അതിഥിത്തൊഴിലാളികളുടെ മൊബൈല്‍ മോഷ്ടിച്ച മൂന്നുപേര്‍ അറസ്റ്റില്‍
1373693
Monday, November 27, 2023 12:47 AM IST
കോഴഞ്ചേരി: പശ്ചിമ ബംഗാള്‍ സ്വദേശികളുടെ മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ച കേസില്‍ മൂന്നുപേര്‍ ആറന്മുള പോലീസിന്റെ പിടിയിലായി. ശനിയാഴ്ച പുലര്‍ച്ചെ 3.30ഓടെ അതിഥിത്തൊഴിലാളികളുടെ താത്കാലിക താമസസ്ഥലത്താണ് മോഷണം നടന്നത്.
കോഴഞ്ചേരി കീഴുകര സെന്റ് മേരീസ് സ്കൂളിന് സമീപം സ്വകാര്യ വ്യക്തി പുതുതായി പണിയുന്ന വീടിന്റെ താഴത്തെ നിലയില്‍ പശ്ചിമബംഗാള്‍ ജയ്പ്പാല്ഗുഡി ജാര്‍സാല്‍വരി റഷീദുല്ഇസ്ലാമിന്റെയും സുഹൃത്ത് അനാമുല്‍ ഹക്കിന്റെയും ഫോണുകള്‍ മോഷ്ടിച്ചത്.
കോഴഞ്ചേരി ഈസ്റ്റ് പനച്ചക്കുഴി സജി വിലാസത്തില്‍ വാടകയ്ക്ക് താമസിക്കുന്ന ആര്യങ്കാവ് സ്വദേശി ബിബിന്‍ കുമാര്‍ (18), പുല്ലാട് തെറ്റുപാറ ബിജു ഭവനില്‍ ബിജിത്ത് (18), നാരങ്ങാനം വലിയകുളം നെടിയമഞ്ഞപ്ര വീട്ടില്‍ അജു അജയന് (18)എന്നിവരാണ് പിടിയിലായത്.
റഷീദിന്റെ 13000 രൂപ വിലയുള്ളതും അനാമുലിന്റെ 18000 രൂപ വിലവരുന്നതുമായ മൊബൈല്‍ ഫോണുകളാണ് മോഷ്ടിക്കപ്പെട്ടത്, റഷീദിന്റെ 600 രൂപയും നഷ്ടമായി.
റഷീദുല്‍ ഇസ്ലാമിന്റെ പരാതിപ്രകാരം കേസെടുത്ത ആറന്മുള പോലീസ്, നാട്ടുകാര്‍ തടഞ്ഞുവച്ച മോഷ്ടാക്കളെ പുലര്‍ച്ചെ അഞ്ചോടെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇവര്‍ സഞ്ചരിച്ച മോട്ടോര്‍ സൈക്കിളും പിടിച്ചെടുത്തു.
ഇവര്‍ക്കെതിരേ മറ്റു മൂന്ന് മോഷണക്കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തായി പോലീസ് പറഞ്ഞു. എസ്ഐ അലോഷ്യസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തി മോഷ്ടാക്കളെ അറസ്റ്റ് ചെയ്തത്. സംഘത്തില്‍ എഎസ്ഐമാരായ അജി, വിനോദ് തുടങ്ങിയവരും ഉണ്ടായിരുന്നു.