര ചെയ്തു വരികയാണ് അദ്ദേഹം.
മാര്‍ത്തോമ്മ ശ്ലീഹ സ്ഥാപിച്ച നിലയ്ക്കല്‍, നിരണം ദേവാലയങ്ങളില്‍ ഫാ. ഡൊമിനിക്ക് എത്തി. നിലയ്ക്കല്‍ സെന്റ് തോമസ് എക്യുമെനിക്കല്‍ ദേവാലയത്തില്‍ സൈക്കിളില്‍ എത്തിയ ഫാ. ഡൊമിനിക്കിനെ അഡ്മിനിസ്ട്രേറ്റര്‍ ഫാ. ബാബു മൈക്കിള്‍ ഒഐസി സ്വീകരിച്ചു. മാര്‍ത്തോമ്മ ശ്ലീഹ സ്ഥാപിച്ച ഏഴര പള്ളികളിലും അദ്ദേഹം സന്ദര്‍ശനം നടത്തിവരികയാണ്. ഇന്നലെ നിരണത്തെത്തി. അതോടൊപ്പം പരുമല ദേവാലയവും സന്ദര്‍ശിച്ചു. യാത്രയ്ക്കിടയില്‍ ക്രൈസ്തവ സഭാ മേലധ്യക്ഷരെയും സന്ദര്‍ശിക്കുന്നുണ്ട്.
ബര്‍മിങ്ങാമിലെ സോളിഹൂള് സെന്റ് മാര്ഗപ്റ്റ്സ് ഓള്‍ട്ടന്‍ ഇടവക വികാരിയായ ഫാ. ഡൊമിനിക് കഴിഞ്ഞ ഒക്ടോബര്‍ 12നാണ് ലോകപര്യടനം ആരംഭിച്ചത്. ജോര്‍ദാന്‍ മൗണ്ട് നെബോയില്‍ നിന്നാണ് യാത്ര തിരിച്ചത്. സൈക്കിളിലായിരുന്നു യാത്രയുടെ തുടക്കമെങ്കിലും ഒരു രാജ്യത്തുനിന്ന് മറ്റൊരിടത്തേക്ക് വിമാനത്തില്‍ തന്നെയാണ് യാത്ര ചെയ്തത്. മാര്‍ത്തോമ്മയുടെ പാതകളില്‍ എഡേസ, ടര്‍ക്കി വഴി വിമാനത്തില്‍ കൊച്ചിയിലെത്തി. കൊച്ചിയില്‍നിന്നു വീണ്ടും സൈക്കിള്‍ സവാരി. കൊടുങ്ങല്ലൂര്‍, ചേര്‍ത്തല, കോക്കമംഗലം, ചാവക്കാട്, കോട്ടക്കാവ്, പറവൂര്‍ പ്രദേശങ്ങളിലെ ദേവാലയങ്ങളിലെത്തിയശേഷമാണ് നിലയ്ക്കലും നിരണത്തുമെത്തിയത്.
യാത്രയ്ക്കിടെ വാഗമണ്‍ കുരിശുമലയിലുമെത്തി. റാന്നിയില്‍ സെന്റ് തോമസ് വലിയ പള്ളി സന്ദര്‍ശിച്ചു. ഓര്‍ത്തഡോക്സ് സഭ നിലയ്ക്കല്‍ ഭദ്രാസനാധിപന്‍ ഡോ. ജോഷ്വാ മാര്‍ നിക്കോദിമോസ് മെത്രാപ്പോലീത്തയെയും കണ്ടു. കേരളത്തിലെ പ്രകൃതി സൗന്ദര്യത്തോടൊപ്പം നിലനിന്നു പോരുന്ന ആധ്യാത്മിക ചൈതന്യമാണ് തന്നെ ഏറെ ആകര്‍ഷിക്കുന്നതെന്ന് ഫാ. ഡൊമിനിക് പറഞ്ഞു.
കോട്ടയത്ത് ഓര്‍ത്തഡോക്സ് സഭാധ്യക്ഷന് ബസേലിയോസ് മാര്‍ത്തോമ്മ മാത്യൂസ് തൃതീയന്‍ കാതോലിക്കാബാവയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഓര്‍ത്തഡോക്സ് സഭയുടെ യുകെ, യൂറോപ്പ് ഭദ്രാസനാധിപന്‍ ഡോ. ഏബ്രഹാം മാര്‍ സ്തേഫാനോസ് മെത്രാപ്പോലീത്ത മുഖേനയാണ് കേരളത്തില്‍ സന്ദര്‍ശിക്കേണ്ട സ്ഥലങ്ങളെ സംബന്ധിച്ച രൂപരേഖ തയാറാക്കിയത്. ഫാ. ഡൊമിനിക്കിന്റെ ഇടവകാംഗങ്ങളായ മൂന്നു തമിഴ്നാട്ടുകാരില്നിന്നാണ് ഏഴരപ്പള്ളികളെ സംബന്ധിച്ച വിവരങ്ങള്‍ അറിഞ്ഞത്. കേരളത്തിലെ സന്ദര്‍ശനം കഴിഞ്ഞു തമിഴ്നാട്ടിലേക്കു പോകാനാണ് തീരുമാനം.
ഭാര്യ ജോ ഇംഗ്ലണ്ടിലാണ്. അവിടെ മടങ്ങിയെത്തി അവരെയും കൂട്ടി ഇറ്റലിയിലെത്തി മാത്രമേ യാത്ര അവസാനിപ്പിക്കൂകയുള്ളൂവെന്ന് ഫാ. ഡൊമിനിക് പറഞ്ഞു. ആറ് പെണ്‍കുട്ടികളാണ് ദമ്പതികള്‍ക്കുള്ളത്.