ഇരുവെള്ളിപ്ര അടിപ്പാതയിലെ വെള്ളക്കെട്ടില്‍ കാര്‍ മുങ്ങി; യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപെട്ടു
1339990
Tuesday, October 3, 2023 11:35 PM IST
തിരുവല്ല: റെയില്‍വേ അടിപ്പാതയുടെ വെള്ളക്കെട്ടില്‍ അകപ്പെട്ട കാര്‍യാത്രികരായ കുടുംബാംഗങ്ങള്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. കാറിന്റെ പിന്‍സീറ്റിലിരുന്ന യുവതിയുടെ സമയോചിത ഇടപെടലിലൂടെയാണ് ദുരന്തം ഒഴിവായത്.
എംസി റോഡിനെയും ടികെ റോഡിനെയും ബന്ധിപ്പിക്കുന്ന തിരുമൂലപുരം - കറ്റോട് റോഡില്‍ ഇരുവള്ളിപ്ര റെയില്‍വേ അടിപ്പാതയില്‍ തിങ്കളാഴ്ച രാത്രി ഏഴോടെയാണ് കാര്‍ വെള്ളക്കെട്ടില്‍ അകപ്പെട്ടത്. കാര്‍ യാത്രക്കാരായ തിരുവന്‍വണ്ടൂര്‍ മരങ്ങാട്ടുമഠം കൃഷ്ണന് നമ്പൂതിരി, മകന് ശ്രീകുമാർ, ഭാര്യ സൂര്യ ശ്രീകുമാര്‍ എന്നിവരായിരുന്നു കാറിലുണ്ടായിരുന്നത്.
നാലു ദിവസമായി തോരാതെ പെയ്യുന്ന മഴയില്‍ അടിപ്പാതയില്‍ മഴവെള്ളം നിറഞ്ഞു കിടക്കുകയായിരുന്നു. ഇതറിയാതെ എത്തിയ കാര്‍യാത്രക്കാര്‍ അടിപ്പാതയിലേക്കു പ്രവേശിച്ച ഉടന്‍ കാര്നിന്നുപോകുകയും ബ്രേക്കിന്റെ ബന്ധം വേര്പെട്ടതിനേതുടര്ന്നു കാര്‍ വെള്ളക്കെട്ടിലേക്ക് ഒഴുകുകയുമായിരുന്നു. കാര്‍ പൂര്‍ണമായും മുങ്ങുന്നതിനിടയില്‍ പിന്നിലെ സീറ്റില്‍ ഇരുന്ന സൂര്യ ഡോര്‍ തുറന്നു പുറത്തേക്കിറങ്ങി.
തുടർന്ന് ഇതേ വാതിലിലൂടെതന്നെ മുമ്പില്‍ ഉണ്ടായിരുന്നവരും കാറില്‍ നിന്നും വെളിയിലേക്ക് ഇറങ്ങി രക്ഷപ്പെടുകയായിരുന്നു.
വെള്ളത്തില്‍ അകപ്പെട്ട ഇവര്‍ വിളിച്ചു കൂവിയതിനെത്തുടര്‍ന്ന് നാട്ടുകാര്‍ എത്തി രക്ഷപ്പെടുത്തുകയായിരുന്നു. ഫയര്‍ഫോഴ്സും സ്ഥലത്തെത്തിയിരുന്നു. പിന്നീട് ക്രെയിൻ ഉപയോഗിച്ചാണ് വാഹനം വെള്ളത്തിൽനിന്നു നീക്കിയത്. തിങ്കളാഴ്ച പകൽ ഒരു ജീപ്പും ഇതേ പാതയിൽ അപകടത്തിൽപെട്ടിരുന്നു.
കുറ്റൂർ അടിപ്പാതയിലും വെള്ളക്കെട്ട്
റെയില്‍പാത ഇരട്ടിപ്പിക്കലിനേതുടര്ന്ന് ക്രോസിംഗുകള്‍ ഒഴിവാക്കി അടിപ്പാത നിര്‍മിച്ചതിനു പിന്നാലെ മഴക്കാലത്ത് വെള്ളക്കെട്ട് സ്ഥിരം സംഭവമാണ്. ഇരുവെള്ളിപ്ര പാതയ്ക്കൊപ്പം കുറ്റൂർ - വള്ളംകുളം റോഡിലും അടിപ്പാതയിൽ വെള്ളക്കെട്ടാണ്. ഉന്നതനിലവാരത്തിൽ നിർമാണം നടത്തിയ കുറ്റൂർ റോഡിലും മഴ പെയ്തു കഴിഞ്ഞാൽ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്.
