പൊന്തൻപുഴ സമരസമിതിയുടെ പ്രതിഷേധമാർച്ച് രണ്ടിന്
1339079
Thursday, September 28, 2023 11:59 PM IST
പെരുന്പെട്ടി: ഗാന്ധിജയന്തി ദിനത്തിൽ റാന്നി എംഎൽഎയുടെ ഓഫീസിലേയ്ക്ക് പൊന്തൻപുഴ സമരസമിതി പ്രതിഷേധ മാർച്ച് നടത്തും. പെരുമ്പെട്ടി-മണിമല വില്ലേജുകളിലേ 1198 കുടുംബങ്ങൾക്ക് കേരള ഭൂമിപതിവ് നിയമം അനുസരിച്ച് പട്ടയം അനുവദിക്കണമെന്നാണ് ആവശ്യം.
സർവേ ഉടൻ പൂർത്തിയാക്കുമെന്നു നിയമസഭയിൽ റവന്യൂ മന്ത്രി റാന്നി എംഎൽഎയ്ക്കു നൽകിയ ഉറപ്പ് പാലിച്ചിട്ടില്ല. അഞ്ചരവർഷമായി തുടരുന്ന പ്രക്ഷോഭത്തിന് ആസന്നമായ ലോകസഭാ തെരഞ്ഞെടുപ്പിനു മുന്പ് പരിഹാരം ഉണ്ടാക്കുക, കർഷകരുടെ ഭൂമി വനത്തിനു പുറത്താണെന്ന് വ്യക്തമായ രേഖകൾ ലഭ്യമായതു കണക്കിലെടുത്തു പട്ടയം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് കർഷകർ ഉന്നയിക്കുന്നത്.
പത്തനംതിട്ട ജില്ലയിലെ 6362 പട്ടയങ്ങൾക്ക് തടസമായിരിക്കുന്നത് വനത്തിൽ ഉൾപ്പെടാത്ത പെരുമ്പെട്ടിയിലെ 414 കർഷകരുടെ ഭൂമി വനം എന്ന തെറ്റിധാരണയിൽ ആ പട്ടികയിൽ ഉൾപ്പെടുത്തിയതാണ്. ഈ തെറ്റ് തിരുത്തിയാൽ മുഴുവൻ പട്ടയവും ലോക്സഭ തെരഞ്ഞെടുപ്പിനു മുന്പ് വിതരണം ചെയ്യാൻ കഴിയുമെന്നു സമരസമിതി ചൂണ്ടിക്കാട്ടി.
ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത മാർച്ച് ഉദ്ഘാടനം ചെയ്യും. പ്രഫ. കുസുമം ജോസഫ്, വി.എൻ. ഗോപിനാഥപിള്ള, ജെയ്സൺ ജോസഫ്, മിനി കെ. ഫിലിപ്പ്, പ്രദീപ് കുളങ്ങര, രാജഗോപാൽ വാകത്താനം, ടി.എം. സത്യൻ, ബിജു വി. ജേക്കബ്, സന്തോഷ് പെരുമ്പെട്ടി എന്നിവർ പ്രസംഗിക്കും.രാവിലെ പത്തിന് മുൻഎംഎൽഎ രാജു ഏബ്രഹാമിന്റെ വീട്ടപടിക്കൽ നിന്നാണ് മാർച്ച് ആരംഭിക്കുക.