നിര്‍മാണോദ്ഘാടനം നടത്താനൊരുങ്ങി ജില്ലാ സ്റ്റേഡിയം, ജനറല്‍ ആശുപത്രി ഒപി ബ്ലോക്ക്
1373694
Monday, November 27, 2023 12:47 AM IST
പത്തനംതിട്ട: ജില്ലാ ആസ്ഥാനത്ത് പുതിയ വികസന പദ്ധതികളുടെ നിര്‍മാണോദ്ഘാടനം ഡിസംബറില്‍ തന്നെ നടത്തണമെന്ന നിര്‍ദേശവുമായി മന്ത്രി; എന്നാല്‍ കാര്യങ്ങള്‍ അത്ര സുഗമമല്ലെന്ന നിലപാടില്‍ നഗരസഭ.
പത്തനംതിട്ടയില്‍ ആരോഗ്യമന്ത്രി - നഗരസഭാ പോരിന് മറ്റൊരു മുഖം. സംസ്ഥാന സര്‍ക്കാരിന്റെ നവകേരള സദസിനു മുന്നോടിയായി ജില്ലാ ആസ്ഥാനത്തെ രണ്ട് പദ്ധതികളുടെ നിര്‍മാണോദ്ഘാടനം നടക്കണമെന്ന താത്പര്യത്തിലായിരുന്നു മന്ത്രി വീണാ ജോര്‍ജ്. 50 കോടി രൂപ ചെലവില്‍ പുനര്‍നിര്‍മിക്കുന്ന കെ.കെ. നായര്‍ സ്മാരക ജില്ലാ സ്റ്റേഡിയം, പത്തനംതിട്ട ജനറല്‍ ആശുപത്രി ഒപി, കാഷ്വാലിറ്റി ബ്ലോക്ക് എന്നിവയാണ് നിര്‍മാണോദ്ഘാടനത്തിനു കാത്തിരിക്കുന്നത്.
എന്നാല്‍, രണ്ട് പദ്ധതികളുടെയും പുരോഗതി സംബന്ധിച്ച് വ്യക്തമായ ധാരണ നഗരസഭയ്ക്കില്ല. പദ്ധതികള്‍ക്ക് മുഖ്യമന്ത്രിയെക്കൊണ്ടു തന്നെ ശിലാസ്ഥാപനം നടത്തിപ്പിക്കാന്‍ ആദ്യം ശ്രമിച്ചെങ്കിലും നവകേരള സദസുമായി ബന്ധപ്പെട്ട് ശിലാസ്ഥാപനം നടക്കില്ലെന്നുറപ്പായിട്ടുണ്ട്.
സ്റ്റേഡിയത്തിന്റെ
ടെന്‍ഡര്‍ നടപടികളായി
ജില്ലാ സ്റ്റേഡിയം നവീകരണത്തിന്റെ ടെന്‍ഡര്‍ നടപടികളായിട്ടുണ്ടെന്നാണ് ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പറയുന്നത്. സ്പോര്‍ട്സ് കേരള ഫൗണ്ടേഷനാണ് നടത്തിപ്പ് ചുമതല. സാങ്കേതിക അനുമതി കൂടി ലഭിച്ചുകഴിഞ്ഞാല്‍ 28 ദിവസത്തിനകം ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിക്കാനാകും. ഇതോടെ നിര്‍മാണോദ്ഘാടനം നടത്താമെന്നാണ് സ്പോര്‍ട്സ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് കെ. അനില്‍കുമാര്‍ പറയുന്നത്.
സ്റ്റേഡിയം നവീകരണ പദ്ധതി കാലങ്ങളായി ഇഴയുകയാണ്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ് പദ്ധതിക്ക് അനുമതിയായത്. അന്ന് നഗരസഭയും കായിക വകുപ്പും തമ്മില്‍ ചില പ്രശ്നങ്ങള്‍ ഉണ്ടായി. പുതിയ നഗരസഭാ കൗണ്‍സില്‍ അധികാരമേറ്റതിനു പിന്നാലെ പത്തനംതിട്ട നഗരസഭയുടെ അധീനതയിലുള്ള സ്റ്റേഡിയത്തിന്റെ 14 ഏക്കര്‍ സ്ഥലവും വിട്ടുകൊടുത്തു കൊണ്ട് കരാറായി. ഇതോടെ കിഫ്ബി മുഖേന 50 കോടി രൂപ ചെലവില്‍ സ്റ്റേഡിയം നവീകരിക്കുന്ന പദ്ധതി അംഗീകരിച്ചു.
എന്നാല്‍, പണി എന്നു തുടങ്ങുമെന്നതു സംബന്ധിച്ച അനിശ്ചിതത്വം തുടര്‍ന്നു. മൂന്നു തവണ പദ്ധതി രൂപരേഖ പുതുക്കി നല്കി. നിര്‍മാണ അനുമതി നല്കാന് കിഫ്ബി വൈകിയതോടെ നവീകരണ ജോലികളും വൈകി. നിലവിലെ സ്റ്റേഡിയത്തില്‍ അറ്റകുറ്റപ്പണികളും നിലച്ചു. ഇതോടെ കായികമേളകള്‍ക്കു പോലും ഉപയുക്തമല്ലാത്ത രീതിയില്‍ സ്റ്റേഡിയം മാറി.
