ആരെയും കുറ്റപ്പെടുത്താനും പഴിക്കാനുമില്ല, ഫാത്തിമ ബീവി ആദരിക്കപ്പെടേണ്ട വ്യക്തിത്വം: ശ്രീധരന്‍പിള്ള
1373690
Monday, November 27, 2023 12:47 AM IST
പത്തനംതിട്ട: കേരളത്തിനു ലോകത്തിന്റെ മുന്നില്‍ അഭിമാനകരമായി ഉയര്‍ത്തിപ്പിടിക്കാവുന്ന മഹത് വ്യക്തികളുടെ പേരുകളും ചരിത്രവും വിസ്മൃതിയിലേക്കു പോയോയെന്നു സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള. കഴിഞ്ഞദിവസം അന്തരിച്ച ജസ്റ്റീസ് ഫാത്തിമ ബീവിയുടെ പത്തനംതിട്ടയിലെ വസതിയിലെത്തി അനുശോചനം അറിയിച്ചശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജസ്റ്റീസ് അന്നാ ചാണ്ടി, ഫാത്തിമ ബീവി തുടങ്ങിയ പേരുകള്‍ ലോകത്തിനു മുമ്പില്‍ കേരളത്തിന് എന്നും അഭിമാനമാണ്. പുതുതലമുറയ്ക്ക് ഇവരുടെ ചരിത്രം പകര്‍ന്നു കൊടുക്കേണ്ടതാണ്. ഫാത്തിമ ബീവിയുടെ പേരും ചരിത്രവും വിസ്മരിച്ചുകൂടാ.
ന്യായാധിപരംഗത്തു മാത്രമല്ല, ഭരണരംഗത്തും അവരുടെ പങ്ക് വലുതാണ്. അന്തിമോപചാരത്തിന് സംസ്ഥാന മന്ത്രിമാര്‍ ആരും എത്താതിരുന്നതു സംബന്ധിച്ച ചോദ്യത്തിന് ഒരു തര്‍ക്കത്തിലേക്ക് പോകാന്‍ തനിക്ക് ആഗ്രഹമില്ലെന്ന് ശ്രീധരന്‍പിള്ള മറുപടി നല്കി. ആദരവും അനാദരവും മാനസികാവസ്ഥയാണ്. ആരെയും പഴിക്കാനും കുറ്റപ്പെടുത്താനും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.