വെള്ളക്കെട്ട് ഒഴിവാക്കുന്നതിലേക്കു റെയില്‍വേയുടെ നേതൃത്വത്തില്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തിയെങ്കിലും അവയൊന്നും ഫലം കണ്ടില്ല. അടിപ്പാത താഴ്ന്നു കിടക്കുന്നതിനാൽ ചുറ്റുവട്ടത്തുനിന്നുള്ള നീരൊഴുക്ക് ഇവിടേക്കാണ്. വെള്ളം ഒഴുകിപ്പോകാൻ സംവിധാനമില്ലാത്തതിനാൽ ഇതു കെട്ടിക്കിടന്ന് അടിപ്പാത വെള്ളത്തിൽ മുങ്ങുകയാണ് പതിവ്. മഴ വെള്ളം നേരിട്ടു വീഴാതിരിക്കാൻ പാതകൾക്കു മുകളിൽ ആദ്യം മേൽക്കൂരയിട്ടു. പിന്നാലെ സമീപപ്രദേശങ്ങളിലെ വെള്ളം ഒഴുക്കി കളയാൻ ഓട നിർമിച്ചു.
അടിപ്പാതയിലേക്കെത്തുന്ന വെള്ളം ഓടകളിലേക്ക് ഒഴുക്കാൻ സംവിധാനമൊരുക്കി. കാൽനട യാത്രക്കാർക്കും ഇരുചക്രവാഹനയാത്രക്കാർക്കും കടന്നുപോകാൻ പ്രത്യേക പാത ഒരുക്കി.
റെയിൽവേ സാങ്കേതിക വിദഗ്ധർ അടക്കം പലതവണ സന്ദർശനം നടത്തിയാണ് അടിപ്പാതകളിലെ ക്രമീകരണം ചെയ്തത്. എന്നാൽ ഇപ്പോഴും പ്രശ്നങ്ങൾക്കു പരിഹാരം ആയിട്ടില്ല. അടിപ്പാതയില്‍ വെള്ളം നിറയുമ്പോള്‍ മുന്നറിയിപ്പ് നല്‍കാനും യാതൊരു സംവിധാനങ്ങളും ഇല്ല. തിരക്കേറിയ പാതയിലൂടെ നിരവധി യാത്രക്കാരാണ് ഈ ദിവസങ്ങളിലും കടന്നുവരുന്നത്.
താത്കാലികപാത തുറക്കണം
അടിപ്പാതകളിൽ അടിക്കടി ഉണ്ടാകുന്ന വെള്ളക്കെട്ട് പരിഹരിക്കാൻ റെയിൽവേ നടത്തിയ നിരവധി പരീക്ഷണങ്ങൾ പരാജയപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ മഴക്കാലത്ത് ബദൽ പാതകൾ തുറക്കണമെന്നാവശ്യം.
എംസി റോഡിനെയും ടികെറോഡിനെയും മറ്റു ഗ്രാമീണ പാതകളെയും ബന്ധിപ്പിച്ചുള്ള പാതകളിലാണ് റെയൽവേ അടിപ്പാതകൾ നിലവിലുള്ളത്.
വാഹന യാത്രക്കാർക്കും വാഹനങ്ങൾക്കും ഓരോ വെള്ളപ്പൊക്ക സമയത്തും ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടാകുന്ന സാഹചര്യത്തിൽ മുൻപുണ്ടായിരുന്ന ലെവൽ ക്രോസുകൾ വെള്ളപ്പൊക്ക സമയത്ത് മാത്രം തുറന്നു കൊടുക്കുന്ന രീതിയിലേക്കുള്ള സംവിധാനം ഉണ്ടാകണമെന്ന് യൂത്ത് ഫണ്ട് ജനറൽ സെക്രട്ടറി വി.ആർ. രാജേഷ് ആവശ്യപ്പെട്ടു.
ഇത് സംബന്ധിച്ച് എംപി, എംഎൽഎ തുടങ്ങി ജനപ്രതിനിധികളോടും ജില്ലാ കളക്ടർ റെയിൽവേ ഉദ്യോഗസ്ഥർ തുടങ്ങിയവരോടും നിരവധിതവണ ആവശ്യപ്പെട്ടിട്ടുള്ളതാണെന്നും രാജേഷ് പറഞ്ഞു.