സ്പോര്‍ട്സ് കേരള ഫൗണ്ടേഷനെയാണ് നിലവില്‍ സ്റ്റേഡിയം നവീകരണ ജോലികള്‍ ഏല്പിച്ചിരിക്കുന്നത്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതു സംബന്ധിച്ച് ഫൗണ്ടേഷനില്‍നിന്ന് വിശദീകരണങ്ങള്‍ എത്തിയിട്ടില്ലെന്ന് നഗരസഭ അധികൃതര്‍ പറയുന്നു. കിറ്റ്കോയ്ക്കായിരുന്നു ആദ്യം നിര്‍മാണച്ചുമതല. പിന്നീടാണ് ഫൗണ്ടേഷന് പദ്ധതി ഏറ്റെടുത്തത്.
ജനറല്‍ ആശുപത്രി
പത്തനംതിട്ട ജനറല്‍ ആശുപത്രി വളപ്പില്‍ രണ്ട് പുതിയ കെട്ടിടങ്ങളുടെ നിര്‍മാണോദ്ഘാടനമാണ് നടക്കാനുള്ളത്. രണ്ട് പദ്ധതികളിലൂടെയുള്ള നിര്‍മാണമാണ് അനുമതിയായിട്ടുള്ളത്. പക്ഷേ ഏകോപനത്തിന്റെ കുറവ് അവിടെയുമുണ്ട്. നിലവിലെ സൗകര്യങ്ങള്‍ പരിമിതപ്പെടുത്തിക്കൊണ്ട് കെട്ടിടം നിര്‍മിക്കുന്നതിനെ ഒരുവിഭാഗം എതിര്‍ക്കുകയാണ.് ആശുപത്രിയുടെ നിയന്ത്രണച്ചുമതലയുള്ള നഗരസഭയ്ക്ക് ഇക്കാര്യത്തില്‍ ഇടപെടല്‍ നടത്തിയിട്ടുമില്ല.
നിലവിലെ ഒപി, അത്യാഹിത ബ്ലോക്കുകള്‍ പൊളിച്ചുനീക്കി അവിടെ പുതിയ കെട്ടിടങ്ങള്‍ പണിയണം. ഒപി ബ്ലോക്കിനായി പുതിയ കെട്ടിടം പണിക്ക് തുടക്കം കുറിച്ചു. അത്യാഹിത ബ്ലോകക് നിലവിലെ ഒപി കെട്ടിടം നില്ക്കുന്ന സ്ഥലത്താണ് നിര്‍മിക്കേണ്ടത്. കേന്ദ്ര എന്‍എച്ച്എം ഫണ്ട് കൂടി ഉപയോഗപ്പെടുത്തിയുള്ള നിര്‍മാണമാണ് നടക്കേണ്ടത്.
പദ്ധതിക്ക് ശബരിമല തീര്‍ഥാടനകാലം ആരംഭിക്കുന്നതിനു മുമ്പ് കല്ലിടണമെന്നായിരുന്നു നിര്‍ദേശം.
നിലവിലെ ഒപി ബ്ലോക്ക് പൊളിച്ചുനീക്കാന്‍ ടെന്‍ഡര്‍ ഉറപ്പിച്ചതുമാണ്. എന്നാല്‍, ആശുപത്രിയുമായി ബന്ധപ്പെട്ട ബദല്‍ ക്രമീകരണങ്ങള്‍ക്ക് സൗകര്യം ക്രമീകരിക്കാനാകാതെ വന്നതോടെ ശബരിമല തീര്‍ഥാടനകാലം കഴിയട്ടെയെന്ന നിലപാടാണ് ഇപ്പോള്‍ ഒരുവിഭാഗം ഉദ്യോഗസ്ഥര്‍ക്കുള്ളത്.
അത്യാഹിത വിഭാഗം ആധുനിക കെട്ടിട നിര്‍മാണത്തിനായി 26 കോടിയോളം രൂപയുടെ കേന്ദ്ര സഹായമാണ് രാഷ്ട്രനിര്‍മാണ്‍ പദ്ധതിയില്‍ അംഗീകരിച്ചിട്ടുള്ളത്.
ഒപി ബ്ലോക്കിന് സംസ്ഥാന സര്‍ക്കാരിന്റെ യും എംഎല്‍എ ആസ്തിവികസനഫണ്ടുമാണ് വിനിയോഗിക്കുന്നത്. ഇരുകെട്ടിടങ്ങളുടെയും നിര്‍മാണം സംബന്ധിച്ച സാങ്കേതിക അനുമതി തര്‍ക്കങ്ങള്‍ക്കിടയാക്കി. ഇതോടെയാണ് അനിശ്ചിതത്വമുണ്ടായത്.