മാർത്തോമ്മാ സഭയിലെ നിയുക്ത എപ്പിസ്കോപ്പമാരുടെ റന്പാൻസ്ഥാന നിയോഗശുശ്രൂഷ രണ്ടിന്
1339278
Friday, September 29, 2023 11:41 PM IST
പത്തനംതിട്ട: മലങ്കര മാർത്തോമ്മ സഭയിലെ നിയുക്ത എപ്പിസ്കോപ്പാമാരായ സജു സി. പാപ്പച്ചൻ, ഡോ. ജോസഫ് ദാനിയേൽ, മാത്യു കെ. ചാണ്ടി എന്നീ വൈദികരുടെ റമ്പാൻ നിയോഗ ശുശ്രൂഷ ഒക്ടോബർ രണ്ടിനു റാന്നി-പഴവങ്ങാടിക്കര ഇമ്മാനുവേൽ മാർത്തോമ്മാ പള്ളിയിൽ നടക്കും. റാന്നി-നിലയ്ക്കൽ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിലാണ് നിയോഗ ശുശ്രൂഷ ക്രമീകരിച്ചിരിക്കുന്നതെന്ന് ഭദ്രാസന സെക്രട്ടറി റവ. മാത്യു വർഗീസ് പത്രസമ്മേളനത്തിൽ പറഞ്ഞു.
രാവിലെ 7.45ന് പള്ളി അങ്കണത്തിൽ നിന്നു ഗായകസംഘാംഗങ്ങൾ, അല്മായ പ്രതിനിധികൾ, കൗൺസിൽ അംഗങ്ങൾ, വൈദികർ, സഭ-ഭദ്രാസന ഭാരവാഹികൾ, വികാരി ജനറാൾമാർ, ബിഷപ്പുമാർ എന്നിവർ ചേർന്ന് റന്പാൻ സ്ഥാനികളെ ദേവാലയത്തിലേക്കു സ്വീകരിക്കും. തുടർന്ന് വിശുദ്ധ കുർബാന. കുർബാനമധ്യേ സഭാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മ മെത്രാപ്പോലീത്തയുടെ കാർമികത്വത്തിൽ റന്പാൻ സ്ഥാന ശുശ്രൂഷ നിർവഹിക്കപ്പെടും.
ഡിസംബർ രണ്ടിന് തിരുവല്ലയിൽ നടക്കുന്ന എപ്പിസ്കോപ്പൽ സ്ഥാനാരോഹണ ശ്രുശ്രുഷയ്ക്കു മുന്നോടിയായാണ് റമ്പാൻ സ്ഥാന ശ്രുശ്രുഷ. 12 വർഷങ്ങൾക്കുശേഷമാണ് സഭയിൽ എപ്പിസ്കോപ്പൽ സ്ഥാനാരോഹണ ശുശ്രൂഷ നടക്കുന്നത്.
റാന്നി-നിലയ്ക്കൽ ഭദ്രാസനം രൂപീകൃതമായതിനുശേഷം ആദ്യമായി ഭദ്രാസന പരിധിയിലെ ഒരു ദേവാലയത്തിലെ അംഗമായ വൈദികൻ മേല്പട്ട സ്ഥാനത്തേക്കു തെരഞ്ഞെടുക്കപ്പെട്ടുവെന്ന പ്രത്യേകതയും ഇക്കുറിയുണ്ട്.
നിയുക്ത എപ്പിസ്കോപ്പ റവ.ഡോ. ജോസഫ് ദാനിയേലാണ് റാന്നി-നിലയ്ക്കൽ ഭദ്രാസനത്തിൽപെട്ട സീതത്തോട് കൊച്ചുകോയിക്കൽ ട്രിനിറ്റി മാർത്തോമ്മ ഇടവകാംഗം. ബിഷപ് സ്ഥാനത്തേക്ക് അഭിഷിക്തനാകുന്നയാൾ റന്പാൻ ആയിരിക്കണമെന്ന പാരന്പര്യമാണ് മലങ്കര സഭകളിലുള്ളത്.
ഇതിന്റെ ഭാഗമായാണ് നിയുക്ത എപ്പിസ്കോപ്പമാരായ വൈദികർക്ക് പൂർണ സന്യാസത്തിന്റെ റന്പാൻ പദവി നൽകുന്നത്. ഭദ്രാസന എപ്പിസ്കോപ്പ തോമസ് മാർ തിമോത്തിയോസ്, വികാരി ജനറാൾ റവ.ഡോ. ഈശോ മാത്യു എന്നിവരുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ പറഞ്ഞു.
വിവിധ സ്ഥലങ്ങളിൽ നിന്നു വരുന്നവരുടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് സ്ഥലങ്ങൾ ക്രമീകരിച്ചിട്ടുണ്ട്. പാർക്കിംഗ് ഇടങ്ങളിൽ നിന്നു ശുശ്രൂഷ നടക്കുന്ന ദേവാലയത്തിലേക്ക് പോകുന്നതിന് പ്രത്യേക വാഹനസൗകര്യവും ഉണ്ടായിരിക്കും.
പബ്ലിസിറ്റി ചെയർമാൻ റവ. തോമസ് പി. കോശി, കൺവീനർമാരായ ഏബ്രഹാം മാത്യു പനച്ചമൂട്ടിൽ, ഫ്രെഡി ഉമ്മൻ, മാത്യൂസൺ പി. തോമസ് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.