എംസിവൈഎം ഭദ്രാസന യുവജന സംഗമം
1339996
Tuesday, October 3, 2023 11:35 PM IST
സീതത്തോട്: മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ യുവജനപ്രസ്ഥാനമായ മലങ്കര കാത്തലിക് യൂത്ത് മൂവ്മെന്റിന്റെ സ്വർഗീയ മധ്യസ്ഥനായ വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ ഓർമതിരുനാളിനോടനുബന്ധിച്ച് യുവജന ദിനമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി എംസിവൈഎം പത്തനംതിട്ട ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ യുവജന സംഗമം എപിക് 2023 സീതത്തോട് സെന്റ് മേരീസ് പള്ളിയിൽ നടന്നു.
എംസിവൈഎം സഭാതല സമിതിയുടെ മുൻ ഡയറക്ടറും പത്തനംതിട്ട ഭദ്രാസനത്തിന്റെ പ്രൊക്കുറേറ്ററുമായ ഫാ. ഏബ്രഹാം മേപ്പുറത്ത് വിശുദ്ധ കുർബാനയ്ക്ക് മുഖ്യകാർമികനായിരുന്നു. ജയ്സൺ അറയ്ക്കൽ ക്ലാസ് നയിച്ചു.
തുടർന്ന് നടന്ന യുവജനദിന സമ്മേളനത്തിൽ എംസിവൈഎം പത്തനംതിട്ട ഭദ്രാസനത്തിന്റെ പ്രസിഡന്റ് അജോഷ് എം. തോമസ് അധ്യക്ഷതവഹിച്ചു . സീതത്തോട് വൈദിക ജില്ല വികാരി ഫാ. ഗീവർഗീസ് പാലമൂട്ടിൽ യുവജന സംഗമം ഉദ്ഘാടനം ചെയ്തു. മദർ തമീം എസ്ഐസി, ഫാ. ജോബ് പതാലിൽ, ഫാ. ഫിലിപ്പോസ് ചരിവ്പുരയിടത്തിൽ, സിസ്റ്റർ ജോവാൻ എസ്ഐസി, ഫാ. സ്കോട്ട് സ്ലീബാ പുളിമൂടൻ, സീതത്തോട് വൈദിക ജില്ലാ പ്രസിഡന്റ് നിബിൻ പി. സാമുവൽ, എംസിവൈഎം സഭാതല ജനറൽ സെക്രട്ടറി സുബിൻ തോമസ്, പത്തനംതിട്ട ഭദ്രാസന സമിതി ജനറൽ സെക്രട്ടറി ബിബിൻ ഏബ്രഹാം, അക്സ രാജൻ, ജിഷ ജോസ്, ജിറ്റി കെ. ഏബ്രഹാം എന്നിവർ പ്രസംഗിച്ചു. പൊതു സമ്മേളനത്തിനുശേഷം നടന്ന യുവജന റാലിയിൽ അഞ്ഞൂറോളം യുവജനങ്ങൾ പങ്കെടുത്തു.